
മലപ്പുറം എ.ആർ. നഗർ കുന്നുമ്പുറം ചെപ്യാലം ഗ്രാമത്തിന് ഇന്നലെ പുലർന്നത് കണ്ണീരിലും നടുക്കത്തിലുമാണ്. ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചതോടെ നാടിന്റെ പ്രിയപ്പെട്ട കുടുംബം തീരാദുഃഖത്തിലായി. മുസ്ലിം ലീഗ് നേതാവും വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, എ.ആർ. നഗർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ടി.കെ. മൊയ്തീൻകുട്ടിയുടെ പേരമക്കളായ ഇരട്ടസഹോദരങ്ങൾ മുഹമ്മദ് അഷ്മിൽ, മിസ്ന ജുബിൻ, പേരമകളുടെ മകൻ മൂന്നര വയസ്സുകാരൻ മുഹമ്മദ് ഫായിസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. മൊയ്തീൻകുട്ടിയുടെ മകൻ സിദ്ദീഖിന്റെ ഇരട്ട മക്കളാണ് അഷ്മിലും മിസ്നയും. സിദ്ദീഖിന്റെ മൂത്ത മകൾ ഫർസാനയുടെ മകനാണ് ഫായിസ്. വർഷങ്ങളായി പ്രവാസജീവിതം നയിക്കുന്ന സിദ്ദീഖിനെയും നാട്ടിൽനിന്ന് എത്തിയ ഭാര്യ ആരിഫയെയും കാണാനായി ആരിഫയുടെ സഹോദരി ഷാർജയിൽ എത്തിയിരുന്നു. സഹോദരിയുടെ കുട്ടിയെ ഷാർജയിലെ താമസസ്ഥലത്ത് എത്തിച്ചശേഷം ഫുജൈറയിലേക്ക് മടങ്ങുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അഷ്മിലാണ് വാഹനം ഓടിച്ചിരുന്നത്.
അപകടസമയത്ത് മരിച്ച മൂന്നുപേർക്കു പുറമെ ആരിഫ, ഫർസാന, ഫർസാനയുടെ മറ്റു രണ്ട് മക്കൾ എന്നിവരും കാറിലുണ്ടായിരുന്നു. സിദ്ദീഖിന്റെ നാല് മക്കളിൽ ഇരട്ടകളായ അഷ്മിലും മിസ്നയും പത്താം ക്ലാസ് വരെ ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. പിന്നീട് പിതാവിനൊപ്പം പ്രവാസലോകത്തെത്തി. ഉപരിപഠനം തുടരുകയായിരുന്ന അഷ്മിൽ ബിബിഎയ്ക്കും മിസ്ന ബിസിഎയ്ക്കുമാണ് പഠിച്ചിരുന്നത്. മൂത്ത മകൻ അജ്മൽ ഫുജൈറയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ്. ഫർസാനയും ഭർത്താവ് കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂർ സ്വദേശി നാലകത്ത് മുഹമ്മദ് ഫാസിലും ഫുജൈറയിലാണ് താമസം. റിട്ട. അധ്യാപകനായ ടി.കെ. മൊയ്തീൻകുട്ടി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നാട്ടിൽ വിശ്രമജീവിതം നയിക്കുകയാണ്. കുടുംബത്തിലെ മൂന്ന് ഇളംജീവനുകൾ ഒരുമിച്ച് പൊലിഞ്ഞതിന്റെ ആഘാതത്തിലാണ് ബന്ധുക്കളും നാട്ടുകാരും. പ്രവാസലോകത്തുനിന്നെത്തിയ ദുരന്തവാർത്ത ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t