****INTERSTITIAL**** Header ====== body ===== ****Bottom ANCHOR****
Posted By user Posted On

യുഎഇയിലെ പ്രവാസി മലയാളികൾക്ക് ഇ-പാസ്പോർട്ട് ഇനി എളുപ്പം! പുതിയ ഓൺലൈൻ പോർട്ടൽ ഇന്ന് മുതൽ, ഏങ്ങനെ അപേക്ഷിക്കാം

അബുദാബി ∙ യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് ഇ-പാസ്പോർട്ട് നേടാൻ അവസരമൊരുക്കി ഇന്ത്യൻ എംബസി. എംബസിയുടെ പരിഷ്കരിച്ച പാസ്പോർട്ട് സേവ പോർട്ടലിലാണ് (PSP) പുതിയ സൗകര്യം ലഭ്യമാവുക. പാസ്പോർട്ട് ഉടമകളുടെ ഡിജിറ്റൽ വിവരങ്ങൾ അടങ്ങിയ ചിപ്പ് ഉൾപ്പെടുത്തിയതാണ് ഇ-പാസ്പോർട്ട്.

ഇ-പാസ്പോർട്ടിന്റെ സവിശേഷതകൾ:

ഇ-പാസ്പോർട്ട് കൈവശമുള്ളവർക്ക് ഒറിജിനൽ പാസ്പോർട്ട് കൈവശമില്ലെങ്കിൽ പോലും വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ ക്ലിയറൻസ് സുഗമമായി പൂർത്തിയാക്കാൻ സഹായിക്കും.

അപേക്ഷിക്കേണ്ട വിധം:

പുതിയ ഇ-പാസ്പോർട്ടിനായി https://mportal.passportindia.gov.in/gpsp/AuthNavigation/Login വഴി അപേക്ഷ സമർപ്പിക്കാം.

പുതിയ പോർട്ടലിന്റെ പ്രത്യേകത:

പുതിയതായി പരിഷ്കരിച്ച ജി.പി.എസ്.പി 2.0 പോർട്ടലിലൂടെ ബി.എൽ.എസ്. സെന്ററുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ കഴിയും. അപേക്ഷയോടൊപ്പം ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഫോട്ടോ, ഒപ്പ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ പി.എസ്.പി. പോർട്ടലിൽ അപ്ലോഡ് ചെയ്യണം.

ചെറിയ തിരുത്തലുകൾക്ക് വീണ്ടും അപേക്ഷ വേണ്ട: അപേക്ഷയിലെ ചെറിയ തിരുത്തലുകൾക്കായി ഇനി ബി.എൽ.എസ്. സെന്ററുകളിൽ വീണ്ടും അപേക്ഷ നൽകേണ്ടതില്ല. പുതിയ സംവിധാനത്തിലൂടെ നിലവിൽ നൽകിയ അപേക്ഷ ഓൺലൈനായി തിരുത്താൻ കഴിയും. ഇതിന് അധിക ഫീസ് ഈടാക്കില്ല.

അപേക്ഷ സമർപ്പിക്കാനുള്ള ഘട്ടങ്ങൾ:

ആദ്യം വെബ്സൈറ്റിൽ പ്രവേശിച്ച് ‘രജിസ്റ്റർ’ ലിങ്കിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കുക.

തുടർന്ന്, ലഭിച്ച ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

ഇത് വഴി അപേക്ഷകന്റെ ഹോം പേജിലെത്തും. ഇവിടെ പുതിയ അപേക്ഷ സമർപ്പിക്കാനുള്ള അവസരം ലഭിക്കും.

അപേക്ഷ വിജയകരമായി പൂർത്തിയാക്കിയ ശേഷം ഓൺലൈൻ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കുക.

ശേഷം, മുകളിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ബി.എൽ.എസ്. കേന്ദ്രത്തിലേക്കുള്ള അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.

ഒക്ടോബർ 28 മുതൽ പുതിയ പോർട്ടൽ സേവനങ്ങൾ പ്രവാസികൾക്ക് ലഭ്യമാകും. ഐ.സി.എ.ഒ. മാനദണ്ഡങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ https://www.indembassyuae.gov.in/pdf/Guidelines-for-ICAO-Compliant-Photographs-for-Passport-Applications-new.pdf എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ഉറ്റവരെ കാത്ത് യുഎഇ മോർച്ചറിയിൽ 3 മാസം, പൊതുശ്മശാനത്തിൽ അടക്കാൻ ഒരുങ്ങി: ഒടുവിൽ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക്

ഷാർജ ∙ അവകാശികളില്ലാതെ ഷാർജ പൊതുശ്മശാനത്തിൽ സംസ്കരിക്കാനിരുന്ന പത്തനംതിട്ട സ്വദേശിയായ മലയാളി യുവാവിന്റെ മൃതദേഹം എസ്.എൻ.ഡി.പി യു.എ.ഇ സേവനം പ്രവർത്തകരുടെ സമയോചിത ഇടപെടലിലൂടെ നാട്ടിലെത്തിച്ചു സംസ്കരിക്കാൻ വഴി തുറന്നു.

പത്തനംതിട്ട കുമ്പഴ മിനി ഭവനിൽ ദിവാകരന്റെ മകൻ ജിനു രാജിന്റെ (42) മൃതദേഹമാണ് കഴിഞ്ഞ മൂന്ന് മാസമായി ഷാർജ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. നാട്ടിലുള്ള സഹോദരി ജിജുമോൾ ഉൾപ്പെടെയുള്ള ബന്ധുക്കൾ മാസങ്ങളായി ജിനു രാജിനെ അന്വേഷിക്കുന്നതിനിടയിലാണ് എസ്.എൻ.ഡി.പി യു.എ.ഇ പ്രവർത്തകർക്ക് മൃതദേഹം മോർച്ചറിയിലുണ്ടെന്ന നിർണായക വിവരം ലഭിക്കുന്നത്.

ജോലി നഷ്ടവും സാമ്പത്തിക തട്ടിപ്പും:

2007 മുതൽ യു.എ.ഇയിലുള്ള ജിനു രാജ് 2019-ലാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. ഡ്രൈവർ, സെയിൽസ് ജോലികൾ ചെയ്തിരുന്ന ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. റഷ്യയിലേക്കുള്ള യാത്രയ്ക്കും യു.എ.ഇയിൽ മറ്റൊരു ജോലിക്കുമായി മലയാളി സുഹൃത്തുക്കൾക്ക് അഞ്ച് ലക്ഷത്തോളം രൂപ ജിനു നൽകിയിരുന്നതായി സഹോദരി ജിജുമോൾ പറഞ്ഞു. ഈ ജോലികൾ ഒന്നും ശരിയാകാതെ വന്നതിലും പണം തിരികെ ലഭിക്കാത്തതിലുമുള്ള കടുത്ത മനോവിഷമത്തിലായിരുന്നു ജിനു.

2025 ജൂലൈ 14-നാണ് ജിനു രാജ് അവസാനമായി സഹോദരിയുമായി ഫോണിൽ സംസാരിച്ചത്. അതിനുശേഷം വിവരമൊന്നും ലഭിക്കാത്തതിനാൽ യു.എ.ഇയിൽ അറിയുന്നവർ വഴി അന്വേഷിച്ചെങ്കിലും ട്രാഫിക് നിയമലംഘനത്തിന് ജയിലിലാണെന്ന തെറ്റായ വിവരമാണ് ലഭിച്ചത്.

എസ്.എൻ.ഡി.പി രക്ഷക്കെത്തി:

ഈ മാസം 23-ന് എസ്.എൻ.ഡി.പി യോഗം യു.എ.ഇ കോഓർഡിനേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി, സാമൂഹിക പ്രവർത്തകരായ ശ്രീധരൻ പ്രസാദ്, നിഹാസ് ഹാഷിം കല്ലറ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്.

റോഡിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് പോലീസ് ആംബുലൻസിൽ ഷാർജ കുവൈത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിനു രാജ് ജൂലൈയിൽ മരണപ്പെടുകയായിരുന്നു. മൂന്നു മാസത്തിനുള്ളിൽ അവകാശികൾ എത്തിയില്ലെങ്കിൽ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കുകയാണ് പതിവെന്ന് എസ്.എൻ.ഡി.പി യു.എ.ഇ വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ് പറഞ്ഞു. മൃതദേഹം തിങ്കളാഴ്ച അവിടെ സംസ്കരിക്കുന്നതിന് കോടതി ഉത്തരവും നിലവിലുണ്ടായിരുന്നു.

നാട്ടിലേക്ക്, കുടുംബത്തിന്റെ അടുത്തേക്ക്:

കുടുംബത്തിന്റെ അപേക്ഷ പ്രകാരം അധികൃതരുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ എസ്.എൻ.ഡി.പി പ്രവർത്തകർ വേഗത്തിൽ പൂർത്തിയാക്കി. മൃതദേഹം ചൊവ്വാഴ്ച രാത്രി ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിൽ നാട്ടിലെത്തിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് കുമ്പഴയിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇ ദേശീയ ദിനാഘോഷം: 9 ദിവസം തുടർച്ചയായി അവധിക്ക് ചാൻസുണ്ട്! പ്രവാസികൾക്ക് വർഷാവസാന ബമ്പർ

ദുബായ് ∙ യുഎഇയിലെ പ്രവാസികൾ വർഷാവസാനം കാത്തിരിക്കുന്ന ഏറ്റവും വലിയ സന്തോഷവാർത്ത എത്തിക്കഴിഞ്ഞു. ഈ വർഷം രാജ്യത്ത് ഇനി അവശേഷിക്കുന്നത് ‘ഈദ് അൽ ഇത്തിഹാദിന്റെ’ (ദേശീയ ദിനാഘോഷം) പൊതു അവധി മാത്രമാണ്. സർക്കാർ-സ്വകാര്യ മേഖലകളിലെ അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ വർഷം നാലോ അഞ്ചോ ദിവസത്തെ നീണ്ട അവധി ലഭിക്കാൻ സാധ്യതയേറെയാണ്. അവധിക്ക് കാത്തിരിക്കുന്നവർക്ക് ഇത് ഇരട്ടി മധുരമാകും. ബാക്കിയുള്ള വാർഷിക അവധികൾ കൂടി ഉപയോഗിച്ച് നീണ്ട ആഘോഷത്തിന് ഇവിടെ അവസരമുണ്ട്.

ദേശീയ ദിനാഘോഷമായ ‘ഈദ് അൽ ഇത്തിഹാദ്’ ഡിസംബർ 2, 3 തീയതികളിലാണ്. ഈ വർഷം ഇത് ആഴ്ചയുടെ മധ്യത്തിലാണ് വരുന്നത്.

അഞ്ച് ദിവസത്തെ ലീവ് സാധ്യത: ഡിസംബർ 2 (ചൊവ്വ), 3 (ബുധൻ) എന്നീ ദിവസങ്ങളാണ് പൊതു അവധി. ഇത് ആഴ്ചയുടെ മധ്യത്തിൽ വരുന്നതിനാൽ, തിങ്കളാഴ്ചയും (ഡിസംബർ 1) അവധിയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, വാരാന്ത്യമായ ശനി, ഞായർ ദിവസങ്ങൾ (നവംബർ 29, 30) ഉൾപ്പെടെ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങൾ ചേർത്ത് അഞ്ച് ദിവസത്തെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.

ഒൻപത് ദിവസത്തെ ബമ്പർ ലീവ് എങ്ങനെ നേടാം?

യുഎഇ കാബിനറ്റ് റെസല്യൂഷൻ പ്രകാരം, ഈദ് അവധികളൊഴികെയുള്ള മറ്റ് പൊതു അവധികൾ വാരാന്ത്യത്തിനടുത്തേക്ക് മാറ്റാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ, ഡിസംബർ 2, 3 അവധികളിൽ ഒന്ന് തിങ്കളാഴ്ചയിലേക്ക് മാറ്റി നാല് ദിവസത്തെ അവധി ലഭിക്കാം.

ഈ സാഹചര്യത്തിൽ, ‘സാൻഡ്‌വിച്ച് ലീവ്’ എന്ന രീതി ഉപയോഗിച്ച് പ്രവാസികൾക്ക് രണ്ട് ദിവസം മാത്രം വാർഷിക അവധിയെടുത്താൽ തുടർച്ചയായി ഒൻപത് ദിവസത്തെ അവധി ആസ്വദിക്കാൻ സാധിക്കും.

അവധിയെടുക്കേണ്ട ദിവസങ്ങൾ: ഡിസംബർ 4 (വ്യാഴം), ഡിസംബർ 5 (വെള്ളി).

ലഭിക്കുന്ന അവധി: നവംബർ 29 (ശനി) മുതൽ ഡിസംബർ 7 (ഞായർ) വരെ.

തുടർച്ചയായ വാരാന്ത്യങ്ങൾക്കിടയിലുള്ള ദിവസങ്ങളിൽ വാർഷിക അവധിയെടുത്ത് വലിയ അവധിയാക്കി മാറ്റുന്ന ഈ ‘സാൻഡ്‌വിച്ച് ലീവ്’ രീതി, ശനിയും ഞായറുമാണ് വാരാന്ത്യമെങ്കിൽ (അല്ലെങ്കിൽ സർക്കാർ അവധി പോലെ വാരാന്ത്യം മാറ്റിയാൽ) പ്രയോജനപ്പെടുത്താം. അവസാന തീരുമാനം യുഎഇ സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനത്തെയും കമ്പനിയുടെ അവധി നയങ്ങളെയും ആശ്രയിച്ചിരിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പാസ്‌പോർട്ടിൽ ഒറ്റപ്പേര്; വിമാനത്തിൽ കയറ്റാതെ തടഞ്ഞു: യാത്രക്കാരന് വൻതുക നഷ്ടപരിഹാരം നൽകണം

