
കുവൈത്തിൽ സ്വകാര്യ വീടിനുള്ളിൽ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന ഭക്ഷ്യനിർമാണ കേന്ദ്രത്തിനെതിരെ അധികൃതരുടെ നടപടി. ഭക്ഷ്യസുരക്ഷാ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിൽ ഗുരുതരമായ അഞ്ച് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സ്വകാര്യ വസതിയിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷ്യവസ്തുക്കൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഭക്ഷ്യസ്ഥാപനം നടത്തുന്നതിനാവശ്യമായ ആരോഗ്യവകുപ്പിന്റെ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തതായും പരിശോധനയിൽ വ്യക്തമായി. കൂടാതെ, ആവശ്യമായ ഹെൽത്ത് കാർഡുകളോ ആരോഗ്യ സർട്ടിഫിക്കറ്റുകളോ ഇല്ലാത്ത തൊഴിലാളികളെയാണ് ഇവിടെ ജോലിക്ക് നിയോഗിച്ചിരുന്നതെന്നും അധികൃതർ കണ്ടെത്തി.
പരിശോധനയിൽ കണ്ടെത്തിയ അഞ്ച് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ തയാറാക്കുകയും സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം അനധികൃത ഭക്ഷ്യകേന്ദ്രങ്ങൾക്കെതിരായ പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. ഇതിനായി മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്ന് നടപടികൾ ഏകോപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യസംരക്ഷണത്തിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുന്നറിയിപ്പ് നൽകി.