Posted By user Posted On

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; ഈ കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണം

കർക്കടകം മഴക്കാലമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്നതും ഈ മാസത്തിൽ തന്നെ. വേനൽക്കാലത്തിന്റെ ചൂട് കഴിഞ്ഞ് പെട്ടെന്ന് മഴ തുടങ്ങും, സ്വാഭാവികമായും തണുപ്പും കൂടും. കാലാവസ്ഥയിലുണ്ടാകുന്ന ഈ മാറ്റത്തെ തുടർന്ന് നമുക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചില്ലറയല്ല. ജലദോഷം, പനി, ചുമ, കഫക്കെട്ട്, ശ്വാസംമുട്ടൽ, ശരീരംവേദന തുടങ്ങി മനുഷ്യനെ അവശനാക്കുന്ന പല ആരോഗ്യപ്രശ്നങ്ങളും കർക്കടകത്തിൽ സജീവമാകും. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ കൂടുതലായും ബാധിക്കുന്നത് കുട്ടികളെയാണ്.

കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ

മഴയായാലും വെയിലായാലും പഠിത്തം മുടക്കാനാവില്ല. അതുകൊണ്ടു തന്നെ കുട്ടികൾ സ്കൂളിലേക്ക് പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വെള്ളം കെട്ടിക്കിടക്കുന്നതിൽ ചാടിയും, മഴ നനഞ്ഞും, തണുപ്പടിച്ചുള്ള യാത്രയുമെല്ലാം പല അസുഖങ്ങൾക്കും കാരണമാകും. ജലദോഷം, ചുമ, പനി, സൈനസൈറ്റിസ്, ടോൺസ്‌ലൈറ്റിസ്, തലവേദന, പല്ലുവേദന, കൂടാതെ ചെവിയിൽ നിന്ന് വെള്ളം വരുക, ചെവിയിൽ പഴുപ്പു വരുക എന്നിവ ചെറിയ കുട്ടികളിൽ കണ്ടു വരുന്ന പ്രശ്നങ്ങളാണ്. 10 വയസ്സിനു താഴെയുള്ള കുട്ടികളിൽ പ്രധാനമായും കാണുന്നൊരു പ്രശ്നം വയറുവേദനയാണ്. അതിന്റെ പ്രധാന കാരണം, തണുത്ത വെള്ളം കുടിക്കുന്നതാണ്. അതുപോലെ തണുത്ത ഭക്ഷണം കഴിക്കുന്നതും വയറുവേദനയ്ക്കും ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും കാരണമാകാം.

പലപ്പോഴും എളുപ്പത്തിനു വേണ്ടി, തലേ ദിവസത്തെ ഭക്ഷണം ചൂടാക്കി കുട്ടികൾക്കു സ്കൂളിൽ കൊടുത്തുവിടാറുണ്ട്. എന്നാൽ ഫ്രിജിലിരിക്കുന്ന ആഹാരം ധൃതിയിൽ ചൂടാക്കുമ്പോൾ എല്ലാ ഭാഗവും തണുപ്പ് മാറണമെന്നില്ല. ചില ഭക്ഷണപദാർഥത്തിന്റെ ഉൾഭാഗങ്ങളിലേക്ക് ചൂടു കിട്ടാത്തതു കാരണം പുറമെ ചൂടും ഉള്ളിൽ തണുപ്പും നിലനിൽക്കും. ഇങ്ങനെ ഭക്ഷണത്തിൽ ചൂടിന്റെ വ്യത്യാസം വരുന്നത് വയറിനെ ദോഷകരമായി ബാധിക്കും. ഇതുകൂടാതെ ബിരിയാണി കഴിച്ചശേഷം ഐസ്ക്രീം കഴിക്കുമ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്. ഇത് വിരുദ്ധാഹാരം ആണ്. ആയുർവേദപ്രകാരം ഇങ്ങനെ ചൂടും തണുപ്പും ഒരുമിച്ച് അകത്തെത്തുന്നത് ശരീരത്തിന് ദോഷകരമാണ്.

കുട്ടികൾ മഴയത്ത് കളിച്ച് നനഞ്ഞ ഉടുപ്പോടെ ക്ലാസിലിരിക്കുന്നതും വയറുവേദന, തോൾ വേദന എന്നിവയ്ക്ക് കാരണമാകാം. അടിവസ്ത്രങ്ങളിൽ തണുപ്പോ നനവോ ഉണ്ടെങ്കിൽ അരക്കെട്ടിലും ചുറ്റിലും വേദന, കടച്ചിൽ എന്നിവ അനുഭവപ്പെടാം. പലപ്പോഴും മഴ കാരണം ശരിയായ ഉണങ്ങാത്ത വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഇങ്ങനെയും ശാരീരികാസ്വസ്ഥതകൾ ഉണ്ടാകാമെന്ന് പലരും ചിന്തിക്കാറില്ല. ഇനി സോക്സും ഷൂസും നനഞ്ഞതാണെങ്കില്‍ കാലിന്റെ മുട്ടിനു താഴെയുള്ള മസിലുകൾ പിൻഭാഗത്തെ മസിലുകൾ എന്നിവിടങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടാം. സോക്സ് നനഞ്ഞാൽ കാൽ കുതിർന്ന് വേദന വരാം. ചെളിയിൽ കളിക്കുന്ന കുട്ടികളാണെങ്കില്‍ അവർക്ക് കുഴിനഖവും കാൽ വിരലുകൾക്കിടയിൽ പുഴുക്കടി പോലെയുള്ള അസുഖങ്ങൾ വരാനും സാധ്യതയുണ്ട്. മഴക്കാലത്ത് കൃമിയുടെ ശല്യവും കുട്ടികളിൽ അധികമായി കാണാറുണ്ട്. ഇത് പല രോഗങ്ങൾക്കും വഴിയൊരുക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙കുട്ടികളുടെ ഭക്ഷണകാര്യത്തിൽ വലിയ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ വളരെ പെട്ടെന്ന് ആരോഗ്യത്തെ ബാധിക്കാം. മഴ കഴിയുന്നതുവരെ കഴിവതും തുറന്ന ചെരുപ്പുകൾ ധരിക്കാൻ ശ്രദ്ധിക്കാം.

∙വീട്ടിൽ വന്നതിനു ശേഷം ഇട്ടിരിക്കുന്ന തണുത്ത വസ്ത്രം മാറാതിരിക്കുന്നത് പ്രശ്നമാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തപക്ഷം സ്കൂൾ വിട്ടുവന്ന കുട്ടിയോട് ചെറുചൂടുവെള്ളത്തിൽ കുളിക്കാൻ പറയാം.

∙ശേഷം ചെറുചൂടുള്ള പാലോ കാപ്പിയോ കുടിക്കാൻ നൽകാം. കഴിവതും തണുത്ത പാനീയങ്ങൾ കൊടുക്കരുത്.

∙ഫ്രിജിൽ വച്ചിരുന്ന ഒരു ഭക്ഷണപദാർഥങ്ങളും നേരിട്ട് കഴിക്കരുത്, ഫല വർഗങ്ങളാണെങ്കില്‍ പോലും പുറത്തുവച്ച് തണുപ്പ് മാറിയശേഷം മാത്രം കഴിക്കണം.

∙രണ്ട് വ്യത്യസ്ത ചൂടിലുള്ള ഭക്ഷണം വയറിന്റെ ആരോഗ്യത്തിനു നല്ലതല്ലാത്തതിനാൽ സമയമെടുത്ത്, പൂർണമായും ചൂടാക്കിയ ശേഷം മാത്രം ഫ്രിജിലിരുന്ന കറികളും മറ്റും ഉപയോഗിക്കുക.  

∙സാധാരണ ചുളിവ് നിവർത്താൻ വേണ്ടി മാത്രമാണ് നമ്മൾ വസ്ത്രങ്ങൾ ഇസ്തിരിയിടുന്നത്. എന്നാൽ തണുത്ത ഉടുപ്പിനെ ചൂടാക്കുക എന്ന ഉദ്ദേശവും ഇതിനുപിന്നിലുണ്ട്. വീട്ടിലിടുന്ന വസ്ത്രവും കഴിയുമെങ്കിൽ അയൺ ചെയ്തു മാത്രം ഉപയോഗിക്കുക.

∙രാത്രിയിൽ കുട്ടികൾ ഈർപ്പം ഒട്ടുമില്ലാത്ത വസ്ത്രം ഇടണം. ആവശ്യമെങ്കിൽ സ്വെറ്റർ, മഫ്ലറുകൾ, മങ്കി ക്യാപ്, സോക്സ് എന്നിവ ഉപയോഗിക്കാം. നനവില്ലാത്ത പുതപ്പുകൾ വേണം കുട്ടികൾക്ക് നൽകാൻ.

∙രാത്രികാലത്ത് ജനാലകളും കതകുകളും അടച്ചിടാൻ ശ്രദ്ധിക്കുക.

∙കുളിച്ചിറങ്ങുമ്പോൾ വെള്ളം കിടപ്പുമുറിയിൽ ആവാതിരിക്കാനും സൂക്ഷിക്കണം. അത് മുറിയിലെ തണുപ്പും ഈർപ്പവും കൂട്ടും.

∙ഫാൻ, എസി എന്നിവ അത്യാവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കുക.

∙എളുപ്പത്തിൽ ദഹിക്കുന്ന കഞ്ഞി പോലുള്ള ഭക്ഷണം കുട്ടികൾക്കു നൽകുന്നതാണ് നല്ലത്.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ കർക്കടകത്തിലെ ആരോഗ്യപ്രശ്നങ്ങളിൽനിന്നും രക്ഷനേടാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *