Posted By user Posted On

പറന്നുയര്‍ന്നതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ വിമാനം കൂപ്പുകുത്തി ! ഒഴിവായത് വന്‍ ദുരന്തം; അന്വേഷണം

രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് 38 മണിക്കൂറുകള്‍ക്ക് ശേഷം എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനവും  സമാനമായ രീതിയില്‍ അപകടത്തിന്‍റെ വക്കിലെത്തി രക്ഷപ്പെട്ടെന്ന്  റിപ്പോര്‍ട്ട് . ഡല്‍ഹിയില്‍ നിന്നും വിയന്നയിലേക്ക് പറന്നുയര്‍ന്ന ബോയിങ് 777 വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ മര്‍ദം നഷ്ടപ്പെട്ട് പൊടുന്നനെ 900 അടിയോളം കൂപ്പുകുത്തിയത്.  ജൂണ്‍ 14നായിരുന്നു സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന് മര്‍ദം നഷ്ടപ്പെടുന്നതായി കണ്ടെത്തുകയായിരുന്നു. ഉടനടി അപകട മുന്നറിയിപ്പ് പൈലറ്റിന് കൈമാറി. ഭീതിദമായ നിമിഷങ്ങള്‍ക്കൊടുവില്‍ അപകടമൊഴിയുകയും ചെയ്തു.  വിമാനം 9 മണിക്കൂര്‍ എട്ടുമിനിറ്റ് പറന്ന് വിയന്നയിലെത്തി. സംഭവത്തിന് ശേഷം പൈലറ്റുമാരെ ഇരുവരെയും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുകയും എയര്‍ ഇന്ത്യയുടെ സുരക്ഷാവിഭാഗം തലവനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തു. 

വിമാനം അപകടത്തിലാണെന്ന് വ്യക്തമാക്കിയുള്ള ‘സ്റ്റിക് ഷേക്കര്‍’ മുന്നറിയിപ്പാണ് പറന്നുയര്‍ന്നതിന് പിന്നാലെ ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിങ് സിസ്റ്റത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ചത്. വിമാനം നിയന്ത്രണാതീതമായി കുലുങ്ങിയെന്നും പറക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് നിമിഷങ്ങള്‍ കൊണ്ട് മാറിയെന്നും അധികൃതര്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഗ്രൗണ്ട്  പ്രോക്സിമിറ്റി, സ്റ്റാള്‍ വാണിങ് എന്നിവയും പുറപ്പെടുവിച്ചു. പൈലറ്റുമാരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് വിമാനത്തിന്‍റെ നിയന്ത്രണം വീണ്ടെടുക്കാന്‍ കഴിഞ്ഞു. മൂന്ന്  മുന്നറിയിപ്പുകളാണ് നിമിഷ നേരം കൊണ്ട് പുറപ്പെടുവിച്ചതെന്നും അധികൃതര്‍ സ്ഥിരീകരിക്കുന്നു.

ടേക്ക് ഓഫിന് പിന്നാലെയുണ്ടായ കുലുക്കമായിരുന്നുവെന്ന് മാത്രമാണ് പൈലറ്റുമാരുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ സ്റ്റിക് ഷേക്കര്‍ മുന്നറിപ്പിനെ കുറിച്ച് മാത്രം പരാമര്‍ശിക്കുകയും ഗ്രൗണ്ട്  പ്രോക്സിമിറ്റിയും സ്റ്റാള്‍ വാണിങും ഒഴിവാക്കുകയും ചെയ്തു. ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കൃത്യമായി പരിശോധിച്ചതോടെയാണ് നടന്ന സംഭവത്തിന്‍റെ തീവ്രത വ്യക്തമായതും പൈലറ്റുമാരും സുരക്ഷാവിഭാഗവും വിവരം മറച്ചുവയ്ക്കാന്‍ ശ്രമിച്ചത് കണ്ടെത്തുകയും ചെയ്തത്.  ഇതിന് പിന്നാലെയാണ് പൈലറ്റുമാരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിയതും സുരക്ഷാ വിഭാഗം തലവനെ വിളിച്ചുവരുത്തിയതും.

270ലേറെപ്പേരുടെ ജീവന്‍ നഷ്ടമായ അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ ഡിജിസിഎ മുന്‍കൈയെടുത്ത് എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ സുരക്ഷാപരിശോധന ശക്തമാക്കുകയും ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. എയര്‍ ഇന്ത്യയില്‍ മുന്‍പ് യാത്ര അത്ര സുഖകരമല്ലെന്നും സമയത്തിന് എത്തുന്നില്ലെന്നും പരാതിയുണ്ടായിരുന്നുവെങ്കിലും സുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടായിരുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാലിന്ന് സൗകര്യങ്ങള്‍ മെച്ചപ്പെട്ടുവെങ്കിലും സുരക്ഷയില്‍ വലിയ പാളിച്ച സംഭവിക്കുന്നുവെന്നും വിലയിരുത്തലുകളുണ്ട്. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *