വാട്സാപ്പിലെ വിവാഹ ക്ഷണക്കത്തിലൂടെ പണി; ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടു, അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയതായും പരാതി
ഉത്തർപ്രദേശിലെ ബിജിനോറിൽ വാട്സപ്പിലൂടെ വിവാഹ ക്ഷണക്കത്തിന്റെ മറവിൽ നടത്തിയ സൈബർ തട്ടിപ്പിൽ നൂറുകണക്കിന് ആളുകളുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടു. പലർക്കും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടമായതായും പൊലീസ് അറിയിച്ചു.
വാട്സപ്പിലൂടെ ലഭിച്ച വിവാഹ ക്ഷണക്കത്ത് ഡൗൺലോഡ് ചെയ്തതോടെയാണ് തട്ടിപ്പ് തുടങ്ങിയത്. ക്ഷണക്കത്തിനൊപ്പം മാൾവെയർ അടങ്ങിയ എ.പി.കെ ഫയൽ സ്വയം ഡൗൺലോഡ് ചെയ്യപ്പെടും. തുടർന്ന് കാർഡ് തുറക്കാൻ ശ്രമിക്കുന്ന ഇരകളെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുകയും, അനുമതി നൽകിയയുടൻ ഫോണിന്റെ നിയന്ത്രണം പൂർണമായി തട്ടിപ്പുകാർക്ക് കൈവശമാകുകയും ചെയ്യും.
ആദ്യമായി തട്ടിപ്പ് പ്രദേശത്തെ കർഷക കൂട്ടായ്മയുടെ വാട്സപ്പ് ഗ്രൂപ്പിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗ്രൂപ്പിലെ ഒരംഗം അബദ്ധവശാൽ മാൾവെയർ അടങ്ങിയ കാർഡ് പങ്കുവെച്ചതിനെ തുടർന്ന്, വനിതാ വിഭാഗം ജില്ലാ അധ്യക്ഷ ഉപ്മ ചൗഹാൻ അത് ഡൗൺലോഡ് ചെയ്തു തുറക്കുകയായിരുന്നു. ഇതോടെ ഉപ്മയുടെ ഫോണിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അവരിലൂടെ തട്ടിപ്പുകാർ അവരുടെ കോൺടാക്ട് ലിസ്റ്റിലുള്ള മുഴുവൻ ആളുകൾക്കും കാർഡ് അയച്ചു. തുടർന്ന്, ലഭിച്ച കാർഡ് തുറന്ന പലരുടെയും ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തി. ധാംപൂരിലെ സതീഷ് കുമാർ കാർഡ് തുറന്നതിനു ശേഷം ബാങ്ക് അക്കൗണ്ടിൽ നിന്ന് ₹2,700 പിൻവലിക്കപ്പെട്ടതായി പൊലീസിൽ പരാതി നൽകി. മാധ്യമപ്രവർത്തകരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ഫോണുകളും ഇതേ രീതിയിൽ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
തുടർച്ചയായി കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് കാർഡ് സന്ദേശം ലഭിക്കാനിടയായതോടെ, പലരും ഫോണുകൾ ഓഫാക്കി വച്ചിരിക്കുകയാണ്. സംഭവത്തിൽ ബിജിനോർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, സൈബർ വിദഗ്ദരുടെ സഹായം തേടുമെന്നും അധികൃതർ അറിയിച്ചു. ഉറവിടം വ്യക്തമല്ലാത്ത ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുതെന്നും വാട്സപ്പിൽ ലഭിക്കുന്ന സംശയാസ്പദമായ ഫയലുകൾ തുറക്കരുതെന്നും സൈബർ സെൽ മുന്നറിയിപ്പ് നൽകി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ട്രൂകോളറിന് ‘ബൈബൈ’; ഇനി വിളിക്കുന്നയാളുടെ പേര് ഫോണിൽ തെളിയും, പ്രത്യേകതകൾ അറിയാം
രാജ്യത്ത് ഫോണിൽ വിളിക്കുന്നയാളുടെ ശരിയായ പേര് നേരിട്ട് പ്രദർശിപ്പിക്കുന്ന സംവിധാനം ഉടൻ യാഥാർത്ഥ്യമാകുന്നു. കോളർ നെയിം പ്രസന്റേഷൻ (CNAP) എന്ന പേരിലുള്ള ഈ സേവനം 2026 മാർച്ചോടെ എല്ലാ ടെലികോം സർക്കിളുകളിലും നടപ്പിലാക്കാൻ ടെലികോം വകുപ്പ് (DoT) സേവനദാതാക്കൾക്ക് നിർദേശം നൽകി.
