യുഎഇയിലെ മുസ്‌ലിം ഇതര ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ; കടുത്ത പിഴ, ആവർത്തിച്ചാൽ മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടൽ!

യുഎഇയിലെ മുസ്‌ലിം ഇതര ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പുതിയ നിയമലംഘന വിജ്ഞാപനം. ആരാധനാലയങ്ങളുടെ നടത്തിപ്പ്, സാമ്പത്തിക ഇടപാടുകൾ, വിദേശ സംഘടനകളുമായുള്ള ബന്ധം, മതപരമായ ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് 24 വിഭാഗം നിയമലംഘനങ്ങളാണ് പുതിയ ചട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 5,000 ദിർഹം മുതൽ 7.5 ലക്ഷം ദിർഹം വരെ പിഴ ചുമത്തുന്നതിനൊപ്പം ആവർത്തിച്ചുള്ള വീഴ്ചകളിൽ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാനും വ്യവസ്ഥയുണ്ട്. വിദേശ രാജ്യങ്ങളിലെ ആരാധനാലയങ്ങളുമായോ സംഘടനകളുമായോ സഹകരിച്ച് യോഗങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുക, നയതന്ത്ര സ്ഥാപനങ്ങളുമായി അനുമതിയില്ലാതെ ബന്ധപ്പെടുക തുടങ്ങിയവയ്ക്കാണ് ഏറ്റവും ഉയർന്ന പിഴയായ 7.5 ലക്ഷം ദിർഹം വരെ നിശ്ചയിച്ചിരിക്കുന്നത്. വിദേശത്തുനിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നതിന് 1 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെയും രാജ്യത്തിന് പുറത്തേക്ക് പണം അയക്കുന്നതിന് 50,000 മുതൽ 2.5 ലക്ഷം ദിർഹം വരെയും പിഴ ഈടാക്കും. അനുമതി ലഭിച്ച കെട്ടിടത്തിന്റെ പരിസരത്തിന് പുറത്തായി മതപരമായ ചടങ്ങുകളോ ആചാരങ്ങളോ സംഘടിപ്പിച്ചാൽ 1 ലക്ഷം മുതൽ 4 ലക്ഷം ദിർഹം വരെ പിഴ ചുമത്തും.

മതപരമായ ചടങ്ങുകൾ മൂലം മറ്റുള്ളവർക്ക് ശാരീരിക പരുക്കോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായാൽ ആദ്യ തവണ 1 ലക്ഷം ദിർഹം പിഴ ലഭിക്കും. സമാനമായ നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ പ്രവർത്തനം മൂന്നു മാസത്തേക്ക് തടയാനും കഴിയും. ആരാധനാലയങ്ങളുടെ സാമ്പത്തിക ഇടപാടുകൾക്കും പ്രത്യേക നിയന്ത്രണങ്ങളുണ്ട്. യുഎഇയിലെ ബാങ്കുകളിൽ ഔദ്യോഗിക അക്കൗണ്ട് തുറക്കാതിരിക്കുക, ബാങ്കിൽ നിക്ഷേപിക്കുന്നതിന് മുമ്പ് പണം ചെലവഴിക്കുക, മാധ്യമങ്ങളിലൂടെയോ സമൂഹമാധ്യമങ്ങളിലൂടെയോ അനുമതിയില്ലാതെ സംഭാവന ശേഖരിക്കുകയോ ഫണ്ട് പിരിവ് പരസ്യപ്പെടുത്തുകയോ ചെയ്യുക എന്നിവയും നിയമലംഘനങ്ങളാണ്.

ലൈസൻസ് പുതുക്കാതിരിക്കുക, അധികൃതർ നിശ്ചയിച്ച സൂപ്പർവൈസറില്ലാതെ പ്രവർത്തിക്കുക തുടങ്ങിയ വീഴ്ചകൾക്ക് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകും. തുടർന്നും നിയമം പാലിക്കാത്ത പക്ഷം 5,000 മുതൽ 50,000 ദിർഹം വരെ പിഴ ചുമത്തും. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിന് 10 മുതൽ 60 ദിവസം വരെ സമയവും അനുവദിക്കും. അതേസമയം, ചുമത്തിയ പിഴയോ മറ്റ് നടപടികളോ അംഗീകരിക്കാത്ത ആരാധനാലയങ്ങൾക്ക് ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബന്ധപ്പെട്ട അധികൃതർക്ക് അപ്പീൽ നൽകാം. നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കുന്ന അപ്പീലുകൾ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy