
യുഎസ് മണ്ണിൽ വ്യോമസേന കേന്ദ്രം നിർമ്മിക്കാനൊരുങ്ങി ഖത്തർ
അമേരിക്കയിലെ ഐഡഹോയിലുള്ള മൗണ്ടൻ ഹോം എയർ ബേസിൽ ഖത്തർ വ്യോമസേനയ്ക്ക് (ഖത്തർ അമീരി എയർഫോഴ്സ്) കേന്ദ്രം സ്ഥാപിക്കാൻ ധാരണയായി. ഇത് സംബന്ധിച്ച സമ്മതപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ദോഹയിൽ ഇസ്രായേൽ വ്യോമാക്രമണം നടന്നതിനെ തുടർന്ന് ഖത്തറിന് സംരക്ഷണം നൽകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടിവ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം. എഫ്-15 യുദ്ധവിമാനങ്ങളും പൈലറ്റുമാരും ഉൾപ്പെടുന്ന വ്യോമസേനാ കേന്ദ്രം നിർമിക്കാൻ ഖത്തറിന് അനുമതി നൽകുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രഖ്യാപിച്ചു. ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനിയുടെ യു.എസ് സന്ദർശന വേളയിലാണ് കരാറിൽ ധാരണയായത്.
സംയുക്ത വ്യോമ പരിശീലനം മെച്ചപ്പെടുത്തുന്നതിനും പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ഖത്തരി എഫ്-15 വിമാനങ്ങളുടെയും പൈലറ്റുമാരുടെയും ഒരു സംഘത്തിന് അമേരിക്കയിൽ ആതിഥേയത്വം ഒരുക്കുമെന്ന് ഹെഗ്സെത്ത് വ്യക്തമാക്കി. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനും, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യു.എസ് പൗരന്റെ മോചനത്തിനുമുള്ള സഹായത്തിനും ഖത്തർ വഹിച്ച മധ്യസ്ഥ ശ്രമങ്ങൾക്ക് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നന്ദി അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഇനി നിങ്ങളുടെ വാട്സ്ആപ്പില്‍ ഫേസ്ബുക്ക് പ്രൊഫൈലും ലിങ്കും ചെയ്യാം; പുതിയ മാറ്റവുമായി മെറ്റ
മെറ്റയുടെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പരസ്പരം ബന്ധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി, വാട്സ്ആപ്പില്‍ ഉടന്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്ക് ചെയ്യാനുള്ള സൗകര്യം വരുന്നു. ഇതിനകം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ലിങ്ക് ചെയ്യാനുള്ള ഫീച്ചര്‍ ലഭ്യമായിരുന്നു. അതേ രീതിയില്‍ ഇനി ഫേസ്ബുക്ക് പ്രൊഫൈലും വാട്സ്ആപ്പ് പ്രൊഫൈല്‍ പേജില്‍ നേരിട്ട് ബന്ധിപ്പിക്കാനാകും. നിലവില്‍ ഈ ഫീച്ചര്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്കാണ് ലഭ്യമെന്ന് WABetaInfo റിപ്പോര്‍ട്ട് ചെയ്തു.
പുതിയ ഫീച്ചര്‍ വഴി വാട്സ്ആപ്പ് പ്രൊഫൈല്‍ പേജില്‍ ‘Add Facebook Profile’ എന്ന ഓപ്ഷന് കാണാനാകും. ഇത് തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ ലിങ്ക് വാട്സ്ആപ്പ് അക്കൗണ്ടുമായി ബന്ധിപ്പിക്കാം. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ലിങ്ക് സൗകര്യത്തിന് പിന്നാലെയാണ് ഇത് വരുന്നത്. മെറ്റയുടെ ഇക്കോസിസ്റ്റം ഏകീകരിക്കാനും, ഐഡന്റിറ്റി വെരിഫിക്കേഷന് എളുപ്പമാക്കാനും, വിവിധ പ്ലാറ്റ്ഫോമുകള് തമ്മില്‍ വേഗത്തിലുള്ള കണക്ഷന് സജ്ജമാക്കാനുമാണ് ഈ നീക്കം. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പിലാണ് ഈ സവിശേഷത പരീക്ഷണം നടത്തിയത്.
