
വിമാനം പറക്കുന്നതിന് തൊട്ട് മുമ്പ് ഫയർ അലാറം; പരിഭ്രാന്തരായി താഴേക്ക് ചാടി യാത്രക്കാർ, 18 പേർക്ക് പരിക്ക്
തീപിടിത്ത മുന്നറിയിപ്പ് അലാറം അടിച്ചതിന് പിന്നാലെ വിമാനത്തില്‍ നിന്ന് ചാടിയ 18 യാത്രക്കാര്‍ക്ക് പരിക്ക്. സ്പെയിനിലെ പാല്‍മ ഡി മല്ലോറ എയര്‍പോര്‍ട്ടിലാണ് സംഭവം ഉണ്ടായത്. മാഞ്ചസ്റ്ററിലേക്ക് പോകാന്‍ റൺവേയില്‍ നിര്‍ത്തിയിട്ട റയന്‍എയര്‍ 737 വിമാനത്തിലാണ് ഫയര്‍ അലാറം മുഴങ്ങിയത്.
ഉടന്‍ തന്നെ വിമാന ജീവനക്കാര്‍ യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. തീപിടിത്ത മുന്നറിയിപ്പ് സൂചിപ്പിക്കുന്ന ലൈറ്റ് തെളിഞ്ഞതോടെയാണ് നടപടികള്‍ തുടങ്ങിയത്. ഉടന്‍ തന്നെ എമര്‍ജന്‍സി ടീം വിമാനത്തിനടുത്തെത്തി യാത്രക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍ എമർജൻസി സംഘം എത്തുമ്പോഴേക്കും പരിഭ്രാന്തരായ യാത്രക്കാരില്‍ പലരും വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ചിലര്‍ വിമാനത്തിന്‍റെ ചിറകിലൂടെ താഴേക്ക് ഇറങ്ങി. താഴേക്ക് ചാടിയ ചില യാത്രക്കാര്‍ റൺവേയിലൂടെ ഓടുന്നത് സോഷ്യൽ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങളില്‍ കാണാം. അഗ്നിശമന സേനയും പൊലീസും ഉടനടി സ്ഥലത്തെത്തി. താഴേക്ക് ഇറങ്ങിയ 18 യാത്രക്കാര്‍ക്കാണ് നിസ്സാര പരിക്കേറ്റത്. ഇവര്‍ക്ക് വേണ്ട ചികിത്സ ലഭ്യമാക്കി. ആര്‍ക്കും ഗുരുതര പരിക്കേറ്റിട്ടില്ല.
ഇതേസമയം തെറ്റായ ഫയർ അലാറം ആയിരുന്നു അതെന്നും യാത്രക്കാരെ സുരക്ഷിതമായി ടെര്‍മിനലിലെത്തിച്ചെന്നും റയന്‍ എയര്‍ പ്രസ്താവനയില്‍ പറഞ്ഞു. യാത്രക്കാരെ ഒഴിപ്പിച്ചതിന് പിന്നാലെ അവര്‍ക്ക് ആവശ്യമായ വൈദ്യസഹായവും എത്തിച്ചതായും എയര്‍ലൈന്‍ വ്യക്തമാക്കി. സംഭവത്തില്‍ എയര്‍പോര്‍ട്ട് സുരക്ഷ ഉദ്യോഗസ്ഥരും അഗ്നിശമന സേന ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. യാത്രക്കാരുമായി മറ്റൊരു വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു. ആര്‍ക്കും കാര്യമായ പരിക്കേല്‍ക്കാത്തതിനാലും മറ്റ് പ്രശ്നങ്ങളില്ലാത്തതിനാലും പാല്‍മ എയര്‍പോര്‍ട്ട് സംഭവത്തിന് പിന്നാലെ സാധാരണനിലയുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)