തട്ടിപ്പ് വിളികൾക്ക് വിരാമമാകുമെന്ന് പ്രതീക്ഷ
ഇപ്പോൾ ഇൻകമിങ് കോളുകൾ വരുമ്പോൾ വിളിക്കുന്നയാളുടെ മൊബൈൽ നമ്പർ മാത്രമാണ് (CLI) കാണിക്കുന്നത്. എന്നാൽ CNAP നടപ്പിലായാൽ സിം എടുക്കുമ്പോൾ നൽകിയ കെവൈസി രേഖകളിലെ പേര് തന്നെയായിരിക്കും സ്ക്രീനിൽ തെളിയുക. ഇതിലൂടെ സ്പാം കോളുകൾ, സാമ്പത്തിക തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ ഒരളവുവരെ തടയാനാകുമെന്നാണ് പ്രതീക്ഷ.
നിലവിൽ ട്രൂകോളർ പോലുള്ള തേർഡ് പാർട്ടി ആപ്പുകളാണ് കോളറിന്റെ പേര് കാണിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ CNAP വഴി സർക്കാർ അംഗീകരിച്ച ഡാറ്റയാണ് ഉപയോഗിക്കുക എന്നതുകൊണ്ട് കൂടുതൽ വിശ്വാസ്യത ഉറപ്പാക്കും.
പൈലറ്റ് പരീക്ഷണങ്ങൾ പുരോഗമിക്കുന്നു
ആദ്യഘട്ടത്തിൽ 4G, 5G ഉപയോക്താക്കൾക്കായിരിക്കും CNAP ലഭ്യമാകുക. പഴയ 2G, 3G നെറ്റ്‌വർക്കുകളിൽ ഇത് നടപ്പിലാക്കാനുള്ള സാങ്കേതിക സാധ്യതകൾ പിന്നീട് പരിശോധിക്കും.
വോഡഫോൺ ഐഡിയ (Vi), ഭാരതി എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയ പ്രമുഖ ടെലികോം കമ്പനികൾ ഇതിനകം ചില വടക്കൻ സർക്കിളുകളിൽ പൈലറ്റ് പ്രോജക്റ്റുകൾ ആരംഭിച്ചിട്ടുണ്ട്. കോളുകൾ വിവിധ നെറ്റ്‌വർക്കുകൾക്കിടയിൽ പേരുകൾ കൃത്യമായി പ്രദർശിപ്പിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ഇന്റർഓപ്പറബിലിറ്റി ടെസ്റ്റുകളും പുരോഗമിച്ചുവരികയാണ്.
സ്വയം ലഭ്യമാകും, ഒഴിവാക്കാനും സൗകര്യം
TRAIയുടെ ശുപാർശകളും DoTയുടെ നിർദേശങ്ങളും അനുസരിച്ച് CNAP സേവനം എല്ലാ ഉപയോക്താക്കൾക്കും സ്വമേധയായും (By Default) ലഭ്യമാകും. എങ്കിലും ഈ ഫീച്ചർ ആവശ്യമില്ലാത്തവർക്ക് സേവനദാതാവുമായി ബന്ധപ്പെട്ടു അത് ഒഴിവാക്കാനുള്ള (Opt-out) സൗകര്യവും ഉണ്ടായിരിക്കും.
പുതിയ സംവിധാനം നടപ്പിലാക്കുമ്പോൾ രാജ്യത്തെ മൊബൈൽ ആശയവിനിമയരംഗത്ത് കൂടുതൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താനാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. തട്ടിപ്പുകാർക്ക് തേർഡ് പാർട്ടി ആപ്പുകളിൽ പോലെ വ്യാജ പേരുകൾ പ്രദർശിപ്പിക്കാനുള്ള സാധ്യതയും ഇതിലൂടെ അവസാനിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഡ്രൈവർമാർ ജാഗ്രത പാലിക്കുക; ഇന്ന് രാത്രി ഖത്തറിൽ മഞ്ഞിന് സാധ്യത
രാജ്യത്തെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ പുറത്ത് വിട്ടതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. ഇതനുസരിച്ച്, ഈ വാരാന്ത്യത്തില്‍ രാത്രികളില്‍ ദൃശ്യപരത കുറയാനും താപനില ഇടിയാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ഈ വാരാന്ത്യത്തില്‍ താപനില 24 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് പരമാവധി 35 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. ഇന്നും നാളെയും ഇതേ തരത്തിലുള്ള കാലാവസ്ഥ തുടരുമെന്നും വകുപ്പ് വ്യക്തമാക്കി.
പകല്‍ സമയത്ത് ചൂടുള്ള കാലാവസ്ഥയും വൈകുന്നേരങ്ങളില്‍ നേരിയതും തണുത്തതുമായ കാലാവസ്ഥയും അനുഭവപ്പെടും. രാത്രി സമയത്ത് മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് 13 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും, കടല്‍ത്തിരമാലകള്‍ നാല് അടി വരെ ഉയരാനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
Comments (0)