Posted By user Posted On

നെഞ്ചുവേദന ‘ഗ്യാസ് ‘ ആയി തള്ളിക്കളയല്ലേ! ഗൾഫിൽ പ്രവാസികളുടെ പെട്ടെന്നുള്ള മരണം കൂടുന്നു; കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് മലയാളികൾ മരണമടഞ്ഞു. ഈ ആഴ്ച മാത്രം ജിദ്ദയിൽ അഞ്ചോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുഴഞ്ഞുവീണും ഹൃദയാഘാതം സംഭവിച്ചുമാണ് മരണങ്ങൾ സംഭവിച്ചത്. മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശി പൊൻമുണ്ടം കുന്നത്ത് അബ്ദുൽ സലാം, വർക്കല സ്വദേശി ദിൽദാർ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മലയാളികൾ.

അബ്ദുൽ സലാം നാട്ടിലേക്കു പോകാനിരിക്കെ വെള്ളിയാഴ്ച്ചയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ ഇസിജി പരിശോധനയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർമാർ തിരിച്ചറിഞ്ഞു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു. ദിൽദാറും ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു. ഇസിജി എടുത്ത ശേഷം മരുന്ന് വാങ്ങുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്.

കോവിഡ്-ശേഷം പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ വർധിച്ചതായി സാമൂഹ്യപ്രവർത്തകർ വ്യക്തമാക്കുന്നു. അമിത മാനസിക സമ്മർദ്ദം, ജോലിയില്ലായ്മ, വ്യായാമക്കുറവ്, ഉറക്കക്കുറവ്, ഭക്ഷണത്തിലെ അനിയന്ത്രിതത്വം, ആരോഗ്യ പരിശോധനയിൽ അവഗണന എന്നിവയാണ് പ്രധാന കാരണങ്ങളെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗലക്ഷണങ്ങൾ വ്യക്തമായിട്ടും മരുന്ന് കഴിക്കാനോ ഡോക്ടറുടെ നിർദ്ദേശം പാലിക്കാനോ പലരും തയാറാകുന്നില്ലെന്ന് ജിദ്ദയിലെ പ്രശസ്ത ഡോക്ടർ വിനീത പിള്ള മനോരമ ഓൺലൈനിനോട് പറഞ്ഞു.

“ഹൃദയാഘാതത്തിന്റെ സൂചനയുണ്ടെന്ന് പറഞ്ഞാലും പലരും ‘നാട്ടിൽ പോയി ചികിത്സിക്കാം’ എന്ന നിലപാടിലാണ്. നെഞ്ചുവേദന വന്നാൽ അത് ‘ഗ്യാസ്’ ആണെന്ന് കരുതി അവഗണിക്കരുത്. ചെറുതായി തോന്നുന്ന വേദനകൾ പോലും ഗുരുതര രോഗത്തിന്റെ മുന്നറിയിപ്പ് ആയിരിക്കാം,” — ഡോ. വിനീത പിള്ള മുന്നറിയിപ്പ് നൽകി.

തനിക്കു സമീപകാലത്ത് ചികിത്സയ്‌ക്ക് എത്തിയ ഒരു രോഗിയെ കുറിച്ച് പറഞ്ഞ ഡോക്ടർ പറഞ്ഞു: “ചെറിയ നെഞ്ചുവേദനയ്ക്കു എന്തിന് ഇസിജി, രക്തപരിശോധന തുടങ്ങിയ പരിശോധനകൾ എന്ന് വാദിച്ച രോഗിയെ നിർബന്ധിച്ച് പരിശോധനയ്ക്ക് വിധേയനാക്കുമ്പോഴാണ് ഹൃദയാഘാതത്തിന്റെ ലക്ഷണം കണ്ടെത്തിയത്.”

പ്രവാസികൾക്ക് പൊതുവേ ഇൻഷുറൻസ് ലഭ്യമായതിനാൽ സമീപത്തെ ആശുപത്രികളിൽ പരിശോധന നടത്താൻ ബുദ്ധിമുട്ടില്ലെന്നും, നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങൾ വന്നാൽ തൽക്ഷണം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടർ ഉപദേശിച്ചു.

“മരുന്നുകൾ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനാണ്. ഷുഗറിനും കൊളസ്ട്രോളിനും മരുന്ന് കഴിക്കാൻ പലരും മടിക്കുന്നു; ഒരിക്കൽ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരുമെന്ന തെറ്റിദ്ധാരണയാണ് കാരണം. ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തണമെന്നും മുന്നറിയിപ്പുകൾ ഗൗരവത്തിൽ എടുക്കണമെന്നും ഡോ. വിനീത പിള്ള പറഞ്ഞു.”

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഹൃദയം തകർന്ന് കുടുംബം; എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ അനാസ്ഥ: പ്രവാസി നഴ്സിൻ്റെ മൃതദേഹം വിട്ടുകിട്ടാൻ അഞ്ചര മണിക്കൂർ വൈകി

സൗദി അറേബ്യയിൽ അന്തരിച്ച തമിഴ്നാട് സ്വദേശിനിയായ പ്രവാസി നഴ്‌സിന്റെ മൃതദേഹം ബെംഗളൂരു വിമാനത്താവളത്തിൽ ബന്ധുക്കൾക്ക് വിട്ടുകിട്ടാൻ അഞ്ചര മണിക്കൂർ വൈകിയതിൽ കടുത്ത പ്രതിഷേധം. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയാണ് ഈ ദുരിതത്തിന് കാരണമായതെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു.

തമിഴ്‌നാട് വെല്ലൂർ സ്വദേശിനി എയ്ഞ്ചലിൻ്റെ (26) മൃതദേഹമാണ് വിമാനത്താവളത്തിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. സൗദി അറേബ്യയിലെ അറാർ പ്രിൻസ് അബ്ദുൾ അസീസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു എയ്ഞ്ചൽ. പനിയും ഛർദ്ദിയും മൂലം ചികിത്സയിലിരിക്കെ, കഴിഞ്ഞ സെപ്റ്റംബർ 26-നാണ് ഹൃദയാഘാതത്തെ തുടർന്ന് എയ്ഞ്ചൽ അന്തരിച്ചത്. ഡിസംബറിൽ അവധിയെടുത്ത് നാട്ടിലെത്തി വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു അവർ.

രേഖകൾ കൈമാറാതെ വീഴ്ച; വിമാനത്താവളത്തിൽ പ്രതിഷേധം
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ അറാർ പ്രവാസി സംഘത്തിൻ്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ജീവനക്കാരി എന്ന നിലയിലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പത്ത് ദിവസത്തോളം വൈകിയെങ്കിലും, ലോക കേരള സഭാംഗം കൂടിയായ സക്കീർ താമരത്തിൻ്റെ നേതൃത്വത്തിൽ മറ്റ് കാര്യങ്ങൾ വേഗത്തിലാക്കി. വിമാനടിക്കറ്റിന് പണം തികയാതെ വന്നപ്പോൾ സഹപ്രവർത്തകർ തുക സമാഹരിച്ചാണ് ടിക്കറ്റ് എടുത്തതെന്ന് സക്കീർ താമരത്ത് അറിയിച്ചു.

അറാർ വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസിൽ റിയാദിലെത്തിച്ച മൃതദേഹം, അവിടെ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിലാണ് മുംബൈ വഴി ബെംഗളൂരുവിലെത്തിച്ചത്. എന്നാൽ, മൃതദേഹത്തോടൊപ്പം സൗദിയിൽ നിന്ന് കൊടുത്തുവിട്ട പ്രധാന രേഖകൾ മുംബൈ വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് അയക്കാൻ എയർ ഇന്ത്യ അധികൃതർ ശ്രദ്ധിച്ചില്ല. രേഖകൾ ലഭിച്ചശേഷം മാത്രമേ മൃതദേഹം വിട്ടുനൽകാൻ സാധിക്കൂ എന്ന് ബെംഗളൂരുവിലെ ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചതോടെ കുടുംബാംഗങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലായി. തുടർന്ന്, കാർഗോ ഏജൻസികളുമായി നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിൽ അഞ്ചര മണിക്കൂർ വൈകിയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടിയത്. എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ ഈ അനാസ്ഥ കുടുംബത്തിന് കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് പ്രധാന ആരോപണം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഇനി നിങ്ങളുടെ വാട്‌സ്ആപ്പില്‍ ഫേസ്ബുക്ക് പ്രൊഫൈലും ലിങ്കും ചെയ്യാം; പുതിയ മാറ്റവുമായി മെറ്റ

മെറ്റയുടെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും പരസ്പരം ബന്ധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി, വാട്‌സ്ആപ്പില്‍ ഉടന്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്ക് ചെയ്യാനുള്ള സൗകര്യം വരുന്നു. ഇതിനകം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ലിങ്ക് ചെയ്യാനുള്ള ഫീച്ചര്‍ ലഭ്യമായിരുന്നു. അതേ രീതിയില്‍ ഇനി ഫേസ്ബുക്ക് പ്രൊഫൈലും വാട്‌സ്ആപ്പ് പ്രൊഫൈല്‍ പേജില്‍ നേരിട്ട് ബന്ധിപ്പിക്കാനാകും. നിലവില്‍ ഈ ഫീച്ചര്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്കാണ് ലഭ്യമെന്ന് WABetaInfo റിപ്പോര്‍ട്ട് ചെയ്തു.

പുതിയ ഫീച്ചര്‍ വഴി വാട്‌സ്ആപ്പ് പ്രൊഫൈല്‍ പേജില്‍ ‘Add Facebook Profile’ എന്ന ഓപ്ഷന്‍ കാണാനാകും. ഇത് തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ ലിങ്ക് വാട്‌സ്ആപ്പ് അക്കൗണ്ടുമായി ബന്ധിപ്പിക്കാം. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ലിങ്ക് സൗകര്യത്തിന് പിന്നാലെയാണ് ഇത് വരുന്നത്. മെറ്റയുടെ ഇക്കോസിസ്റ്റം ഏകീകരിക്കാനും, ഐഡന്‍റിറ്റി വെരിഫിക്കേഷന്‍ എളുപ്പമാക്കാനും, വിവിധ പ്ലാറ്റ്‌ഫോമുകള്‍ തമ്മില്‍ വേഗത്തിലുള്ള കണക്ഷന്‍ സജ്ജമാക്കാനുമാണ് ഈ നീക്കം. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പിലാണ് ഈ സവിശേഷത പരീക്ഷണം നടത്തിയത്.

വെരിഫിക്കേഷനും ഓപ്ഷനുകളും

ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്ക് ചേര്‍ത്താല്‍ അത് വാട്‌സ്ആപ്പ് പ്രൊഫൈലില്‍ ദൃശ്യമാകും. എങ്കിലും ഈ സൗകര്യം പൂർണമായും ഓപ്ഷനലാണ് — ലിങ്ക് ചെയ്യണമെന്ന നിർബന്ധമില്ല. ലിങ്ക് ചെയ്‌ത ശേഷം, മെറ്റ അക്കൗണ്ട് സെന്റർ വഴി ഇരു അക്കൗണ്ടുകളും ഒരേ വ്യക്തിയുടേതാണെന്ന് വെരിഫൈ ചെയ്യാനുള്ള സൗകര്യവും ലഭിക്കും.

വെരിഫൈ ചെയ്‌ത അക്കൗണ്ടുകള്‍ക്ക് യൂസര്‍ നെയിമിന് സമീപം ചെറിയ ഫേസ്ബുക്ക് ഐക്കൺ പ്രദർശിപ്പിക്കും. അതേസമയം, വെരിഫൈ ചെയ്യാത്ത ലിങ്കുകൾ വേറിട്ട രീതിയിൽ പ്രദർശിപ്പിക്കപ്പെടും. നിലവിൽ വെരിഫൈഡ് സോഷ്യൽ മീഡിയ ലിങ്കുകൾ ബന്ധിപ്പിക്കാനുള്ള സൗകര്യം വാട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കൾക്കാണ് ഉണ്ടായിരുന്നത്. സാധാരണ ഉപയോക്താക്കളിലേക്കാണ് ഈ ഫീച്ചർ ഇപ്പോൾ എത്തുന്നത്. വേഗത്തിൽ ഈ പുതിയ ഫീച്ചർ ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്കായി പൊതുവായി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *