
ഖത്തറിൽ കടലിൽ മുങ്ങിത്താഴ്ന്ന വാഹനം സുരക്ഷിതമായി കരയിലെത്തിച്ച് അധികൃതർ; കയ്യടിച്ച് ജനം, വിഡിയോ
ദോഹ∙ സീലൈനിലെ കടലിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്ന വാഹനം സുരക്ഷിതമായി കരയ്ക്കെത്തിച്ച് അധികൃതർ. വാഹനത്തിൽ ആരുമില്ലാതിരുന്നത് അപകടം ഒഴിവാക്കി. വിഡിയോ കണ്ട് കയ്യടിച്ച് ജനം. ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിലെ തീര, അതിർത്തി സുരക്ഷാ ജനറൽ ഡയറക്ടറേറ്റ്, ആംബുലൻസ് വിഭാഗം അധികൃതരുടെ കൂട്ടായ രക്ഷാപ്രവർത്തനത്തിലൂടെ വാഹനം സുരക്ഷിതമായി കേടുപാടുകളില്ലാതെ കരയിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സീലൈൻ ഏരിയയിലെ കടലിലെ ഒഴുക്കിൽ സ്വദേശി പൗരന്റെ വാഹനം മുങ്ങിതാഴ്ന്നത്. സഹായം തേടി മന്ത്രാലയത്തിന്റെ ഹോട്ട് ലൈനിലേക്കെത്തിയ ഫോൺ കോളിനെ തുടർന്ന് എമർജൻസി സംഘം ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ എക്സ് പേജിൽ വാഹനം കരയിലേക്ക് എത്തിക്കുന്നതിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിൽ വിഡിയോ കണ്ട് വേഗത്തിലുള്ള രക്ഷാപ്രവർത്തനത്തെ പ്രശംസിച്ചും കയ്യടിച്ചുമാണ് പൊതുജനങ്ങളുടെ പ്രതികരണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)