കൊച്ചി: വിശ്രമകാലം സാമ്പത്തിക ഭദ്രതയുള്ളതാക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ പല നിക്ഷേപ വഴികളുമുണ്ട്. എന്നാൽ ‘കോടിപതി’യാകാൻ എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നുവോ അത്രയും ലാഭം എന്നാണ് വിപണി വിദഗ്ധർ പറയുന്നത്. മ്യൂച്ചൽ ഫണ്ടിലെ എസ്ഐപി (SIP) വഴി 60-ാം വയസ്സിൽ പത്തു കോടി രൂപ സമ്പാദിക്കാൻ ഓരോ പ്രായക്കാർക്കും വേണ്ട നിക്ഷേപ കണക്കുകൾ പരിശോധിക്കാം. നിക്ഷേപം തുടങ്ങാൻ വൈകിയാൽ തിരിച്ചടി! പ്രതിവർഷം 12 ശതമാനം റിട്ടേൺ പ്രതീക്ഷിച്ചാൽ, വിവിധ പ്രായത്തിൽ നിക്ഷേപം തുടങ്ങുന്നവർ 10 കോടി രൂപയിലെത്താൻ പ്രതിമാസം നിക്ഷേപിക്കേണ്ട തുക ഇതാ:
25-ാം വയസ്സിൽ: വെറും 15,396 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ മതിയാകും.
30-ാം വയസ്സിൽ: തുക 28,329 രൂപയായി വർദ്ധിക്കും.
35-ാം വയസ്സിൽ: പ്രതിമാസം 52,697 രൂപ നിക്ഷേപിക്കേണ്ടി വരും.
40-ാം വയസ്സിൽ: ലക്ഷ്യം പത്തു കോടിയാണെങ്കിൽ പ്രതിമാസ നിക്ഷേപം 1,00,085 രൂപയായി ഉയരും.
കോമ്പൗണ്ടിങ്ങിന്റെ കരുത്ത്
നിക്ഷേപിക്കാൻ കിട്ടുന്ന സമയം കുറയുന്തോറും ലക്ഷ്യത്തിലെത്താൻ വലിയ തുക മാറ്റിവയ്ക്കേണ്ടി വരുമെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. 25 വയസ്സിൽ തുടങ്ങുന്ന ഒരാൾക്ക് 35 വർഷം കോമ്പൗണ്ടിങ്ങിന്റെ ഗുണം ലഭിക്കുമ്പോൾ, 40 വയസ്സിൽ തുടങ്ങുന്നയാൾക്ക് ലഭിക്കുന്നത് 20 വർഷം മാത്രമാണ്. ഇതാണ് നിക്ഷേപ തുകയിൽ വലിയ വ്യത്യാസം വരുത്തുന്നത്.
വിപണിയിലെ റിസ്കും ശ്രദ്ധിക്കണം
വിപണി ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും എസ്ഐപി നിക്ഷേപങ്ങൾ ഗ്യാരണ്ടീഡ് റിട്ടേൺ സ്കീമല്ലെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് ലാഭത്തിൽ മാറ്റങ്ങൾ വരാം. എങ്കിലും ദീർഘകാല നിക്ഷേപകർക്ക് വിപണിയിലെ ഉയർച്ച താഴ്ചകൾ ശരാശരി ചെയ്ത് മികച്ച നേട്ടം കൊയ്യാൻ എസ്ഐപികൾ സഹായിക്കും.
