
അന്യപുരുഷന്മാർ തൊടരുതെന്ന് താലിബാൻ നിയമം; അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ കുടുങ്ങി നിരവധി സ്‌ത്രീകൾ
കാബുള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 2,200 കടക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തതോടെ ഏറ്റവും ദുരിതത്തിലായത് അഫ്ഗാൻ സ്ത്രീകൾ. താലിബാൻ ഏർപ്പെടുത്തിയ കടുത്ത നിയമങ്ങളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അഫ്ഗാൻ രീതികളും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസമായി. ഈ നിയമങ്ങൾ കാരണം സ്ത്രീകളെ രക്ഷാപ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കുകയോ അല്ലെങ്കിൽ അവരെ രക്ഷിക്കാൻ വൈകുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകൾ വരുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ നടപ്പിലാക്കിയ കർശനമായ സാംസ്കാരിക, മതപരമായ നിയമങ്ങൾ അനുസരിച്ച്, ഒരു സ്ത്രീയെ അവളുടെ അടുത്ത പുരുഷ ബന്ധുവായ അച്ഛനോ, സഹോദരനോ, ഭർത്താവോ, മകനോ മാത്രമേ സ്പർശിക്കാൻ പാടുള്ളൂ.
അതുപോലെ, സ്ത്രീകൾക്ക് അവരുടെ കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരെ സ്പർശിക്കുന്നതിനും വിലക്കുണ്ട്. സ്ത്രീകളെ വൈദ്യവിദ്യാഭ്യാസത്തിൽ നിന്നും മറ്റ് പൊതു ഇടങ്ങളിൽ നിന്നുമുള്ള താലിബാൻ വിലക്കിയതിനാല്‍ രാജ്യത്ത് വനിതാ രക്ഷാപ്രവർത്തകർ ഇല്ല. ഇത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷാപ്രവർത്തകർക്ക് തൊടാൻ കഴിയാത്തതിനാൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടായി.”അവർ ഞങ്ങളെ ഒരു മൂലയിൽ ഉപേക്ഷിച്ചു, ഞങ്ങളെ മറന്നു,” അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലെ ഗ്രാമത്തിൽ ഭൂകമ്പം ഉണ്ടായി 36 മണിക്കൂറിന് ശേഷം രക്ഷാപ്രവർത്തകർ എത്തിയതിനെക്കുറിച്ച് ബിബി ആയിഷ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
പുരുഷന്മാരെയും കുട്ടികളെയും ആദ്യം ചികിത്സിച്ചപ്പോൾ, സ്ത്രീകൾ അകലെയിരുന്ന് കാത്തിരിക്കുകയായിരുന്നു. കൂടെ ഒരു പുരുഷ ബന്ധു ഇല്ലെങ്കിൽ മരിച്ച സ്ത്രീകളെ ശരീരത്തിൽ സ്പർശിക്കാതെ വസ്ത്രത്തിൽ പിടിച്ച് വലിച്ചാണ് പുറത്തെടുത്തതെന്നും അവര്‍ കൂട്ടിച്ചേർത്തു.
അഫ്ഗാനില്‍ റിക്ടര്‍ സ്കെയിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2,200-ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 3,600 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ദുരന്തം താലിബാൻ ഭരണത്തിൻ കീഴിലുള്ള അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ നേരിടുന്ന ആഴത്തിലുള്ള ലിംഗവിവേചനം തുറന്നുകാട്ടി. “ഈ ദുരന്തത്തിന്റെ ഭാരം സ്ത്രീകളും പെൺകുട്ടികളും വീണ്ടും പേറേണ്ടിവരും,” അഫ്ഗാനിസ്ഥാനിലെ യുഎൻ വിമൻ പ്രതിനിധി സൂസൻ ഫെർഗൂസൺ മുന്നറിയിപ്പ് നൽകി. താലിബാൻ മരണപ്പെട്ട സ്ത്രീകളുടെയും പുരുഷന്മാരുടെയും കണക്കുകൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും രക്ഷപ്പെട്ടവരും ഡോക്ടർമാരും ദുരിതാശ്വാസ പ്രവർത്തകരും പറയുന്നത് സ്ത്രീകൾക്കാണ് കൂടുതൽ ദുരിതം സംഭവിച്ചതെന്നാണ്. പുരുഷ രക്ഷാപ്രവർത്തകർക്ക് അവരെ സഹായിക്കാൻ സാധിക്കാത്തതിനാൽ പലരും ഇപ്പോഴും കുടുങ്ങിക്കിടക്കുകയോ ചികിത്സ ലഭിക്കാതെ കിടക്കുകയോ ചെയ്യുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിൽ വനിതാ ആരോഗ്യ പ്രവർത്തകരുടെ കുറവ് സ്ഥിതി കൂടുതൽ വഷളാക്കുന്നു. 2023-ൽ സ്ത്രീകൾക്ക് വൈദ്യവിദ്യാഭ്യാസത്തിൽ ചേരുന്നതിന് താലിബാൻ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന്, വനിതാ ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം വളരെ കുറവാണ്. മാധ്യമപ്രവര്‍ത്തകര്‍ സന്ദർശിച്ച ആശുപത്രികളിൽ ഒരു വനിതാ ജീവനക്കാരി പോലും ഇല്ലായിരുന്നു എന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)