
യുഎഇയിൽ കുട്ടികളുടെ വാഹനയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ട്രാഫിക് നിയമങ്ങളിൽ കർശന വ്യവസ്ഥകൾ വരുന്നു. 2027 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ പ്രകാരം കുട്ടികളുടെ പ്രായം, ഉയരം, കാർ സീറ്റുകളുടെ ഉപയോഗം എന്നിവയിൽ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടിവരും. നാലു വയസ്സും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് വാഹനങ്ങളിൽ ചൈൽഡ് സേഫ്റ്റി സീറ്റ് നിർബന്ധമാണ്. കുട്ടിയുടെ പ്രായത്തിനും ഭാരത്തിനും ഉയരത്തിനും അനുയോജ്യമായ സീറ്റ് വാഹനത്തിന്റെ പിൻഭാഗത്താണ് സ്ഥാപിക്കേണ്ടത്. യുഎഇയിലെ അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന സീറ്റുകളായിരിക്കണമെന്നും നിർദേശമുണ്ട്.
മുൻസീറ്റിൽ കുട്ടികളെ ഇരുത്താമോ?
പുതിയ വ്യവസ്ഥ പ്രകാരം 10 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കോ കുറഞ്ഞത് 145 സെന്റീമീറ്റർ ഉയരമുള്ള കുട്ടികൾക്കോ മുൻസീറ്റിൽ യാത്ര ചെയ്യാം. ഈ രണ്ട് നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് പാലിച്ചാൽ മതിയാകും. എന്നാൽ നാലു വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്നതിന് പ്രത്യേക ഇളവുകൾ മാത്രമാണുള്ളത്. കുട്ടിയുടെ ആരോഗ്യപ്രശ്നം കാരണം സുരക്ഷാ സീറ്റ് ഉപയോഗിക്കാൻ കഴിയില്ലെന്ന് ബന്ധപ്പെട്ട യുഎഇ ആരോഗ്യവിഭാഗം സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം. ഈ സാഹചര്യത്തിൽ കുട്ടിക്കൊപ്പം മറ്റൊരു മുതിർന്നയാൾ പിൻസീറ്റിലുണ്ടായിരിക്കണം. പിൻസീറ്റുകളില്ലാത്ത വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷാ സീറ്റ് മുൻവശത്ത് സ്ഥാപിക്കാം. എന്നാൽ സീറ്റ് പിന്നിലേക്ക് അഭിമുഖമായിരിക്കണം (റിയർ ഫേസിങ്). കൂടാതെ മുൻവശത്തെ പാസഞ്ചർ എയർബാഗ് പ്രവർത്തനരഹിതമാക്കുകയും വേണം.
ഏത് പ്രായത്തിൽ ഏത് സീറ്റ്?
നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് റിയർ ഫേസിങ് സീറ്റുകളാണ് ശുപാർശ ചെയ്യുന്നത്. കുട്ടിയുടെ ഉയരവും ഭാരവും സീറ്റ് നിർമാതാക്കളുടെ നിർദേശങ്ങൾക്കനുസരിച്ച് അനുയോജ്യമാകുമ്പോൾ ഫോർവേഡ് ഫേസിങ് സീറ്റുകളിലേക്ക് മാറ്റാം. അഞ്ച് മുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികൾക്ക് സീറ്റ് ബെൽറ്റ് ശരിയായ രീതിയിൽ ശരീരത്തിൽ ഉറപ്പിക്കാൻ ബൂസ്റ്റർ സീറ്റുകളും ഉപയോഗിക്കാം. ഇതിനുപുറമെ യാത്രയ്ക്കിടെ കുട്ടികൾ വാഹനത്തിന്റെ വാതിലുകളോ ജനലുകളോ തുറക്കാതിരിക്കാൻ ചൈൽഡ് സേഫ്റ്റി ലോക്കുകൾ പ്രവർത്തിപ്പിക്കണം. പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ തെറിച്ചുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ കാറിനുള്ളിൽ സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. പാർക്ക് ചെയ്ത വാഹനത്തിനുള്ളിൽ കുട്ടികളെ തനിച്ചാക്കി പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.