
പ്ലസ് ടു കഴിഞ്ഞ് വീഡിയോ ഗെയിം കളിക്കാം: വിഡിയോ ഗെയിം ഡിസൈൻ കോഴ്സുമായി യുഎഇ
അബൂദബി: അബൂദബി യൂനിവേഴ്സിറ്റിയിൽ (എ.ഡി.യു) അടുത്ത അക്കാദമിക് വർഷം മുതൽ വിഡിയോ ഗെയിം ഡിസൈനിൽ ഡ്യുവൽ-സർട്ടിഫൈഡ് ബാച്ച്ലർ ഓഫ് ആർട്സ് ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നു. വിഡിയോ ഗെയിം ഡിസൈൻ ബിരുദ കോഴ്സ് ആരംഭിക്കുന്നതിനായി അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പും (ഡി.സി.ടി) എ.ഡി.യുവും വിഡിയോ ഗെയിം നിർമാണ രംഗത്തുപ്രവർത്തിക്കുന്ന ഫ്രഞ്ച് സ്ഥാപനമായ റുബികയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഡി.സി.ടിയിലെ സ്ട്രാറ്റജിക് അഫയേഴ്സ് ഡയറക്ടർ സഈദ് അലി അൽ ഫസാരി, എ.ഡി.യു ചാൻസലർ പ്രഫ. ഗസ്സൻ ഔദ്, റുബിക സി.ഇ.ഒ ഡോ. സ്റ്റെഫാനി ആൻഡ്രി എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ഗെയിം ഡിസൈനർമാർക്ക് ലോകോത്തര വിദ്യാഭ്യാസവും പ്രായോഗികത പരിചയവും ഉറപ്പുവരുത്തിയാണ് ഗെയിമിങ് മേഖലയുടെ പ്രാദേശിക, അന്തർദേശീയ വളർച്ച ഉറപ്പുവരുത്തുന്നതെന്ന് അൽ ഫസ്സാരി പറഞ്ഞു. ഇന്റേൺഷിപ്പുകൾ, മെന്റർഷിപ് പ്രോഗ്രാമുകൾ, പ്രാദേശിക ഗെയിം സ്റ്റുഡിയോകളുമായുള്ള ബന്ധം തുടങ്ങിയവ പഠിതാക്കൾക്ക് ലഭ്യമാക്കും. പ്രോഗ്രാമിൽ പ്രവേശിക്കുന്നതിനും പങ്കെടുക്കുന്നതിനും പിന്തുണ നൽകുന്നതിനായി ആറുവർഷക്കാലയളവിൽ 140ലേറെ സ്കോളർഷിപ്പുകൾ വരെ അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പ് നൽകും. ആഗസ്റ്റിലാണ് കോഴ്സിലേക്കുള്ള അഡ്മിഷൻ തുടങ്ങുന്നത്. യു.എ.ഇ പൗരന്മാർക്കു പുറമേ വിദേശികൾക്കും കോഴ്സിൽ അഡ്മിഷൻ ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)