
ടോയ് ഫെസ്റ്റിവൽ; കളിപ്പാട്ടങ്ങളുടെ ഉത്സവത്തിന് ഖത്തർ ഒരുങ്ങി
ദോഹ: ചുട്ടുപൊള്ളുന്ന വേനലിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും വിവിധ വിനോദ പരിപാടികളും കളികളുമായി ടോയ് ഫെസ്റ്റിവൽ ഒരുങ്ങുന്നു.
ലോകത്തിലെ വമ്പൻ കളിപ്പാട്ട നിർമാതാക്കളായ കമ്പനികളെയെല്ലാം ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന മൂന്നാമത് ടോയ് ഫെസ്റ്റിവൽ ജൂലൈ ആറു മുതൽ ആഗസ്റ്റ് നാലു വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും.
ടെലികോം കമ്പനിയായ ഉരീദു അണ് കുഞ്ഞുകുട്ടികളുടെ വലിയ ലോകത്തിന് വേദിയൊരുക്കുന്ന പരിപാടിയുടെ പ്രധാന പാർട്ണർ. ഖത്തറിലെ വേനൽക്കാല പരിപാടികളിൽ പ്രധാനമായ ടോയ് ഫെസ്റ്റിവലിൽ കുട്ടികൾക്കും കൗമാരക്കാർക്കുമായി ലൈവ് ഷോകൾ, ഇമ്മേഴ്സിവ് ആക്റ്റിവേഷൻസ്, സമ്മർ ക്യാമ്പ് എന്നിവ ഉൾപ്പെട്ടതാണ്. 17,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഫെസ്റ്റിവൽ വേദിയിൽ അഞ്ച് സോണുകളിലായി പരിപാടികൾ നടക്കും. പെൺകുട്ടികൾക്ക് ഫാൻസി ഐലൻഡ്, ആൺകുട്ടികൾക്കും കൗമാരക്കാർക്കും ചാമ്പ്യൻസ് ലാൻഡ്, പ്രീ സ്കൂൾ കുട്ടികൾക്ക് ക്യുട്ടി പൈ ലാൻഡ്, ഇൻഫ്ലറ്റബ്ൾ ഗെയിമുകൾക്കായി ഹൈപ്പർ ലാൻഡ്, സ്റ്റേജ് ഷോകൾക്കായി പ്രാധാന വേദി തുടങ്ങിയ ഇടങ്ങളിൽ പരിപാടികൾ നടക്കും.
കുടുംബത്തോടൊപ്പം എത്തുന്നവർക്ക് സമയം ചെലവഴിക്കാൻ ദിവസേന 10ലധികം സ്റ്റേജ് ഷോകൾ സംഘടിപ്പിക്കും. സംഗീത പരിപാടികൾ, ശാസ്ത്ര പ്രദർശനങ്ങൾ, നൃത്ത പരിപാടികൾ, വിവിധ മത്സരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവലിന്റെ ഭാഗമായി 10 റീട്ടെയിൽ ഔട്ട്ലെറ്റുകളും ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. കുട്ടികളെ മാത്രമല്ല മുതിര്ന്നവരെ കൂടി കളിപ്പാട്ടങ്ങളുടെയും കുട്ടിക്കളിയുടെയും മാന്ത്രിക ലോകത്തേക്ക് കൊണ്ടുപോകുമെന്ന വാഗ്ദാനവുമായാണ് ഫെസ്റ്റിവല് വരുന്നത്. കളിപ്പാട്ടങ്ങളുടെയും വിനോദങ്ങളുടെയും പുതിയ ലോകമാകും മൂന്നാമത് ടോയ് ഫെസ്റ്റിവൽ ഖത്തറിന് സമ്മാനിക്കുക.
വേനൽക്കാല പരിപാടിയായ ഖത്തർ ടോയ് ഫെസ്റ്റിവൽ വീണ്ടും സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇത്തവണ നാഴികക്കല്ലായി മാറുമെന്നും ഫെസ്റ്റിവൽസ് ആൻഡ് ഇവന്റ്സ് ഡെലിവറി മാനേജർ ഹമദ് അൽ ഖാജ പറഞ്ഞു.
ടോയ് ഫെസ്റ്റിവൽ സമ്മർ ക്യാമ്പ്, ‘ബാക്ക് ടു സ്കൂൾ’ പരിപാടികളിലൂടെ കുട്ടികൾക്ക് കളിക്കാനും പഠനത്തിനും അവസരമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഹൊറർ ഹൗസ്, പബ്ജി, ബാറ്റിൽ ഗ്രൗണ്ട്, ഷെർലക് ഹോംസ് എസ്കോപ് റൂം തുടങ്ങി വിനോദവും വിജ്ഞാനവും പകരുന്ന പരിപാടികളും ഫെസ്റ്റിവലിൽ ഉണ്ടാകും.
ടിക്കറ്റ്, പ്രവർത്തന സമയം
- പ്രവൃത്തി ദിവസങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 വരെയും വാരാന്ത്യ ദിനങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി 11 വരെയുമാണ് ടോയ് ഫെസ്റ്റിവലിന്റെ പ്രവർത്തന സമയം. ടിക്കറ്റ് മുഖേനയാവും സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക. അഞ്ച് ടിക്കറ്റ് കാറ്റഗറികളാണുള്ളത്.
- ടിക്കറ്റ് കാറ്റഗറികൾ: എൻട്രി ടിക്കറ്റ്: 50 റിയാൽ,
- അൾട്ടിമേറ്റ് ഫൺ ടിക്കറ്റ്: 80 റിയാൽ, ഫാസ്റ്റ് ട്രാക്ക് ടിക്കറ്റ്: 300 റിയാൽ,
- ഫാമിലി എൻട്രി: 200 റിയാൽ, വി.വി.ഐ.പി ടിക്കറ്റ്: 1500 റിയാൽ.
- ടിക്കറ്റ് ബുക്കിങ്ങിനും ഫാമിലി പാസുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
പ്രധാന പരിപാടികൾ
സമ്മർ ക്യാമ്പ്
ഫെസ്റ്റിവൽ കാലയളവിൽ നാലു മുതൽ 12 വരെ വയസ്സുള്ള കുട്ടികൾക്കായി ക്യു.ടി.എഫ് സമ്മർ ക്യാമ്പ് നടക്കും. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് ക്യാമ്പ്. പങ്കെടുക്കുന്ന കുട്ടികൾക്ക് ആർട്ട് ആൻഡ് ഡിസൈൻ ക്ലാസുകൾ, സയൻസ് സ്ട്രീറ്റിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രപരീക്ഷണങ്ങൾ, കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുമായി ഇന്ററാക്ടിവ് പരിപാടികൾ, ശാരീരിക പരിശീലനങ്ങൾ തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.
ബാക്ക് ടു സ്കൂൾ
ടോയ് ഫെസ്റ്റിവലിൽ ഈ വർഷം ആദ്യമായി നടക്കുന്ന ‘ബാക്ക് ടു സ്കൂൾ’ പ്രോഗ്രാം അവസാന ആഴ്ചയാണ്. തീം ഷോകൾ, വിവിധ മത്സരങ്ങൾ, സമ്മാന വിതരണം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. പുതിയ അക്കാദമിക് വർഷത്തിൽ സ്കൂൾ ഉൽപന്നങ്ങളുടെ വിശാലമായ ശേഖരവും ഒരുക്കും.
Comments (0)