 
						ഖത്തര്‍ ഡിജിറ്റല്‍ ആപ്പുണ്ടെങ്കില്‍ ഹമദ് എയര്‍പോര്‍ട്ടിലെ ഇ-ഗേറ്റുകള്‍ വഴി എളുപ്പത്തില്‍ ഇറങ്ങിവരാം
ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഖത്തര്‍ ഡിജിറ്റല്‍ ഐഡൻ്റിറ്റി (ക്യുഡിഐ) ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റുകളിലൂടെ എളുപ്പത്തില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തറിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അവരുടെ രേഖകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ സൂക്ഷിക്കാനും ആവശ്യത്തിന് ഉപയോഗിക്കാനും, അതോടൊപ്പം ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് സേവനങ്ങള്‍ ലഭ്യമാക്കാനും സഹായിക്കുന്ന സ്മാര്‍ട്ട് ആപ്ലിക്കേഷനാണ് ഖത്തര്‍ ഡിജിറ്റല്‍ ഐഡൻ്റിറ്റി ആപ്പ്.രാജ്യത്തെ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി 2024 ഒക്ടോബറിലാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിൻ്റെ കീഴില്‍ ക്യുഡിഐ ആപ്പ് ആരംഭിച്ചത്. ഇത് ഉപയോഗിച്ച് ഇ- ഗെയിറ്റുകള്‍ വഴിയുള്ള പ്രവേശനത്തിന് വഴിയൊരുക്കിയിരിക്കുകയാണ് അധികൃതര്‍. ഇ – ഗേറ്റുകളിലൂടെ ക്യുഡിഐ ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്നത് വ്യക്തമാക്കുന്ന ഒരു വീഡിയോയും ആഭ്യന്തര മന്ത്രാലയം തങ്ങളുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുപ്രകാരം, പൗരന്മാരും താമസക്കാരും ക്യുഡിഐ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മുഖം തിരിച്ചറിയല്‍ ഉള്‍പ്പെടെയുള്ള സൈന്‍ – അപ്പ് പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനു ശേഷം, ക്യുഡിഐ ആപ്പിലെ ഡിജിറ്റല്‍ കാര്‍ഡുകള്‍ എന്ന വിഭാഗത്തില്‍ സൈ്വപ്പ് ചെയ്ത് ‘ട്രാവല്‍ ഡോക്യുമെൻ്റ്’ കാര്‍ഡ് തിരഞ്ഞെടുക്കണം.
ഖത്തര്‍ ഡിജിറ്റല്‍ ആപ്പുണ്ടെങ്കില്‍ ഹമദ് എയര്‍പോര്‍ട്ടിലെ ഇ-ഗേറ്റുകള്‍ വഴി എളുപ്പത്തില്‍ ഇറങ്ങിവരാം
തുടര്‍ന്ന് കാര്‍ഡിൻ്റെ മുകളിലുള്ള ഐക്കണില്‍ ടാപ്പ് ചെയ്ത് നിങ്ങളുടെ മുഖം തിരിച്ചറിയല്‍ അഥവാ ഫെയ്സ് റെക്കഗ്നിഷന്‍ സ്ഥിരീകരിക്കാം. മുഖം തിരിച്ചറിയല്‍ പൂര്‍ത്തിയായാല്‍ നിങ്ങളുടെ മൊബൈല്‍ ഹാന്‍ഡ് സെറ്റുമായി ഇ-ഗേറ്റിലേക്ക് പോയി അവിടെയുള്ള സ്കാനറിന് സമീപം കൊണ്ടുവന്ന് സ്ഥിരീകരണത്തിനായി കാത്തിരിക്കണം. സ്ഥിരീകരണം ലഭിച്ചാലുടന്‍ മറ്റ് രേഖകളൊന്നും സമര്‍പ്പിക്കാതെ വിമാനത്താവളത്തില്‍ പ്രവേശിക്കാനോ പുറത്തുകടക്കാനോ സാധിക്കും.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഖത്തര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി ആപ്പില്‍ ഉപയോക്താവിൻ്റെ പാസ്പോര്‍ട്ട്, ഐഡി കാര്‍ഡ്, ദേശീയ വിലാസം, ഡ്രൈവിങ് ലൈസന്‍സ്, സ്ഥാപന രജിസ്ട്രേഷന് കാര്‍ഡ്, ആയുധ പെര്‍മിറ്റ് കാര്‍ഡ് എന്നിവ സൂക്ഷിക്കാനും അവയുടെ ഭൗതിക രേഖകള്‍ക്ക് പകരമായി ഉപയോഗിക്കാനും കഴിയും. ഇതിലേക്ക് പുതുതായി ചേര്‍ത്തിരിക്കുന്ന സൗകര്യമാണ് ഇഗേറ്റ് വഴിയുള്ള പ്രവേശനം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
 
		 
		 
		 
		 
		
Comments (0)