മലയാളിയെ യുഎഇയിൽ നിന്ന് നാടുകടത്തി: നീക്കം വേഗത്തിലാക്കി ‘ഭാരത്പോൾ’, ഡൽഹി പൊലീസിന് ചരിത്രനിമിഷം

ഡൽഹിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ കണ്ണൂർ സ്വദേശി സജീർ പള്ളിമൂപ്പനെ യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. ഡൽഹി പൊലീസും സിബിഐയും ഇന്റർപോളും യുഎഇ അധികൃതരും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് നടപടി. നവംബർ നാലിന് യുഎഇ അധികൃതർ കൈമാറിയ ഇയാളെ ഡൽഹി പൊലീസ് സംഘം ഇന്ത്യയിലെത്തിച്ചു.
ജ്വല്ലറി സ്ഥാപനത്തിലെ മുൻ മാനേജരായ 38കാരനെതിരെ 2025 ഒക്ടോബറിലാണ് കേസ് ഉയർന്നത്. സ്ഥാപനത്തിലെ ജീവനക്കാരുടെ ജന്മദിനാഘോഷത്തിനിടെ 20 വയസ്സുള്ള സഹപ്രവർത്തകയ്ക്ക് മദ്യവും ലഹരിവസ്തുക്കളും നൽകിയശേഷം ഡൽഹിയിലെ കരോൾ ബാഗിലുള്ള ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ യുവതി ആദ്യം സ്ഥാപന അധികൃതർക്കാണ് പരാതി നൽകിയത്. പിന്നീട് ഡൽഹി പൊലീസിനെ സമീപിച്ചതോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അന്വേഷണം നടക്കുന്നതിനിടെ സജീർ 2026 ജനുവരി അഞ്ചിന് ഇന്ത്യ വിട്ട് യുഎഇയിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. ഇയാൾ ദുബായിൽ പ്ലംബിങ് ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. സിബിഐയുടെ ഭാരത്പോൾ സംവിധാനത്തിലൂടെയും വിവിധ കേന്ദ്ര ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിലൂടെയുമാണ് ഇയാളുടെ ഒളിയിടം കണ്ടെത്തിയത്. അബുദാബിയിലെ ബന്ധപ്പെട്ട അധികാരികൾ നാടുകടത്തൽ നടപടിക്ക് അനുമതി നൽകിയതിനു പിന്നാലെ ഡൽഹി പൊലീസിന്റെ മൂന്നംഗ സംഘം യുഎഇയിലെത്തി. നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കേസിൽ തുടർനടപടികൾ പുരോഗമിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy