Posted By user Posted On

അഹമ്മദാബാദ് വിമാന ദുരന്തം: അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ; എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ചെയ്തത് ടേക് ഓഫിന് ശേഷം

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ സംഭവത്തിൻ്റെ ദുരൂഹത വർധിച്ചു. പറന്നുയർന്ന് സെക്കൻ്റുകൾക്കകം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവർത്തനം നിലച്ചു. എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫായതായി അന്വേഷണത്തിൽ കണ്ടെത്തി. ആരാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും ‘താൻ ചെയ്തിട്ടില്ലെന്ന്’ മറുപടി പറയുന്നതും വോയ്‌സ് റെക്കോഡിൽ ഉണ്ട്. അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെയാണ്

  • ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടാണ് പുറത്തുവന്നത്.
  • ജൂൺ 12 ന് അഹമ്മദാബാദിലാണ് എയർ ഇന്ത്യ ബോയിങ് 7878-8 ഡ്രീംലൈവർ വിമാനം അപകടത്തിൽപെട്ടത്.
  • വിമാനം പറന്നുയർന്ന ഉടൻ അപകടം സംഭവിച്ചു. 600 അടി ഉയരത്തിൽ വെച്ചാണ് വിമാനം നിലംപതിച്ചത്
  • കെട്ടിടങ്ങളിൽ ഇടിച്ച് തീപിടിച്ചതിനെത്തുടർന്ന് വിമാനം പൂർണ്ണമായി നശിച്ചു
  • റൺവേ 23 ന്റെ അറ്റത്ത് നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലാണ് വിമാനം ഇടിച്ചത്.
  • 1000 x 400 അടി വിസ്തീർണ്ണത്തിൽ അവശിഷ്ടങ്ങൾ ചിതറിക്കിടന്നു.
  • വിമാനത്തിൽ രണ്ട് എൻഹാൻസ്ഡ് എയർബോൺ ഫ്ലൈറ്റ് റെക്കോർഡറുകൾ ഉണ്ടായിരുന്നു. ഒരു ഇഎഎഫ്ആറിൽ നിന്ന് ഏകദേശം 49 മണിക്കൂർ ഫ്ലൈറ്റ് ഡാറ്റയും 2 മണിക്കൂർ ഓഡിയോയും ലഭിച്ചു. എന്നാൽ, പിൻഭാഗത്തെ ഇഎഎഫ്ആറിന് കാര്യമായ തകരാർ സംഭവിച്ചതിനാൽ വിവരങ്ങൾ വീണ്ടെടുക്കാനായില്ല.
  • വിമാനം 08:07:37 സെക്കൻഡിൽ ടേക്ക് ഓഫ് റോൾ ആരംഭിച്ചു. 08:08:33 സെക്കൻഡിൽ വി1 സ്പീഡും 08:08:35 ന് വിആർ സ്പീഡും കൈവരിച്ചു.
  • 08:08:39 സെക്കൻഡിൽ വിമാനം ഉയർന്നു. 08:08:42 സെക്കൻഡിൽ വേഗത 180 നോട്ട്സ്ൽ എത്തിയതിന് തൊട്ടുപിന്നാലെ, എഞ്ചിൻ 1, എഞ്ചിൻ 2 എന്നിവയുടെ ഫ്യുവൽ കട്ട്ഓഫ് സ്വിച്ചുകൾ “റൺ” പൊസിഷനിൽ നിന്ന് “കട്ട് ഓഫ്” പൊസിഷനിലേക്ക് മാറി.
  • ഒരു പൈലറ്റ് എഞ്ചിൻ കട്ട്ഓഫ് ചെയ്തതിനെക്കുറിച്ച് ചോദിക്കുന്നതും, മറ്റേ പൈലറ്റ് താനല്ല ചെയ്തതെന്ന് മറുപടി പറയുന്നതും കോക്ക്പിറ്റ് വോയിസ് റെക്കോർഡിംഗിൽ വ്യക്തമായി ഉണ്ട്.
  • റാം എയർ ടർബൈൻ വിന്യസിക്കപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
  • വിമാനത്തിൽ നിന്ന് “മെയ് ഡേ” കോൾ ലഭിച്ചത് 08:09:05 സെക്കൻഡിൽ
  • എഞ്ചിൻ ഫ്യുവൽ കട്ട്ഓഫ് സ്വിച്ചുകൾ 08:08:52 സെക്കന്റിലും 08:08:56 സെക്കന്റിലും “റൺ” പൊസിഷനിലേക്ക് മാറ്റി
  • എഞ്ചിനുകൾക്ക് പൂർണ്ണമായി ത്രസ്റ്റ് വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ഉടൻ വിമാനം തകർന്നു.
  • വിമാനത്തിന്റെ മെയിന്റനൻസ് ചരിത്രത്തിൽ 2019 ലും 2023 ലും ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ മാറ്റിയിട്ടുണ്ടെന്ന് കണ്ടെത്തി, എന്നാൽ ഇത് ഫ്യുവൽ കൺട്രോൾ സ്വിച്ചുമായി ബന്ധപ്പെട്ടായിരുന്നില്ല.
  • വിമാനത്തിൽ ഉപയോഗിച്ച ഇന്ധനത്തിന്റെ സാമ്പിളുകൾ പരിശോധിക്കുകയും തൃപ്തികരമാണെന്ന് കണ്ടെത്തുകയും ചെയ്തു.
  • വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ല
  • ഇരു പൈലറ്റുമാർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല, ആവശ്യത്തിന് വിശ്രമം ലഭിച്ചു

നിലവിൽ ഈ വിമാനത്തിന്റെ എഞ്ചിൻ ഓപ്പറേറ്റർമാർക്കും നിർമ്മാതാക്കൾക്കും പ്രത്യേക ശുപാർശകൾ ഒന്നും റിപ്പോർട്ടിൽ പറയുന്നില്ല. കൂടുതൽ വിവരങ്ങളും തെളിവുകളും പരിശോധിച്ചുള്ള സമഗ്ര അന്വേഷണം തുടരുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *