
അയ്യോ! ഇതെന്തുപറ്റി! യുഎഇയിൽ പ്രവാസികൾ ആശ്രയിക്കുന്ന സൗജന്യ പണമിടപാട് ആപ്പ് പ്രവർത്തനരഹിതം; പ്രതിസന്ധിയിൽ ഉപയോക്താക്കൾ
ദുബായ്: യു.എ.ഇയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൗജന്യമായും വേഗത്തിലും പണം അയക്കാൻ സഹായിച്ചിരുന്ന മൊബൈൽ റെമിറ്റൻസ് ആപ്ലിക്കേഷൻ ‘താൽക്കാലികമായി’ പ്രവർത്തനം നിർത്തിവെച്ചത് പ്രവാസി സമൂഹത്തിൽ ആശങ്കയുണ്ടാക്കി. സിസ്റ്റം നവീകരണം (System Upgrade) ആണ് സേവനം തടസ്സപ്പെടാൻ കാരണമായി കമ്പനി പറയുന്നത്.
ഒരു അന്താരാഷ്ട്ര പിയർ-ടു-പിയർ റെമിറ്റൻസ് കമ്പനിയായ ടാപ്ടാപ് സെൻഡ് (Taptap Send) ഏകദേശം ഒരാഴ്ചയായി പ്രവർത്തിക്കുന്നില്ലെന്ന് ഈ ആപ്പ് സ്ഥിരമായി ഉപയോഗിക്കുന്ന പ്രവാസികൾ അറിയിച്ചു. ശമ്പള ദിനം അടുത്തിരിക്കെയാണ് ഈ പ്രതിസന്ധി എന്നതിനാൽ നാട്ടിലേക്ക് പണം അയക്കാൻ ഒരുങ്ങുന്ന പ്രവാസികൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ആപ്പിലെ സന്ദേശം:
ഉപയോക്താക്കൾ ആപ്പ് തുറക്കുമ്പോൾ കാണിക്കുന്ന അറിയിപ്പിൽ ഇങ്ങനെ പറയുന്നു: “പണം അയക്കുന്നത് താൽക്കാലികമായി ലഭ്യമല്ല. ഞങ്ങളുടെ സേവനം നവീകരിക്കുന്നതിനായി യു.എ.ഇയിൽ നിന്നുള്ള ട്രാൻസ്ഫറുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു. കുറഞ്ഞ ചിലവിലുള്ള, വേഗമേറിയ ട്രാൻസ്ഫർ സേവനം എത്രയും പെട്ടെന്ന് പുനരാരംഭിക്കാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു.”
സൗജന്യ കൈമാറ്റം പ്രവാസികൾക്ക് പ്രിയങ്കരം:
സൗജന്യ ട്രാൻസ്ഫർ ഫീസ്, മികച്ച വിനിമയ നിരക്ക്, വേഗത എന്നിവ കാരണമാണ് ഉപയോക്താക്കൾ ഈ മൊബൈൽ റെമിറ്റൻസ് ആപ്പിനെ ഇഷ്ടപ്പെട്ടിരുന്നത്.
TAPTAP SEND APP
ANDROID https://play.google.com/store/apps/details?id=com.taptapsend&hl=en_IN
I PHONE https://apps.apple.com/us/app/taptap-send-money-transfer/id1413346006
2018-ൽ സ്ഥാപിതമായ ടാപ്ടാപ് സെൻഡ് 2023 ജൂണിലാണ് യു.എ.ഇയിൽ പ്രവർത്തനം ആരംഭിച്ചത്. മൊബൈൽ ബാങ്കിംഗ്, ഡിജിറ്റൽ വാലറ്റുകൾ എന്നിവ പ്രവാസികൾക്കിടയിൽ പ്രചാരത്തിലായതോടെയാണ് ഇത്തരം ആപ്പുകൾ കൂടുതൽ സൗകര്യപ്രദമായത്.
