മൊബൈൽ ഫോൺ വില്ലനായി; ദുബായ്-അൽ ഐൻ റോഡിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; കർശന മുന്നറിയിപ്പുമായി പോലീസ്

Dubai-Al Ain Road accident; ദുബായ്-അൽ ഐൻ റോഡിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അപകടം നടന്നത് എപ്പോഴാണെന്നോ, വാഹനങ്ങൾ ഏതൊക്കെയെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ ദുബായ് പോലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും, വാഹനമോടിക്കുന്നതിനിടെ ഡ്രൈവർമാരിൽ ഒരാൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ശ്രദ്ധ തിരിഞ്ഞതാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ രണ്ട് പേർക്കും അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വലിയ ശ്രദ്ധക്കുറവിന് കാരണമാവുകയും, അത് റോഡപകടങ്ങളിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നുമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡ്രൈവർമാരുടെ ഏകാഗ്രതയെയും ശ്രദ്ധയെയും മൊബൈൽ ഫോൺ ഉപയോഗം നേരിട്ട് ബാധിക്കുമെന്നും, അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കാനുള്ള ഡ്രൈവർമാരുടെ കഴിവ് ഇതിലൂടെ കുറയുമെന്നും ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. നിമിഷനേരത്തെ ഫോൺ ഉപയോഗം പോലും ഗുരുതരമായ അപകടത്തിന് കാരണമായേക്കാമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഡ്രൈവർമാർ എപ്പോഴും റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഓർമ്മിപ്പിച്ചു.
വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും നീക്കങ്ങൾ ശ്രദ്ധിക്കണമെന്നും, ട്രാഫിക് സിഗ്നലുകളും ചിഹ്നങ്ങളും കൃത്യമായി പാലിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പെട്ടെന്ന് ട്രാഫിക് തടസ്സപ്പെടുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy