ഫുജൈറ ദുരന്തത്തിൽ മരിച്ച 14 പേരുടെയും വിവരങ്ങൾ പുറത്തുവിട്ടു; മരിച്ചവരിൽ 4 ഇന്ത്യക്കാർ, 30 പേർക്ക് പരുക്ക്

യുഎഇയെ നടുക്കിയ ഫുജൈറയിലെ വാഹനാപകടത്തിൽ മരിച്ച 14 പേരുടെയും തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കി അധികൃതർ. മരിച്ചവരിൽ 10 പേർ യുഎഇ പൗരന്മാരും നാലുപേർ ഇന്ത്യക്കാരുമാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിൽ പരുക്കേറ്റ 30 പേരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. നവംബർ 12 വ്യാഴാഴ്ച പുലർച്ചെ ഫുജൈറയിലേക്കുള്ള ശൈഖ് ഖലീഫ ബിൻ സായിദ് റോഡിലായിരുന്നു തുടർച്ചയായ വാഹനാപകടങ്ങൾ ഉണ്ടായത്. നിരവധി കാറുകളും ട്രക്കുകളും അപകടത്തിൽപ്പെട്ടതോടെ വലിയ ദുരന്തമായി മാറുകയായിരുന്നു. 14 പേരുടെ മരണത്തിനൊപ്പം 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ എട്ട് യുഎഇ പൗരന്മാർ, ഏഴ് ഇന്ത്യക്കാർ, ആറ് ഒമാൻ സ്വദേശികൾ, മൂന്ന് ഈജിപ്തുകാർ, രണ്ട് ജോർദാൻ സ്വദേശികൾ, രണ്ട് പാക്കിസ്ഥാനികൾ, രണ്ട് ബ്രസീൽ സ്വദേശികൾ എന്നിവരാണുള്ളത്.

അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടസ്ഥലത്തെ പരിശോധനകൾക്കും സാങ്കേതിക പരിശോധനകൾക്കും പുറമെ ലബോറട്ടറി പരിശോധനകളും നടത്താൻ നിർദേശിച്ചിട്ടുണ്ട്. അപകടത്തിൽ നിയമപരമായ ഉത്തരവാദിത്തം ആർക്കൊക്കെയാണെന്നും അന്വേഷണത്തിലൂടെ കണ്ടെത്തും. പോലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രികളിലെത്തിച്ചിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. അതേസമയം, വാഹനമോടിക്കുന്നവർ വേഗപരിധി പാലിക്കണമെന്നും മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം നിലനിർത്തണമെന്നും ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version