Posted By user Posted On

ഖത്തര്‍ എയര്‍വേയ്‌സ് വെറുതെയല്ല 210 വിമാനങ്ങള്‍ വാങ്ങുന്നത്; വന്‍ ലാഭം, മറ്റു കമ്പനികളും കീഴില്‍

ദോഹ: ലോകത്തെ പ്രധാന വിമാന കമ്പനികളില്‍ ഒന്നാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഖത്തര്‍ ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി ഓരോ വര്‍ഷവും വലിയ ലാഭത്തിലാണ് കുതിപ്പ്. കമ്പനിയുടെ പുതിയ ലാഭക്കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനൊപ്പം വന്‍തോതില്‍ വിമാനങ്ങള്‍ വാങ്ങിക്കൂട്ടാനാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ തീരുമാനം. കൂടെ മറ്റൊരു പദ്ധതി കൂടി വിജയകരമായി നടപ്പാക്കുന്നുണ്ട്. സൗദി അറേബ്യയുടെ സൗദിയ, യുഎഇയുടെ എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ പ്രധാന വിമാന കമ്പനികളുമായി മല്‍സരിക്കുന്ന ജിസിസിയിലെ മറ്റൊരു വിമാനക്കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്‌സ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്പനിക്ക് 28 ശതമാനം ലാഭമുണ്ടായി എന്നാണ് പുറത്തുവന്ന പുതിയ കണക്ക്. 780 കോടി റിയാല്‍ ആണ് മൊത്തം ലാഭം.

കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ സന്ദര്‍ശിച്ച വേളയില്‍ പുതിയ വിമാനങ്ങള്‍ വാങ്ങുന്ന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. മൊത്തം 210 വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് വാങ്ങുന്നത്. ബോയിങിന്റെ 777എക്‌സ്, 787 ഇനത്തില്‍പ്പെട്ട 160 വിമാനങ്ങളും 50 ജെറ്റ്‌ലൈനേഴ്‌സ് വിമാനങ്ങളുമാണ് വാങ്ങുന്നത്. 9600 കോടി ഡോളറിന്റെ ഇടപാടാണ് ഇതുവഴി ഖത്തറും അമേരിക്കയും നടത്തുക.

ആകാശം ഭരിക്കാന്‍ ഖത്തര്‍

നിലവില്‍ 150 ബോയിങ് വിമാനങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സിനുണ്ട്. അതിന് പുറമെയാണ് പുതിയത് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യയില്‍ ബോയിങ് വിമാനങ്ങള്‍ കൂടുതല്‍ സര്‍വീസ് നടത്തുന്നത് ഖത്തര്‍ എയര്‍വേയ്‌സ് ആയി മാറും. ഖത്തറിന്റെ പുതിയ ഓര്‍ഡര്‍ ലഭിക്കുന്നതോടെ അമേരിക്കയില്‍ നാല് ലക്ഷം പേര്‍ക്ക് ജോലി അവസരം ഒരുങ്ങുമെന്നാണ് പ്രവചനങ്ങള്‍.

മറ്റു പ്രധാന വിമാന കമ്പനികളുടെ ഓഹരികള്‍ വാങ്ങി ലാഭം കൊയ്യാനും ഖത്തര്‍ എയര്‍വേയ്‌സ് പദ്ധതി തയ്യാറാക്കിയിരുന്നു. വിര്‍ജിന്‍ ഓസ്‌ട്രേലിയയുടെ 25 ശതമാനം ഓഹരി, ദക്ഷിണാഫ്രിക്കയുടെ എയര്‍ലിങ്കിന്റെ 25 ശതമാനം ഓഹരികള്‍ എന്നിവ കഴിഞ്ഞ വര്‍ഷം മാത്രം ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കി. ഇന്ത്യയിലെ ചില വിമാന കമ്പനികളുടെ ഓഹരികളും ഖത്തര്‍ എയര്‍വേയ്‌സ് വാങ്ങുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ആവശ്യത്തിലധികം പണം കൈവശമുണ്ട് എന്നതാണ് ഖത്തറിന്റെ നേട്ടം. ലോകത്തെ പ്രധാന പ്രകൃതി വാതക ഉല്‍പ്പാദന-കയറ്റുമതി രാജ്യമാണ് ഖത്തര്‍. ജനസംഖ്യ 27 ലക്ഷമാണ്. ഇതില്‍ പകുതിയില്‍ താഴെ മാത്രമേ സ്വദേശികള്‍ ഉള്ളൂ. ബാക്കിയെല്ലാം വിദേശികളാണ്. ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം ഖത്തര്‍ ഒറ്റയ്ക്ക് ഏറ്റെടുത്ത് നടത്തിയത് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന ടൂര്‍ണമെന്റുകള്‍ ഒന്നിലധികം രാജ്യങ്ങള്‍ ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.

വ്യോമയാന മേഖലയില്‍ സ്വാധീനം ശക്തമാക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് എല്ലാ വര്‍ഷവും പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കാറുണ്ട്. എല്ലാ പദ്ധതികളും കഴിഞ്ഞ വര്‍ഷം വിജകരമായി പൂര്‍ത്തിയാക്കി എന്ന് കമ്പനി സിഇഒ ബദര്‍ മുഹമ്മദ് അല്‍മീര്‍ പറയുന്നു. ഖത്തര്‍ എയര്‍വേയ്‌സിന്റെ സമ്പൂര്‍ണ ലാഭവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രാഥമിക കണക്കുകള്‍ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *