‘അടക്കം ചെയ്യേണ്ട, ദഹിപ്പിക്കുകയും വേണ്ട’; പ്രകൃതിയോട് ചേർന്ന് മണ്ണാകാം, ഹ്യൂമൻ കമ്പോസ്റ്റിങ്ങിന് പച്ചക്കൊടി

Human composting; പരമ്പരാഗത ശവസംസ്കാര രീതികൾക്ക് വിട നൽകി, മരണശേഷം മൃതദേഹത്തെ ജൈവവളത്തിന് സമാനമായ മണ്ണാക്കി മാറ്റുന്ന ‘ടെറാമേഷൻ’ (ഹ്യൂമൻ കമ്പോസ്റ്റിങ്) രീതി നിയമവിധേയമാക്കുന്നു. ഓസ്‌ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിലാണ് ഈ ചരിത്രപരമായ മാറ്റത്തിന് തുടക്കമിടുന്നത്. പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്‌നറുകളിൽ നിയന്ത്രിതമായ താപനിലയിലും അന്തരീക്ഷത്തിലും മൃതദേഹം സൂക്ഷിച്ച്, സൂക്ഷ്മാണുക്കളുടെ സഹായത്തോടെ സ്വാഭാവിക ജൈവപ്രക്രിയയിലൂടെ മണ്ണാക്കി മാറ്റുന്ന രീതിയാണിത്. ചിതയിൽ ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന കനത്ത അന്തരീക്ഷ മലിനീകരണവും കാർബൺ പുറന്തള്ളലും ഒഴിവാക്കാനും, അടക്കം ചെയ്യാനായി വലിയ തോതിൽ സ്ഥലം കണ്ടെത്തേണ്ടിവരുന്ന പ്രതിസന്ധി മറികടക്കാനും ഈ പരിസ്ഥിതി സൗഹൃദ രീതിയിലൂടെ സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതാനും ആഴ്ചകൾ നീളുന്ന പ്രക്രിയയ്ക്ക് ശേഷം രൂപപ്പെടുന്ന പോഷകസമൃദ്ധമായ മണ്ണ് പരേതന്റെ കുടുംബത്തിന് കൈമാറും. നിലവിലെ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഈ മണ്ണ് കുടുംബത്തിന് പൂന്തോട്ടങ്ങളിലോ, സ്മാരകമായി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനോ ഉപയോഗിക്കാം. എന്നാൽ ഇത് സാധാരണ മണ്ണിൽ നിന്ന് വ്യത്യസ്തമായതിനാൽ അതിന്റെ ഉപയോഗം കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായിരിക്കും.
മരണാനന്തര കർമ്മങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തിനാണ് ഈ സംവിധാനത്തിൽ മുൻഗണന നൽകുന്നത്. മുൻകൂട്ടിയുള്ള സമ്മതവും ഔദ്യോഗിക നിയമനടപടികളും പൂർത്തിയാക്കിയാൽ മാത്രമേ മൃതദേഹം ഈ രീതിയിൽ സംസ്കരിക്കാൻ സാധിക്കൂ. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇതിനോടകം ഈ രീതിക്ക് നിയമപരമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഓസ്ട്രേലിയയിലും ഈ പരിസ്ഥിതി സൗഹൃദ സംസ്കാരരീതി എത്തുന്നത്. ഭൂമിയിലെ സ്ഥലപരിമിതിയും പാരിസ്ഥിതിക ആഘാതങ്ങളും ചർച്ചയാകുന്ന ഈ കാലഘട്ടത്തിൽ, പരമ്പരാഗത രീതികൾക്ക് പകരം വരുന്ന ‘ടെറാമേഷൻ’ വലിയ സ്വീകാര്യത നേടുമെന്നാണ് ഇതിനെ പിന്തുണയ്ക്കുന്നവരുടെ പ്രതീക്ഷ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version