
യാത്രക്കാർക്കും നിവാസികൾക്കും കൂടുതൽ സൗകര്യമൊരുക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). മെട്രോ, ബസ്, ടാക്സി യാത്രകൾക്കൊപ്പം പാർക്കിങ് ഫീസ് ഉൾപ്പെടെയുള്ള ദൈനംദിന പണമിടപാടുകൾക്കും ഉപയോഗിക്കാവുന്ന പുതിയ ‘നോൽ–ജയ്വാൻ’ കാർഡ്അവതരിപ്പിക്കുന്നു. യുഎഇയുടെ ദേശീയ പേയ്മെന്റ് സംവിധാനമായ ‘ജയ്വാനുമായി’ സഹകരിച്ചാണ് ആർടിഎ പുതിയ സംവിധാനം ഒരുക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ഈ മാസം ആരംഭിക്കും. വിവിധ ആവശ്യങ്ങൾക്കായി ഒന്നിലധികം കാർഡുകൾ കൈയിൽ കരുതേണ്ട സാഹചര്യം ഒഴിവാക്കി യാത്രയ്ക്കും പേയ്മെന്റുകൾക്കും ഒരൊറ്റ കാർഡ് എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യഘട്ടത്തിൽ ദുബായ് മെട്രോ, ട്രാം, പൊതു ബസുകൾ, ദുബായ് ടാക്സികൾ എന്നിവയിലെ യാത്രകൾക്കും ആർടിഎയുടെ പൊതു പാർക്കിങ് കേന്ദ്രങ്ങളിലെ ഫീസ് അടയ്ക്കുന്നതിനും കാർഡ് ഉപയോഗിക്കാം. ആൻഡ്രോയ്ഡ്, ഐഒഎസ് സ്മാർട്ട്ഫോണുകൾ വഴി കാർഡ് ആക്റ്റിവേറ്റ് ചെയ്ത് ഡിജിറ്റൽ പേയ്മെന്റും നടത്താനാകും.
ദുബായ്ക്ക് പുറത്തും യുഎഇയിലെ വിവിധ പൊതു-സ്വകാര്യ ഗതാഗത സേവനങ്ങൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ബുക്ക് ചെയ്യാനും പണമടയ്ക്കാനും കാർഡ് ഉപയോഗിക്കാനാകും.
യാത്രാ സൗകര്യങ്ങൾക്കൊപ്പം ഉപയോക്താക്കൾക്ക് വിവിധ ആനുകൂല്യങ്ങളും ലഭിക്കും. ഷോപ്പിങ് ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്കായി 120-ലധികം ഓഫറുകളും ഇളവുകളും കാർഡ് ഉടമകൾക്ക് ലഭ്യമാക്കും.
പദ്ധതി ഘട്ടംഘട്ടമായാണ് പൊതുജനങ്ങളിലേക്ക് വ്യാപിപ്പിക്കുക. കാർഡ് പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തീയതി, നിരക്കുകൾ, നിലവിലുള്ള നോൽ കാർഡുകൾ പുതിയ സംവിധാനത്തിലേക്ക് മാറ്റേണ്ടതുണ്ടോ തുടങ്ങിയ വിശദാംശങ്ങൾ ആർടിഎ പിന്നീട് പ്രഖ്യാപിക്കും.