Posted By user Posted On

യുഎഇയിൽ വൻതോതിൽ വ്യാജ പാസ്പോർട്ടുകൾ കണ്ടെത്തി

ദുബായിൽ കഴിഞ്ഞവർഷം 1914 ഉം 2025ന്റെ ആദ്യ പകുതിയിൽ 425 ഉം വ്യാജ വിദേശ പാസ്പോർട്ട് കേസുകൾ കണ്ടെത്തിയതായി ഡോക്യുമെന്റ് എക്സാമിനേഷൻ മുഖ്യ ഉപദേഷ്ടാവ് അഖീൽ അൽ നജ്ജാർ പറഞ്ഞു. ദുബായിലെ നീതിന്യായ, സുരക്ഷാ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് അറ്റോർണി ജനറൽ കൗൺസിലർ എസ്സം ഈസ അൽ ഹുമൈദാന്റെ നേതൃത്വത്തിലുള്ള ദുബായ് പബ്ലിക് പ്രോസിക്യൂഷൻ സംഘം ജിഡിആർഎഫ്എയുടെ കീഴിലുള്ള ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്റർ സന്ദർശിച്ചപ്പോഴായിരുന്നു ഈ വെളിപ്പെടുത്തൽ.

താമസാനുമതി, ലൈസൻസുകൾ, പാസ്‌പോർട്ടുകൾ ഉൾപ്പെടെ യാത്രാ രേഖകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കുന്നുണ്ട്. 2024ൽ വെളിപ്പെടുത്തി. ഈ സെന്ററിന് രാജ്യാന്തര അംഗീകാരവും ഐഎസ്ഒ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. സെന്ററിന്റെ പ്രവർത്തന രീതികളും വ്യാജരേഖകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകളും നിർമിതബുദ്ധി(എ ഐ) സംവിധാനങ്ങളും പ്രതിനിധി സംഘത്തിന് വിശദീകരിച്ചു നൽകി. വ്യാജ യാത്രാ രേഖകളും തിരിച്ചറിയൽ ശ്രമങ്ങളും വിജയകരമായി കണ്ടെത്തിയ യഥാർഥ കേസുകളും ഉദ്യോഗസ്ഥർ പരിചയപ്പെടുത്തി. വ്യാജരേഖകൾ കണ്ടെത്താനുള്ള സെന്ററിന്റെ കഴിവിനെ അറ്റോർണി ജനറൽ പ്രശംസിച്ചു.

ഇത് ആധുനിക സാങ്കേതികവിദ്യകളിലും മാനവശേഷി പരിശീലനത്തിലുമുള്ള നിക്ഷേപത്തിന്റെ ഫലമാണെന്നും രേഖാ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. സെന്റർ രാജ്യാന്തര നിലവാരമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും പബ്ലിക് പ്രോസിക്യൂഷനുമായി അടുത്ത സഹകരണം പുലർത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ദുബായിലെ ജുഡീഷ്യൽ, സുരക്ഷാ സ്ഥാപനങ്ങൾ തമ്മിലുള്ള യോജിപ്പ് ഈ സന്ദർശനം എടുത്തു കാണിക്കുന്നുവെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു. രേഖാ തട്ടിപ്പിൽ നിന്നുള്ള സംരക്ഷണത്തിലും ജുഡീഷ്യൽ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും ഈ കേന്ദ്രത്തിന്റെ പങ്ക് നിർണായകമാണ്. പാസ്‌പോർട്ട് നിയന്ത്രണ ഉദ്യോഗസ്ഥർക്ക് വ്യാജരേഖകൾ കണ്ടെത്താൻ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പതിവായി പരിശീലന ക്ലാസുകൾ നടത്താറുണ്ടെന്നും വ്യക്തമാക്കി.

പ്ലാസ്റ്റിക് സർജറി കാരണം മുഖരൂപമാറ്റം വന്നവർ പാസ്‌പോർട്ട് ഫോട്ടോകൾ പുതുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ച നടന്നു. ഇത്തരം സന്ദർശനങ്ങൾ നൂതനത്വത്തിലും സ്ഥാപനപരമായ സഹകരണത്തിലും അധിഷ്ഠിതമായ ഒരു വിശ്വസനീയ സേവന അന്തരീക്ഷം വളർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *