Posted By user Posted On

കോടികളുടെ നികുതി വെട്ടിപ്പ്; ഖത്തറിൽ 13 കമ്പനികൾക്കെതിരെ നടപടി

ദോഹ∙ ഖത്തറിൽ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ 13 കമ്പനികൾക്കെതിരെ നടപടി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ടാക്സ് അതോറിറ്റി (ജിടിഎ) വെളിപ്പെടുത്തി. 13 കമ്പനികളിലായി ഏകദേശം 36 ലക്ഷം റിയാലിന്റെ (86കോടിയിലധികം ഇന്ത്യൻ രൂപ) നികുതി വെട്ടിപ്പാണ് നടന്നത്. ടാക്സ് അതോറിറ്റിയിലെ കോംപീറ്റന്റ് യൂണിറ്റും ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളും ചേർന്ന് ഈ വർഷം ആദ്യ പകുതിയിൽ നടത്തിയ സമഗ്ര അന്വേഷണത്തിലാണ് കമ്പനികൾ നികുതി വെട്ടിപ്പ് നടത്തിയതായി തെളിഞ്ഞത്. കമ്പനികൾ യഥാർഥ വരുമാനം മറച്ചുവെക്കുകയായിരുന്നുവെന്നും അധികൃതർ കണ്ടെത്തി. കമ്പനികൾ‌ക്കെതിരെ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കാനാണ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.

അതേസമയം ഏതൊക്കെ കമ്പനികളാണ് എന്നത് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും നിർബന്ധിത സമയപരിധിക്ക് മുൻപ് തന്നെ കൃത്യമായി നികുതി അടയ്ക്കണമെന്നും സാമ്പത്തിക ക്രമക്കേടുകൾക്ക് കടുത്ത ശിക്ഷ ചുമത്തുമെന്നും അധികൃതർ ഓർമപ്പെടുത്തി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *