കുവൈത്തിൽ സ്വകാര്യ ബസ് നിയന്ത്രണം: യാത്രാക്ലേശത്തിൽ വലഞ്ഞ് ഇന്ത്യൻ വിദ്യാർഥികളും നഴ്സുമാരും

Kuwait Private Bus Crackdown; ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾക്കും വാനുകൾക്കുമെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടപടി കർശനമാക്കിയതോടെ രാജ്യത്തെ പ്രവാസി സമൂഹം രൂക്ഷമായ യാത്രാക്ലേശത്തിൽ. നിയമനടപടി ഭയന്ന് നിരവധി സ്വകാര്യ വാഹനങ്ങൾ സർവീസ് നിർത്തിവെച്ചതോടെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ, നഴ്സുമാർ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരുടെ ദൈനംദിന യാത്രകൾ താറുമാറായിരിക്കുകയാണ്. അധികൃതരുടെ പരിശോധനയും നിയന്ത്രണങ്ങളും ശക്തമായതോടെ ആവശ്യത്തിന് ബസ്സുകളോ ഡ്രൈവർമാരോ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ, ബസ് സർവീസ് നടത്താൻ സാധിക്കില്ലെന്ന് വ്യക്തമാക്കി നിരവധി ഇന്ത്യൻ സ്കൂളുകൾ രക്ഷിതാക്കൾക്ക് അടിയന്തര സർക്കുലർ അയച്ചു. സ്വന്തമായി വാഹനങ്ങളില്ലാത്ത കുടുംബങ്ങളും ജോലിക്കാരായ രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ എത്തിക്കാൻ കഴിയാതെ വലിയ ബുദ്ധിമുട്ടിലാണ്. യാത്രാസൗകര്യമില്ലാത്തതിനാൽ സ്കൂളിൽ എത്താൻ കഴിയാത്ത വിദ്യാർഥികൾക്കായി ചില സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. നിയമപരമായി യാത്രക്കാരെ കൊണ്ടുപോകാൻ അനുമതിയുള്ള ട്രാൻസ്പോർട്ട് ഏജൻസികൾ ഏതൊക്കെയാണെന്ന കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും വ്യക്തത തേടുന്നുണ്ട്. വിദ്യാർഥികൾക്ക് പുറമെ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരെയും സ്വകാര്യ കമ്പനി ജീവനക്കാരെയും ഗതാഗത പ്രതിസന്ധി സാരമായി ബാധിച്ചു. ജോലിസ്ഥലങ്ങളിലേക്ക് എത്താൻ സ്വകാര്യ വാനുകളെയും ബസ്സുകളെയും ആശ്രയിച്ചിരുന്ന നൂറുകണക്കിന് പ്രവാസി ജീവനക്കാരാണ് ഇതോടെ പെരുവഴിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയത്. മറ്റു ആവശ്യങ്ങൾക്കായി എടുത്ത ലൈസൻസുകളുടെ മറവിൽ പണം ഈടാക്കി യാത്രക്കാരെയും തൊഴിലാളികളെയും നിയമവിരുദ്ധമായി കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി കർശനമാക്കിയത്. അനുവദിക്കപ്പെട്ട ലൈസൻസ് പരിധിക്ക് പുറത്ത് ബസ്സുകൾ ഓടിക്കുന്ന പ്രവാസികളെ നാടുകടത്തുന്നത് ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം വൻ തുക പിഴയും ഈടാക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy