ആശുപത്രിക്കിടക്കയിലും പഠനം മുടങ്ങില്ല; രോഗബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി കുവൈറ്റിൽ പുതിയ പദ്ധതി 

ഗുരുതര രോഗങ്ങളെ തുടർന്ന് ദീർഘകാലം ആശുപത്രിയിൽ കഴിയേണ്ടിവരുന്ന കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ കുവൈത്തിൽ നടപ്പാക്കുന്ന ‘അബി അതഅല്ലം’ വിദ്യാഭ്യാസ പദ്ധതി ശ്രദ്ധേയമാകുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികൾക്ക് അവിടെത്തന്നെ പഠനം തുടരാനുള്ള അവസരമാണ് പദ്ധതിയിലൂടെ ഒരുക്കുന്നത്.

നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ആരംഭിച്ച ഒരു മാനുഷിക സംരംഭത്തിൽനിന്നാണ് പദ്ധതി പിന്നീട് വലിയ കൂട്ടായ്മയായി വളർന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ അധ്യാപകരുടെ സന്നദ്ധ സേവനമാണ് പദ്ധതിയുടെ പ്രധാന കരുത്ത്.

‘രോഗബാധിതനായാലും പഠനം തുടരും’ എന്ന ആശയമാണ് ‘അബി അതഅല്ലം’ മുന്നോട്ടുവയ്ക്കുന്നത്. കുട്ടികൾക്ക് അവരുടെ സ്വന്തം സ്കൂളിലെ അംഗീകൃത പാഠ്യപദ്ധതി അനുസരിച്ച് ആശുപത്രികളിലെ പ്രത്യേക ക്ലാസ് മുറികളിലും ചികിത്സാ മുറികളിലും ഓൺലൈൻ സംവിധാനത്തിലൂടെയും പഠനം തുടരാം. ചികിത്സ പൂർത്തിയാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ സഹപാഠികൾക്കൊപ്പം പഠനം തുടരാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി നിലവിൽ അഞ്ച് ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ, അൽ റാസി ആശുപത്രി എന്നിവയ്ക്ക് പിന്നാലെ ഈ വർഷം ഫെബ്രുവരിയിൽ അദാൻ ആശുപത്രിയിലും പദ്ധതി ആരംഭിച്ചു.

മൈദാൻ ഹവല്ലിയിലെ അസോസിയേഷൻ ആസ്ഥാനത്തെ ‘സ്നിയാർ’ ക്ലാസും കുവൈത്തിന് പുറത്തു ചികിത്സയിൽ കഴിയുന്ന കുട്ടികൾക്കായി ഓൺലൈനായി നടത്തുന്ന ‘ഇശ്റാഖ തഅ്‌ലീമിയ’ ക്ലാസും പദ്ധതിയുടെ ഭാഗമാണ്. 2025–2026 അധ്യയന വർഷത്തിൽ 54 കുട്ടികൾക്ക് പദ്ധതിയുടെ സേവനം ലഭിച്ചു. ഈ അധ്യയന വർഷം ഇതുവരെ 51 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ കൂടുതൽ ക്ലാസുകൾ ആരംഭിക്കുന്നതിനൊപ്പം പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിക്കാനും പദ്ധതിയുണ്ട്. ‘രോഗബാധിതരായ ഓരോ കുട്ടിക്കും ഒരു അധ്യാപകൻ’ എന്ന പേരിൽ പുതിയ പദ്ധതിയും ആരംഭിക്കും. പ്രതിവർഷം 80 മുതൽ 120 വരെ വിദ്യാർഥികൾക്ക് സേവനം നൽകുകയും 25 അധ്യാപകർക്ക് പരിശീലനം നൽകുകയും ചെയ്യുകയാണ് ലക്ഷ്യം.

പീഡിയാട്രിക് കൺസൾട്ടന്റും പദ്ധതിയുടെ സ്ഥാപകയുമായ ഡോ. മഹാ ബുർസ്ലിയാണ് ‘അബി അതഅല്ലം’ എന്ന ആശയത്തിന് തുടക്കമിട്ടത്. ദീർഘകാലം ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ കാര്യത്തിൽ ചികിത്സയ്ക്കും വേദന കുറയ്ക്കുന്നതിനുമായിരുന്നു സാധാരണയായി കൂടുതൽ ശ്രദ്ധ. എന്നാൽ രോഗബാധിതനായ ഒരു പത്ത് വയസ്സുകാരൻ ഡോക്ടറോട് ചോദിച്ച ഒരു ചോദ്യമാണ് പുതിയൊരു ആശയത്തിന് വഴിതുറന്നത്. ‘എനിക്ക് സ്കൂളിൽ പോകാനും പഠിക്കാനും അവകാശമില്ലേ?’ എന്നായിരുന്നു ആ കുട്ടിയുടെ ചോദ്യം. ഈ ചോദ്യം ഡോ. മഹാ ബുർസ്ലിയെ ആഴത്തിൽ സ്വാധീനിച്ചു. തുടർന്ന് 2015–2016 കാലഘട്ടത്തിൽ ഡോക്ടർമാർ, അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുമായി നടത്തിയ ചർച്ചകളിലൂടെയാണ് പദ്ധതി യാഥാർഥ്യമായത്. രോഗികൾക്കുള്ള സഹായനിധിയും അൽ നജാത്ത് ചാരിറ്റബിൾ സൊസൈറ്റിയും പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിർണായക പിന്തുണ നൽകി.

പദ്ധതിയുടെ വളർച്ചയിൽ സന്നദ്ധ അധ്യാപകരുടെ പങ്കും വലുതാണ്. 2021–2022 അധ്യയന വർഷത്തിൽ 60 അധ്യാപകരാണ് സന്നദ്ധ സേവനത്തിനുണ്ടായിരുന്നത്. എന്നാൽ 2026–2027 അധ്യയന വർഷത്തിൽ ഇത് 143 ആയി ഉയർന്നു. പ്രതിഫലമില്ലാതെ തങ്ങളുടെ സമയവും അധ്യാപന പരിചയവും രോഗബാധിതരായ കുട്ടികളുടെ പഠനത്തിനായി മാറ്റിവയ്ക്കുകയാണ് ഇവർ. ചികിത്സയ്ക്കൊപ്പം വിദ്യാഭ്യാസവും കുട്ടികളുടെ അവകാശമാണെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ‘അബി അതഅല്ലം’ ആശുപത്രിക്കിടക്കയിലും അറിവിന്റെ വാതിൽ തുറന്നിടുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version