
‘കെണിയിൽ’ വീണത് 5,936 മൈനകൾ; നിയന്ത്രണ നടപടികൾ ഫലപ്രദമെന്ന് ഖത്തർ
ദോഹ ∙ മൈനയെ കൊണ്ട് പൊറുതിമുട്ടി ഖത്തർ. ഈ വർഷം ആദ്യ നാല് മാസത്തിനിടെ പിടികൂടിയത് 5,936 മൈനകളെ. നിയന്ത്രണ നടപടികൾ ഫലപ്രദമെന്ന് അധികൃതർ. രാജ്യത്തിന്റെ പരിസ്ഥിതിയിലേക്ക് കടന്നു കയറുന്ന കുടിയേറ്റ പക്ഷികളായ മൈനകളെയാണ് അധികൃതർ പിടികൂടുന്നത്.
പരിസ്ഥിതിക്ക് നാശനഷ്ടങ്ങളുണ്ടാക്കുന്നതിനെ തുടർന്നാണ് മൈനകളെ തുരത്താൻ നടപടികൾ സ്വീകരിച്ചത്. കാർഷിക മേഖലയ്ക്കും മറ്റ് പക്ഷികൾക്കും ഇവ ഉപദ്രവകാരികളാണ്.മുൻവർഷം സമാന കാലയളവിലേക്കാൾ കൂടുതൽ മൈനകളെയാണ് ഇത്തവണ പിടിച്ചതെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള 4 മാസത്തിനിടെ 2,791 മൈനകളെയാണ് പിടിച്ചത്.
കഴിഞ്ഞ വർഷം മൈനകളെ പിടിക്കാൻ 600 കൂടുകളാണ് ഉപയോഗിച്ചതെങ്കിൽ ഈ വർഷം 1,934 കൂടുകൾ ഉപയോഗിച്ചാണ് 5,936 മൈനകളെ പിടിച്ചത്. രാജ്യത്തുടനീളമായുള്ള 33 ലൊക്കേഷനുകളിലാണ് മൈനകളെ പിടികൂടാൻ കെണിയൊരുക്കിയിരിക്കുന്നത്.ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നാണ് ഖത്തറിലേക്ക് മൈനകൾ എത്തുന്നത്. ഖത്തറിലേക്ക് എത്തുന്ന മൈനകൾ തിരികെ മടങ്ങുന്നില്ലെന്നതാണ് അധികൃതർക്ക് വലിയ വെല്ലുവിളി ഉയർത്തുന്നത്. മൈനകളെ വേഗത്തിൽ പിടികൂടാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)