ഒന്നര വയസ്സിൽ 150 കാര്യങ്ങളോ? ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിച്ച് പ്രവാസി മലയാളി കുഞ്ഞ്
വെറും ഒന്നര വയസ്സിൽ 150 കാര്യങ്ങൾ തിരിച്ചറിയാനുള്ള അസാധാരണ കഴിവ് തെളിയിച്ച് ഖത്തറിലെ മലയാളി കുഞ്ഞ് അഹ്മദ് അസിയാൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം നേടി. അൽഖോർ നഗരത്തിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശികളായ അൻവർ – ഫായിസ ദമ്പതികളുടെ മകനാണ് അഹ്മദ്. വെറും ഒരു വയസ്സും എട്ട് മാസവും പ്രായമുള്ളതിനിടെയാണീ അതുല്യ നേട്ടം.
അഹ്മദ് 40 വിധ വസ്തുക്കൾ, 20 മൃഗങ്ങൾ, 16 ശരീരഭാഗങ്ങൾ, 13 വാഹനങ്ങൾ, 10 പഴങ്ങൾ, 9 പക്ഷികൾ എന്നിവ തിരിച്ചറിയുകയും അവയുടെ പേരുകൾ വ്യക്തമായി പറയുകയും ചെയ്യുന്നു. കൂടാതെ ആഴ്ചയിലെ ദിവസങ്ങളും അക്കങ്ങളും സുഗമമായി തിരിച്ചറിയുന്ന കഴിവും കുഞ്ഞ് തെളിയിച്ചിട്ടുണ്ട്.
അഹ്മദിന്റെ കഴിവുകൾ മാതാപിതാക്കൾ വീഡിയോയായി രേഖപ്പെടുത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അധികൃതർക്ക് അയച്ചതോടെയാണ് അംഗീകാരം ലഭിച്ചത്. പിന്നീട് മെഡൽ, സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ ഔദ്യോഗിക അംഗീകാരം കുടുംബത്തിനു കൈമാറി.
കുടുംബം ആദ്യം റെക്കോർഡ് ശ്രമത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ലെങ്കിലും, അഹ്മദിന്റെ പ്രതിഭ തിരിച്ചറിഞ്ഞപ്പോൾ അവർ ആവേശഭരിതരായി. നവംബറിൽ നാട്ടിലെത്തുമ്പോൾ കുടുംബാംഗങ്ങളോടൊപ്പം നേട്ടം ആഘോഷിക്കാൻ അവർ പദ്ധതിയിട്ടിരിക്കുന്നു.
ഇത്രയും കുറഞ്ഞ പ്രായത്തിൽ അത്ഭുതകരമായ ഓർമ്മശക്തിയും ബുദ്ധിശേഷിയും പ്രകടിപ്പിച്ച അഹ്മദ്, മറ്റുകുഞ്ഞുങ്ങൾക്ക് പ്രചോദനമാകുന്ന മാതൃകയായിരിക്കുകയാണ്.
Comments (0)