
Malayali medical student murder case; ഹോസ്റ്റലിൽവച്ച് മലയാളി മെഡിക്കൽ വിദ്യാർഥിനി മർദനമേറ്റ് മരിച്ച കേസിൽ പ്രതിയായ സഹപാഠിക്ക് ഉസ്ബെക്കിസ്ഥാൻ കോടതി എട്ടര വർഷം തടവുശിക്ഷ വിധിച്ചതായി വിവരം. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനിൽ സാവരിയ ബസന്ത് (21) കൊല്ലപ്പെട്ട കേസിലാണ് മലപ്പുറം പുലാമന്തോൾ സ്വദേശിയായ സദറുൽ അനാമിന് (22) കോടതി ശിക്ഷ വിധിച്ചത്. ഉസ്ബെക്കിസ്ഥാനിൽ സാവരിയയുടെ കുടുംബം ഏർപ്പെടുത്തിയ അഭിഭാഷകനാണ് ശിക്ഷാവിധിയെക്കുറിച്ചുള്ള വിവരം അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഉസ്ബെക്കിസ്ഥാൻ ക്രിമിനൽ കോഡിലെ 104-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് തടവ് വിധിച്ചിരിക്കുന്നത്. പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും പ്രതി ഉസ്ബെക്കിസ്ഥാനിലെ ജയിലിൽ തന്നെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അഭിഭാഷകൻ വ്യക്തമാക്കിയതായി ബന്ധുക്കൾ അറിയിച്ചു. കേസിൽ കഴിഞ്ഞ മാസം സാവരിയയുടെ പിതാവിനെ വിസ്തരിച്ചിരുന്നു. എന്നാൽ വിധിന്യായത്തിന്റെ പകർപ്പ് കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, ശിക്ഷാവിധിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഹരിപ്പാട് പൊലീസിന്റെ വിശദീകരണം. ബസന്ത്–മിനി സുപ്രഭ ദമ്പതികളുടെ മകളായ സാവരിയ, ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ മെഡിസിൻ വിദ്യാർഥിനിയായിരുന്നു. ഹോസ്റ്റൽ സൗകര്യങ്ങൾ പരിമിതമായതിനാൽ സാവരിയയും സഹപാഠിയായ സദറുൽ അനാമും ഒരേ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു കൊലപാതകം നടന്നത്. ആദ്യ സെമസ്റ്റർ പരീക്ഷകൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സാവരിയ കൊല്ലപ്പെട്ടത്. ഹോസ്റ്റലിൽവച്ച് സദറുൽ അനാം സാവരിയയെ ക്രൂരമായി മർദിക്കുകയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്. സംഭവത്തിൽ സാവരിയയുടെ പിതാവ് നൽകിയ പരാതിയിൽ ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ ക്രൈംബ്രാഞ്ചാണ് ഈ കേസ് അന്വേഷിക്കുന്നത്. ഉസ്ബെക്കിസ്ഥാൻ കോടതി വിധിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളും രേഖകളും ലഭ്യമാക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.