
വിമാനത്തിൽ വൈ ഫൈ കണക്ടിവിറ്റി; ഖത്തർ എയർവേസ് ഒന്നാമത്
ദോഹ: ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ, ഏറ്റവും സുരക്ഷിത എയർലൈൻ എന്നീ ബഹുമതികൾക്ക് പിന്നാലെ ഖത്തർ എയർവേസിന് മറ്റൊരു നേട്ടം കൂടി. വിമാനത്തിലും ഇന്റർനെറ്റ് നൽകുന്ന ഇൻ ഫ്ലൈറ്റ് വൈ ഫൈ കണക്ടിവിറ്റിയിലും ഒന്നാമത് എത്തിയിരിക്കുകയാണ് ഖത്തർ എയർവേസ്. കണക്ടിവിറ്റി ഇന്റലിജൻസ് സ്ഥാപനമായ ഊക്ലയുടെ ഇന്റർനെറ്റ് സ്പീഡ് റിപ്പോർട്ടിലാണ് ഖത്തർ എയർവേസ് മുന്നിലെത്തിയത്. ഖത്തർ എയർവേസിന്റെ ഇന്റർനെറ്റ് കണക്ടിവിറ്റി വേഗം 120.6 എം.ബി.പി.എസാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് പോസ്റ്റിലൂടെയാണ് ഖത്തർ എയർവേസ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. റിപ്പോർട്ടിൽ 120.6 എം.ബി.പി.എസാണ് ഖത്തർ എയർവേസിന്റെ ശരാശരി ഇന്റർനെറ്റ് വേഗമെന്നും ഇത് ഖത്തർ എയർവേസിന്റെ മികച്ച ഇൻഫ്ലൈറ്റ് വൈ ഫൈ വേഗത്തെ എടുത്തുകാണിക്കുന്നുവെന്നും എക്സ് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
ഇന്റർനെറ്റ് വേഗം പരിശോധനയിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പ്ലാറ്റ്ഫോമാണ് ഊക്ല. വിവിധ എയർലൈനുകളുടെയും അവയുടെ ഉപഗ്രഹ അധിഷ്ഠിത നെറ്റ്വർക്ക് പങ്കാളികളുടെയും ഓൺബോർഡ് വൈ ഫൈ വേഗം പരിശോധിച്ചാണ് അവർ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.എയർലൈനുകളുടെയും ഇൻ ഫ്ലൈറ്റ് കണക്ടിവിറ്റി സേവന ദാതാക്കളുടെയും പ്രകടനം പരിശോധിച്ചപ്പോൾ, ഭൂരിഭാഗം ഉപയോക്താക്കളുടെയും ഇൻ ഫ്ലൈറ്റ് വൈ-ഫൈ വേഗം ഭൂമിയിലുള്ള അവരുടെ സാധാരണ ഇന്റർനെറ്റ് നെറ്റ്വർക്കിനെക്കാൾ മോശമാണെന്ന് കണ്ടെത്തി. എന്നാൽ, ഹവായിയൻ എയർലൈൻസും ഖത്തർ എയർവേസും ഇൻ ഫ്ലൈറ്റ് കണക്ടിവിറ്റിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വേറിട്ടുനിൽക്കുന്നുവെന്നും ഊക്ല പറയുന്നു.
മുൻനിര എയർലൈൻ വൈ ഫൈയിൽ സ്റ്റാർലിങ്കിന്റെ ലോ എർത്ത് ഓർബിറ്റ് (എൽ.ഇ.ഒ) സാറ്റലൈറ്റ് മികച്ച പ്രകടനം കാഴ്ചവെച്ചതായി കണ്ടെത്തി. സ്റ്റാർലിങ്കിന്റെ എൽ.ഇ.ഒ ഇന്റർനെറ്റ് സൗകര്യമാണ് ഖത്തർ എയർവേസ് തങ്ങളുടെ വിമാനങ്ങളിൽ കൂടുതലായും ഉപയോഗിക്കുന്നത്. ഇത് മറ്റ് എയർലൈനുകളെ അപേക്ഷിച്ച് ഡൗൺലോഡ്, അപ്ലോഡ് വേഗവും ലേറ്റൻസിയും മെച്ചപ്പെടുത്തുന്നുണ്ട്.വിമാനയാത്രയിൽ സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് നൽകുന്ന ഏറ്റവും വലിയ ആഗോള എയർലൈനാണ് ഖത്തർ എയർവേസ്.സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളിലൂടെ വേഗമേറിയ കണക്ടിവിറ്റി, അപ്ലോഡ് വേഗം, കുറഞ്ഞ ലേറ്റൻസി സമയം എന്നിവ വാഗ്ദാനം ചെയ്യുന്നു. കരുത്തുറ്റതും സൗജന്യവുമായ വൈ-ഫൈ സൗകര്യമാണ് ഓൺ-ബോർഡിൽ തങ്ങൾ യാത്രക്കാർക്കായി നൽകുന്നതെന്നും ഖത്തർ എയർവേസ് എക്സ് പോസ്റ്റിൽ പറയുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)