പ്രവർത്തനപരമായ വെല്ലുവിളികൾ:
ലോകത്ത് ഏറ്റവും കൂടുതൽ പണം അയക്കുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണ് യു.എ.ഇയ്ക്ക്. എങ്കിലും ഇവിടുത്തെ പണമിടപാട് വിപണിയിൽ ഇപ്പോഴും പരമ്പരാഗത സ്ഥാപനങ്ങളും പ്രധാന ബാങ്കുകളുമാണ് ആധിപത്യം പുലർത്തുന്നത്.
യു.എ.ഇ. ആസ്ഥാനമായുള്ള സാമ്പത്തിക വിദഗ്ദ്ധൻ ജെ അഡ്രിയാൻ ടൊളന്റിനോ അഭിപ്രായപ്പെട്ടത്, സൗജന്യ ട്രാൻസ്ഫർ വാഗ്ദാനം ചെയ്യുന്നത് കമ്പനികളുടെ വളർച്ചാ തന്ത്രത്തിന്റെ ഭാഗമാണ്. എന്നാൽ ഇത് പ്രവർത്തനപരമായ സുസ്ഥിരതയ്ക്ക് വെല്ലുവിളിയാകും.
“സൗജന്യ ട്രാൻസ്ഫറുകൾ വാഗ്ദാനം ചെയ്യുന്ന ആപ്പുകൾ സാധാരണയായി പണം സമ്പാദിക്കുന്നത് ഫോറെക്സ് സ്പ്രെഡുകൾ (കറൻസി വിനിമയ നിരക്കിലെ വ്യത്യാസം) വഴിയാണ്. യു.എ.ഇ. പോലുള്ള കർശനമായ നിയമങ്ങളുള്ള രാജ്യങ്ങളിൽ ലൈസൻസിംഗ്, കംപ്ലയൻസ് ചെലവുകൾ വർധിക്കുമ്പോൾ, അവർ പ്രവർത്തനങ്ങൾ നിലനിർത്താൻ ചെറിയ ഫീസുകൾ ഏർപ്പെടുത്തുകയോ അല്ലെങ്കിൽ എഫ്.എക്സ്. സ്പ്രെഡുകൾ ക്രമീകരിക്കുകയോ ചെയ്യും,” അദ്ദേഹം വിശദീകരിച്ചു. കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്കിടയിലാണ് ഇത്തരം ആപ്പുകൾക്ക് കൂടുതൽ പ്രചാരമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഈ വർഷം ജൂലൈയിലും യു.എ.ഇ.യിലെ ചില പണമിടപാട് ആപ്ലിക്കേഷനുകളിൽ സാങ്കേതിക തകരാർ കാരണം ഇടപാടുകൾ ദിവസങ്ങളോളം വൈകിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
നെഞ്ചുലഞ്ഞ്, ഉള്ളുതകർന്ന്; മലയാളി വിദ്യാർത്ഥിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഉലഞ്ഞ് യുഎഇയിലെ പ്രവാസി സമൂഹം, സ്കൂളിലെ പരിപാടികൾ മാറ്റിവെച്ചു
ദുബായ് സിറ്റി: ദുബായിലെ പ്രമുഖ സ്കൂളായ ജി.ഇ.എം.എസ് ഔവർ ഓൺ ഇന്ത്യൻ സ്കൂളിലെ മുൻ വിദ്യാർത്ഥിയായ പ്രവാസി മലയാളി വൈഷ്ണവ് കൃഷ്ണകുമാർ (18) അപ്രതീക്ഷിതമായി അന്തരിച്ചതിനെ തുടർന്ന് സ്കൂളിൽ നടക്കാനിരുന്ന എല്ലാ ആഘോഷപരിപാടികളും മാറ്റിവച്ചു. ചൊവ്വാഴ്ച രാത്രിയാണ് വൈഷ്ണവിനെ മരണം കവർന്നത്.
ഈ വർഷം ഓഗസ്റ്റിൽ സ്കൂളിൽ നിന്ന് ബിരുദം നേടിയ വൈഷ്ണവ് കൃഷ്ണകുമാർ മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബായിൽ ബി.ബി.എ മാർക്കറ്റിംഗ് വിദ്യാർത്ഥിയായിരുന്നു. 14 വർഷക്കാലം ഇതേ സ്കൂളിലാണ് വൈഷ്ണവ് പഠിച്ചത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഹൃദയാഘാതമാണ് മരണകാരണം.
വൈഷ്ണവിന്റെ അമ്മ വിധു കൃഷ്ണകുമാർ ഇതേ സ്കൂളിലെ STEAM അധ്യാപികയാണ്. അദ്ദേഹത്തിന്റെ എട്ട് വയസ്സുള്ള ഇളയ സഹോദരിയും ഇവിടെ വിദ്യാർത്ഥിനിയാണ്. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേർന്ന് സ്കൂൾ സമൂഹം അഗാധമായ അനുശോചനം രേഖപ്പെടുത്തി. വൈഷ്ണവിനോടുള്ള ആദരസൂചകമായി വ്യാഴാഴ്ച രക്ഷിതാക്കൾക്ക് നൽകിയ സർക്കുലറിൽ സ്കൂൾ അധികൃതർ എല്ലാ ആഘോഷങ്ങളും മാറ്റിവെച്ചതായി അറിയിച്ചു.
ഒക്ടോബർ 23 (പിങ്ക് ഡേ): ഈ പരിപാടി മറ്റൊരു തീയതിയിൽ വളരെ ലളിതമായി നടത്തും. വിദ്യാർത്ഥികൾ സാധാരണ സ്കൂൾ യൂണിഫോമിൽ എത്തണം.
ഒക്ടോബർ 24 (NIWD): കെ.ജി. മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് നോൺ-ഇൻസ്ട്രക്ഷണൽ വർക്കിംഗ് ഡേ (Non Instructional Working Day – NIWD) റദ്ദാക്കി. കെ.ജി. മുതൽ 12-ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഇത് സാധാരണ പ്രവർത്തി ദിവസമായിരിക്കും.
ഒക്ടോബർ 25 (ഫാമിലി ഫസ്റ്റ് കാർണിവൽ): ഈ പരിപാടി 2025 നവംബർ 8-ലേക്ക് മാറ്റിവച്ചു.
ദീപാവലിയോടനുബന്ധിച്ച് സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുന്നതിനിടെ വൈഷ്ണവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അടുത്ത കുടുംബസുഹൃത്ത് പറഞ്ഞു. ആശുപത്രിയിൽ എത്തിക്കുമ്പോൾ വൈഷ്ണവിന് പൾസ് ഉണ്ടായിരുന്നില്ല.
സ്കൂൾ കൗൺസിൽ ഹെഡ്ഡായി പ്രവർത്തിക്കുകയും അക്കാദമിക് രംഗത്തും സംവാദങ്ങളിലും മികവ് തെളിയിക്കുകയും ചെയ്ത മിടുക്കനായ വിദ്യാർത്ഥിയായിരുന്നു വൈഷ്ണവ്. പ്രത്യേക രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലാത്തതിനാൽ ഈ മരണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുന്നയാണ് ബന്ധുക്കൾ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി കേരളത്തിലേക്ക് കൊണ്ടുപോയി.
മരിക്കുന്നതിന് തൊട്ടുമുമ്പ് ഇന്റേൺഷിപ്പ് ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മൂന്ന് മാസത്തെ അവധി എടുത്തിരിക്കുകയായിരുന്നു വൈഷ്ണവ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യാത്രക്കാരെ പ്രതിസന്ധിയിലാക്കി വിമാനം വൈകൽ; ‘ഭർത്താവിനെ അവസാനമായി കാണാൻ നാട്ടിലേക്ക് പുറപ്പെട്ട യുവതി വിമാനത്തിനുള്ളിൽ ബോധരഹിതയായി’
ദുബായിൽ നിന്ന് മംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് IX-814 വിമാനം അനിശ്ചിതമായി വൈകിയതിനെ തുടർന്ന് യാത്രക്കാർ കനത്ത പ്രതിസന്ധിയിലായി. ബുധനാഴ്ച രാത്രി യുഎഇ സമയം 11.40-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ കയറിയ യാത്രക്കാരെ ഏതാണ്ട് ഒരു മണിക്കൂറോളം ഇരുത്തിയശേഷം പുറത്തിറക്കുകയായിരുന്നു. ഇതോടെ രോഗികളും വയോധികരും കുട്ടികളും സ്ത്രീകളും അടക്കമുള്ള യാത്രക്കാർ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു. ഭർത്താവ് മരിച്ചതിനെ തുടർന്ന് അടിയന്തരമായി നാട്ടിലേക്ക് പോകുന്ന മംഗളൂരു സ്വദേശിനി ബോധരഹിതയായി വീണു, തുടർന്ന് അവർക്കു പ്രാഥമിക ചികിത്സ നൽകി. ഇതുപോലെ അടിയന്തരമായി നാട്ടിലേയ്ക്ക് പോകേണ്ടിയിരുന്ന ഒട്ടേറെ യാത്രക്കാരും വലയേണ്ടി വന്നു. വിമാനത്തിന്റെ വാതിലടയാത്ത സാങ്കേതിക തകരാറാണ് വൈകിയതിന്റെ കാരണം എന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് മണിക്കൂറുകൾ മുൻപേ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് ആദ്യം 1.10ന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും, പിന്നീട് വീണ്ടും വൈകുമെന്ന് അറിയിക്കുകയും ചെയ്തു. യാത്രക്കാർ വിമാനത്തിനകത്ത് ഇരിക്കുമ്പോൾ ചൂട് മൂലം കുട്ടികൾ അസ്വസ്ഥരായി കരയാൻ തുടങ്ങി. ക്യാപ്റ്റൻ പ്രശ്നം ഉടൻ പരിഹരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും യാത്ര വൈകി തുടരുകയായിരുന്നു. സ്ഥിതി വഷളായതോടെ അധികൃതർ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. തുടർന്നു യാത്രക്കാരെ ബസിൽ കയറ്റിയെങ്കിലും അത് ഒരു മണിക്കൂറിലേറെ വിമാനത്താവള പരിധിയിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങി. ഒടുവിൽ പുലർച്ചെ നാലരയോടെ യാത്രക്കാരെ വിമാനത്താവളത്തിനകത്തേക്ക് തിരിച്ചെത്തിച്ചു.
യാത്രക്കാർ പ്രതിഷേധം ശക്തമാക്കിയതോടെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സാങ്കേതിക തകരാർ പരിഹരിക്കാതെ വിമാനം പുറപ്പെടാനാകില്ലെന്നും എല്ലാവരെയും ഹോട്ടലിലേക്ക് മാറ്റുമെന്നും അറിയിച്ചു. ഹോട്ടലിൽ താമസിക്കാൻ താത്പര്യമില്ലാത്തവർക്ക് ടിക്കറ്റ് റദ്ദാക്കി പണം തിരിച്ചു നൽകുമെന്നും അറിയിച്ചതിനെ തുടർന്ന് ഭർത്താവ് മരിച്ച സ്ത്രീയടക്കം ചിലർ മറ്റ് വിമാനങ്ങളിൽ യാത്ര തിരിച്ചു.
എന്നാൽ ഭൂരിഭാഗം യാത്രക്കാരും ഇപ്പോഴും ഹോട്ടലിൽ കാത്തിരിക്കുകയാണ്. അവസാനമായി ലഭിച്ച വിവരമനുസരിച്ച് വിമാനം ഇന്ന് വൈകുന്നേരത്തോടെ പുറപ്പെടുമെന്നാണ് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ആദ്യം ബർഗറും പിന്നീട് ഹോട്ടലിൽ ഭക്ഷണവും നൽകിയതായി റിപ്പോർട്ടുണ്ട്.
*യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
Comments (0)