ചെന്നൈ: പാസ്‌പോർട്ടിൽ ഒരൊറ്റ പേര് മാത്രമുണ്ടെന്ന കാരണം പറഞ്ഞ് വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ച സംഭവത്തിൽ ഗൾഫ് എയർ എയർലൈൻസിന് കനത്ത തിരിച്ചടി. സേവനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി യാത്രക്കാരന് നഷ്ടപരിഹാരമായി ₹1,10,000 രൂപയും ടിക്കറ്റ് തുകയും പലിശയും നൽകാൻ ചെന്നൈയിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. വേപ്പേരി സ്വദേശിയും മുൻ എം.എൽ.എ.യും അഭിഭാഷകനുമായ നിസാമുദ്ദീൻ നൽകിയ പരാതിയിലാണ് വിധി.

2023 ഫെബ്രുവരി 9-നാണ് കേസിനാസ്പദമായ സംഭവം. മോസ്‌കോയിൽ നിന്ന് ദുബായിലേക്ക് ഗൾഫ് എയർ വിമാനത്തിൽ അടുത്ത ദിവസം നടക്കാനിരുന്ന അത്യാവശ്യ മീറ്റിംഗിനായി യാത്ര ചെയ്യേണ്ടതായിരുന്നു നിസാമുദ്ദീന്. എന്നാൽ, മോസ്‌കോ വിമാനത്താവളത്തിൽ വെച്ച് എയർലൈൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ വിമാനത്തിൽ കയറുന്നതിൽ നിന്ന് തടഞ്ഞു. പാസ്‌പോർട്ടിൽ ഒരൊറ്റ പേര് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും, യു.എ.ഇ. ഗവൺമെൻ്റ് പുറത്തിറക്കിയ ഗ്രൗണ്ട് ഓപ്പറേഷൻസ് നോട്ടീസ് പ്രകാരം യാത്രക്ക് രണ്ട് വാക്കുകളുള്ള പേര് നിർബന്ധമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

എയർലൈൻ്റെ വീഴ്ചകൾ

തൻ്റെ പ്രശ്നത്തിന് വ്യക്തമായ മറുപടി നൽകാതെ ദീർഘനേരം കാത്തിരിപ്പിച്ചു എന്ന് നിസാമുദ്ദീൻ ആരോപിച്ചു. ടിക്കറ്റ് ബുക്കിംഗ് ഏജൻ്റിൻ്റെ പിഴവാണ് പ്രശ്നത്തിന് കാരണമെന്ന് ഗൾഫ് എയർ ജീവനക്കാർ വാദിച്ചു. എന്നാൽ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എന്തുകൊണ്ട് ഈ വിവരം അറിയിച്ചില്ലെന്ന് യാത്രക്കാരൻ ചോദിച്ചു. ഗൾഫ് എയറിൻ്റെ തടസ്സം കാരണം അതേ ദിവസം തന്നെ എയർ അറേബ്യ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്താണ് നിസാമുദ്ദീൻ ദുബായിൽ എത്തിയത്.

കമ്മീഷൻ്റെ കണ്ടെത്തൽ

സേവനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി നിസാമുദ്ദീൻ ചെന്നൈ (നോർത്ത്) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു. തെളിവുകൾ പരിശോധിച്ച കമ്മീഷൻ, യു.എ.ഇ. ഗവൺമെൻ്റ് നോട്ടീസിൽ ഒറ്റപ്പേര് മാത്രമുള്ള യാത്രക്കാർക്ക്, അവരുടെ പിതാവിൻ്റെ പേരോ കുടുംബപ്പേരോ പാസ്‌പോർട്ടിൻ്റെ മറ്റൊരു പേജിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ യാത്ര ചെയ്യാൻ അനുമതി നൽകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്ന് കണ്ടെത്തി. ഇത് ഗൾഫ് എയർ പാലിച്ചില്ല.

നഷ്ടപരിഹാരം

ഗൾഫ് എയറിൻ്റെ നടപടി യാത്രക്കാരന് സാമ്പത്തിക നഷ്ടവും മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കിയതായി കമ്മീഷൻ വിലയിരുത്തി.സേവനത്തിലെ വീഴ്ചക്ക് ₹1,00,000 രൂപ നഷ്ടപരിഹാരം. നിയമനടപടി ചെലവിനായി ₹10,000 രൂപ. യാത്രാടിക്കറ്റിന്റെ മുഴുവൻ തുകയും അതിന് 9% വാർഷിക പലിശയും. ഇങ്ങനെ മൊത്തം ₹1,10,000 രൂപയും ടിക്കറ്റ് തുകയും പലിശയും യാത്രക്കാരന് നൽകാനാണ് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടിട്ടുള്ളത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *