രാത്രിയിലെ യാത്ര ദുരന്തമായി;യുഎഇയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, രണ്ട് മരണം

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. യുഎഇ പൗരനായ 28കാരനും 16കാരനായ അറബ് വംശജനായ കൗമാരക്കാരനുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് പരുക്കേറ്റു.

തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. വിവരം ലഭിച്ചതിന് പിന്നാലെ ഫുജൈറ പൊലീസും നാഷണൽ ആംബുലൻസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രികാല യാത്രകളിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഫുജൈറ പൊലീസ് മുന്നറിയിപ്പ് നൽകി.

റോഡരികിലോ ഗതാഗത പാതയ്ക്ക് സമീപമോ നിർത്തിയിട്ടിരിക്കുന്ന ലോറികളും മറ്റ് വാഹനങ്ങളും അപകടസാധ്യത ഉയർത്തുന്ന സാഹചര്യത്തിൽ വേഗത കുറയ്ക്കുകയും മതിയായ സുരക്ഷാ അകലം പാലിക്കുകയും വേണമെന്ന് അധികൃതർ വ്യക്തമാക്കി. പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങളും മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പെടെയുള്ള ശ്രദ്ധതിരിക്കുന്ന പ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

രാത്രിയിലെ കാഴ്ചപരിമിതിയും റോഡിലെ അപ്രതീക്ഷിത തടസ്സങ്ങളും കണക്കിലെടുത്ത് വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണമെന്ന ഓർമപ്പെടുത്തലായാണ് ഈ അപകടത്തെ അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy