
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും ലൈവ് സംപ്രേഷണം നടത്തുന്നതിനും വിലക്ക്. സിവിൽ ഏവിയേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ സഅദ് അൽ ഉതൈബി ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
യാത്രക്കാർക്ക് മാത്രമല്ല, വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും വിലക്ക് ബാധകമാണ്. മൊബൈൽ ഫോൺ, ക്യാമറ, മറ്റ് സാങ്കേതിക ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ചിത്രീകരിക്കുകയോ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയോ തത്സമയം സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നത് ഇനി നിയമലംഘനമായി കണക്കാക്കും.
വിമാനത്താവളത്തിലെ റൺവേകൾ, യാത്രാ ടെർമിനലുകൾ, ഭരണ-സാങ്കേതിക കെട്ടിടങ്ങൾ എന്നിവയ്ക്കുപുറമെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കീഴിലുള്ള എല്ലാ സ്ഥലങ്ങളും വിലക്കിന്റെ പരിധിയിൽ ഉൾപ്പെടും.ആഭ്യന്തര രേഖകൾ, ഔദ്യോഗിക കത്തിടപാടുകൾ, സുരക്ഷാ നടപടികൾ, സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ, നിരീക്ഷണ ക്യാമറകൾ, വിമാനങ്ങളുടെ നീക്കങ്ങൾ, പ്രവർത്തന നടപടിക്രമങ്ങൾ തുടങ്ങിയവ ചിത്രീകരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും പ്രത്യേക വിലക്കുണ്ട്.
വിജ്ഞാപനം ലംഘിക്കുന്നവർക്കെതിരെ കുവൈത്തിലെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും.സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും എല്ലാ വിഭാഗങ്ങൾക്കും വകുപ്പുകൾക്കും പുതിയ നിർദേശം കർശനമായി പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.