ദുബായിൽ വാടക കുറഞ്ഞു; പുതിയ വീടുകളിലേക്ക് മാറുന്നവരുടെ എണ്ണത്തിൽ വൻ വർധന

Dubai tenants; ദുബായിൽ വീട്ടുവാടക കുറഞ്ഞതോടെ താമസക്കാർക്ക് വിലപേശൽ ശേഷി വർധിക്കുകയും മികച്ച വീടുകളിലേക്ക് മാറുന്നവരുടെ എണ്ണം കൂടുകയും ചെയ്തതായി റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ ജെ.എൽ.എല്ലിന്റെ 2026 മൂന്നാം പാദത്തിലെ ലിവിംഗ് മാർക്കറ്റ് ഡൈനാമിക്സ് റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. സെപ്റ്റംബർ വരെയുള്ള 12 മാസത്തിനിടെ ദുബായിലെ ശരാശരി വാടക 5.2 ശതമാനം കുറഞ്ഞു. അപ്പാർട്ട്മെന്റ് വാടക 5.3 ശതമാനവും വില്ലകളുടേത് 3.0 ശതമാനവുമാണ് താഴ്ന്നത്. വാടക കരാറുകൾ പുതുക്കുന്നതിലെ വാർഷിക വളർച്ച 2.4 ശതമാനത്തിൽ ഒതുങ്ങിയപ്പോൾ, പുതിയ വാടക രജിസ്ട്രേഷനുകൾ മുൻ പാദത്തേക്കാൾ 48.6 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 13.7 ശതമാനവും കുതിച്ചു. സ്കൂൾ വർഷത്തിന് മുന്നോടിയായുള്ള തിരക്ക് ആകെ രജിസ്ട്രേഷനിൽ 7.0 ശതമാനം വാർഷിക വളർച്ച നൽകി. അതേസമയം, ദുബായ് ഭവന വിൽപ്പന വിപണിയിൽ മാന്ദ്യം തുടരുകയാണ്. ആകെ വിൽപ്പന വാർഷികാടിസ്ഥാനത്തിൽ 37.7 ശതമാനം കുറഞ്ഞു. ഓഫ്-പ്ലാൻ വിൽപ്പന 41.8 ശതമാനവും സെക്കൻഡറി വിപണി 24.9 ശതമാനവും ഇടിഞ്ഞു. എന്നാൽ റീസെയിൽ ഇടപാടുകളിലെ 19.8 ശതമാനം വളർച്ച ആകെ പാദവാർഷിക ഇടിവ് 2.2 ശതമാനമായി കുറച്ചു. വില്ല വില 2.2 ശതമാനം ഉയർന്നപ്പോൾ അപ്പാർട്ട്മെന്റ് വില 0.9 ശതമാനം താഴ്ന്നു. അബുദാബിയിലും വിൽപ്പന 9.6 ശതമാനം കുറഞ്ഞു. മൂന്നാം പാദത്തിൽ ദുബായിൽ ഏകദേശം 14,000 പുതിയ യൂണിറ്റുകൾ കൈമാറിയതോടെ ആകെ ഭവന ശേഖരം 9,23,700 ആയി. നാലാം പാദത്തിൽ 17,000 യൂണിറ്റുകൾ കൂടി പൂർത്തിയാകും. നിർമ്മാണ സാമഗ്രികളുടെ വിലവർധനവും കാലതാമസവും കാരണം പുതിയ പ്രോജക്ടുകളിൽ ഡെവലപ്പർമാർ കരുതൽ പുലർത്തുമെന്ന് ജെ.എൽ.എൽ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക ഗവേഷണ മേധാവി തൈമൂർ ഖാൻ പറഞ്ഞു. വില കുറയുന്നതിന് പരിധിയുള്ളതിനാൽ വാങ്ങുന്നവരെ ആകർഷിക്കാൻ ഫ്ലെക്സിബിൾ പേയ്‌മെന്റ് പ്ലാനുകൾ നിർണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version