
ദോഹ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി, വിമാനത്തിനകത്ത് യാത്രക്കാര് കാത്തിരുന്നത് ഒരു മണിക്കൂർ
ദോഹ: ഖത്തറിൽ നിന്നും വെള്ളിയാഴ്ച കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് ദുരിതത്തിലായി യാത്രക്കാർ. വെള്ളിയാഴ്ച രാവിലെ 11.50ന് ദോഹയിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 376 വിമാനമാണ് പുറപ്പെടാനിരിക്കെ റദ്ദാക്കിയത്.
ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ചെക്ക് ഇൻ ചെയ്ത് ബോർഡിങും കഴിഞ്ഞ് വിമാനത്തിൽ കയറിയ ശേഷമായിരുന്നു സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. ഒരു മണിക്കൂറോളം വിമാനത്തിലിരുന്ന ശേഷം, മുഴുവൻ യാത്രക്കാരെയും പുറത്തിറക്കുകയായിരുന്നു. ഒന്നര മണിക്കൂറിനുള്ളിൽ പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും വൈകുന്നേരമായതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. സാങ്കേതിക തകരാർ പരിഹരിച്ച് വിമാനത്തിന് പുറപ്പെടാൻ കഴിയാതായതോടെ വെള്ളിയാഴ്ചത്തെ സർവീസ് റദ്ദാക്കുകയായിരുന്നു
യാത്ര മുടങ്ങിയതോടെ ഗർഭിണികളും, പ്രായമായവരും കുട്ടികളും ഉൾപ്പെടെ നൂറിലേറെ പേരാണ് പെരുവഴിയിലായത്. ഇവരിൽ കുറച്ചുപേർക്ക് വെള്ളിയാഴ്ച രാത്രിയിലെ കണ്ണൂർ വിമാനത്തിലും, ശനിയാഴ്ചത്തെ കോഴിക്കോട്, കണ്ണൂർ വിമാനത്തിലും ടിക്കറ്റ് നൽകി യാത്രാ സൗകര്യം ഒരുക്കി. എന്നാൽ, കൂടുതൽ പേരും എന്ന് യാത്ര സാധ്യമാവുമെന്നറിയാതെ ശനിയാഴ്ച വൈകിയും ഹോട്ടലുകളിൽ തന്നെ കുടുങ്ങി കിടക്കുകയാണ്. ചെക്ക് ഇൻ ചെയ്ത് ലഗേജുകളെല്ലാം നൽകിയ ശേഷം യാത്ര മുടങ്ങിയതിനാൽ ഏറെ പേരും മാറ്റിയുടുക്കാൻ വസ്ത്രങ്ങൾ പോലും കൈയിലില്ലാതെയാണ് ഹോട്ടലിൽ കഴിയുന്നത്. യാത്രമുടങ്ങിയവരെ മറ്റു ഷെഡ്യൂളുകളിലായി ടിക്കറ്റ് നൽകി നാട്ടിലെത്തിക്കാനാണ് ഇപ്പോൾ വിമാനത്താവള അധികൃതരുടെ ശ്രമം
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)