മലേഷ്യയിലേക്ക് പോകും വഴി ഖത്തറിലിറങ്ങി ഡോണൾഡ് ട്രംപ്, ഗാസ വെടിനിർത്തൽ കരാർ ചർച്ചയായി
യൂറോപ്യൻ സന്ദർശനം പൂര്‍ത്തിയാക്കിയ ശേഷം മലേഷ്യയിലേക്കുള്ള യാത്രാമധ്യേ ഖത്തറിൽ ഇറങ്ങിയ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. അടുത്തിടെ പ്രഖ്യാപിച്ച ഗാസ വെടിനിർത്തൽ കരാർ നടപ്പാക്കൽ സംബന്ധിച്ച വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ (Al-Udeid Air Base) ശനിയാഴ്ച വൈകുന്നേരം എയർഫോഴ്‌സ് വൺ വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കൂടിക്കാഴ്ച നടന്നു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയും, യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ചർച്ചകളിൽ പങ്കെടുത്തു.
ഗാസ സമാധാന ഉടമ്പടിയിൽ പ്രധാന പങ്കുവഹിച്ച ഇരുരാജ്യങ്ങളുടെയും നേതാക്കൾ തമ്മിലുള്ള ഈ കൂടിക്കാഴ്ചക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചു. മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങൾ, ഗാസയിലെ യുദ്ധവിരാമ കരാർ നടപ്പാക്കൽ, രണ്ട് രാജ്യങ്ങളുടെയും തന്ത്രപരമായ സഹകരണം എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ. കൂടിക്കാഴ്ചയെക്കുറിച്ച് ഖത്തർ അമീർ തന്റെ എക്‌സ് (മുൻപ് ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ചു. “മിഡിൽ ഈസ്റ്റിലെ സമാധാന പദ്ധതികളെയും ഗാസയിലെ വെടിനിർത്തൽ കരാറിനെയും കുറിച്ച് പ്രാധാന്യമുള്ള ചർച്ചയായി ഈ കൂടിക്കാഴ്ച മാറി,” അമീർ കുറിച്ചു. ഗാസയിലെ വെടിനിർത്തൽ ഉറപ്പാക്കാൻ ഖത്തർ നടത്തിയ ശ്രമങ്ങൾക്ക് ട്രംപ് നന്ദി പ്രകടിപ്പിച്ചു. ജനുവരിയിൽ അധികാരമേറ്റതിന് ശേഷം ട്രംപ് ഏഷ്യയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം ജപ്പാനും ദക്ഷിണ കൊറിയയും സന്ദർശിക്കും. ട്രംപിന്റെ ഏഷ്യൻ പര്യടനത്തിലെ പ്രധാന ആകർഷണമാകുന്നത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ച ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഖത്തറിൽ മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ച സംഭവം; രണ്ടുപേർ പിടിയിൽ
അൽ വക്റ തുറമുഖത്ത് നടന്ന മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. അനധികൃതമായി ഒരു ബോട്ടിൽ നിന്നു മറ്റൊന്നിലേക്ക് വൈദ്യുതി ബന്ധിപ്പിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് സാങ്കേതിക പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് തീപിടിത്തം സംഭവിച്ചത്. നിരവധി മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചെങ്കിലും, ഭാഗ്യവശാൽ ആർക്കും പരിക്കൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം തുറമുഖത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
പ്രവാസികളെ അറിഞ്ഞോ? വിദേശപഠനം ഇനി കൂടുതൽ സുരക്ഷിതം — നോർക്ക റൂട്ട്സിന്റെ ‘സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ’ ഈ വർഷം തന്നെ! തട്ടിപ്പുകൾക്ക് അവസാനമിടാൻ കേരള സർക്കാരിന്റെ നീക്കം
വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി നോർക്ക റൂട്ട്സ് പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിക്കുന്നു. ‘സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ’ എന്ന പേരിൽ രൂപീകരിക്കുന്ന ഈ സംരംഭം കേരള സർക്കാരിന്റെ സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് യാഥാർത്ഥ്യമാകുന്നത്. ഈ വർഷം അവസാനം പോർട്ടൽ പ്രവർത്തനക്ഷമമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കേരള മൈഗ്രന്റ് സർവേയുടെ കണക്കുകൾ പ്രകാരം, ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന മലയാളികളുടെ എണ്ണം കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഗണ്യമായി വർധിച്ചിരിക്കുകയാണ്. 2018-ൽ 1.3 ലക്ഷം പേർ വിദേശപഠനത്തിനായി പോയപ്പോൾ, 2023-ൽ ഈ എണ്ണം 2.5 ലക്ഷമായി ഉയർന്നു.
തട്ടിപ്പുകൾക്ക് അറുതി ലക്ഷ്യം
നിലവിൽ വിദേശപഠനത്തിനായി പോകുന്നവരിൽ ഭൂരിഭാഗം പേരും സ്വകാര്യ ട്രാവൽ ഏജൻസികളുടെ സഹായം തേടുന്നവരാണ്. എന്നാൽ, വിസ നിയമങ്ങൾ, തൊഴിൽ സാധ്യതകൾ, നിയമപരമായ നടപടികൾ തുടങ്ങിയ വിഷയങ്ങളിലെ അറിവില്ലായ്മ മുതലെടുത്ത് നിരവധി ഏജൻസികൾ വിദ്യാർത്ഥികളോട് തട്ടിപ്പ് നടത്തുന്നുവെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഈ നീക്കം സ്വീകരിച്ചത്.
വിദ്യാർത്ഥികൾക്ക് ആധികാരികവും വിശ്വാസയോഗ്യവുമായ വിവരങ്ങൾ നൽകി, സുരക്ഷിതമായ വിദേശപഠന അനുഭവം ഉറപ്പാക്കുന്നതാണ് പോർട്ടലിന്റെ പ്രധാന ലക്ഷ്യം. പോർട്ടൽ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പ് കമ്പനി തിരഞ്ഞെടുക്കാനുള്ള നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
Comments (0)