വെരിഫിക്കേഷനും ഓപ്ഷനുകളും
ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്ക് ചേര്‍ത്താല്‍ അത് വാട്സ്ആപ്പ് പ്രൊഫൈലില്‍ ദൃശ്യമാകും. എങ്കിലും ഈ സൗകര്യം പൂർണമായും ഓപ്ഷനലാണ് — ലിങ്ക് ചെയ്യണമെന്ന നിർബന്ധമില്ല. ലിങ്ക് ചെയ്ത ശേഷം, മെറ്റ അക്കൗണ്ട് സെന്റർ വഴി ഇരു അക്കൗണ്ടുകളും ഒരേ വ്യക്തിയുടേതാണെന്ന് വെരിഫൈ ചെയ്യാനുള്ള സൗകര്യവും ലഭിക്കും.
വെരിഫൈ ചെയ്ത അക്കൗണ്ടുകള്‍ക്ക് യൂസര്‍ നെയിമിന് സമീപം ചെറിയ ഫേസ്ബുക്ക് ഐക്കൺ പ്രദർശിപ്പിക്കും. അതേസമയം, വെരിഫൈ ചെയ്യാത്ത ലിങ്കുകൾ വേറിട്ട രീതിയിൽ പ്രദർശിപ്പിക്കപ്പെടും. നിലവിൽ വെരിഫൈഡ് സോഷ്യൽ മീഡിയ ലിങ്കുകൾ ബന്ധിപ്പിക്കാനുള്ള സൗകര്യം വാട്സ്ആപ്പ് ബിസിനസ് ഉപയോക്താക്കൾക്കാണ് ഉണ്ടായിരുന്നത്. സാധാരണ ഉപയോക്താക്കളിലേക്കാണ് ഈ ഫീച്ചർ ഇപ്പോൾ എത്തുന്നത്. വേഗത്തിൽ ഈ പുതിയ ഫീച്ചർ ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്കായി പൊതുവായി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
നിങ്ങളുടെ കുട്ടികൾ ഫോണിനായി വാശി കാണിക്കുന്നുണ്ടോ? എങ്കിൽ സഹായത്തിന് പൊലീസ് മാമനെത്തും; വിളിക്കൂ ഡി-ഡാഡിനെ
ഡിജിറ്റൽ വിപ്ലവകാലത്ത് മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമായി മാറിയിരിക്കുകയാണ് സ്മാർട്ട്ഫോൺ അടക്കമുള്ള ഉപകരണങ്ങളുടെ അമിതോപയോഗം. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും പ്രതികൂലമായി ബാധിക്കുമ്പോൾ, ഇതിന് പരിഹാരമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്.
‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി മുഖേന കുട്ടികൾക്ക് കൗൺസിലിംഗ് നൽകി ഡിജിറ്റൽ അടിമത്തത്തിൽനിന്ന് മോചനം നൽകുകയാണ് ലക്ഷ്യം. കേരള പോലീസ് സോഷ്യൽ പൊലീസിങ് വിഭാഗം നടത്തുന്ന ഈ പദ്ധതിയിലൂടെ കുട്ടികളിലെ മൊബൈൽ, ഇന്റർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കുകയാണ് ശ്രമം.
ദേശീയ തലത്തിൽതന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി പൊലീസ് വകുപ്പിലൂടെ നടപ്പാക്കുന്നത്. കൗൺസിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത ഗൗരവമായ പ്രശ്നങ്ങളുള്ള കുട്ടികൾക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ ആറു ജില്ലകളിൽ ഈ പദ്ധതിയുടെ സെന്ററുകൾ പ്രവർത്തിക്കുന്നു.
പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലൂടെ ഡിജിറ്റൽ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും രക്ഷിതാക്കളുടെയും കുട്ടികളുടെയും നേരിട്ടുള്ള കൗൺസിലിംഗും ഫലപ്രദമായി നടത്തിവരുന്നു.
അനിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗം, ഫോൺ ലഭിക്കാത്തതിനാൽ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധക്കുറവ് തുടങ്ങിയവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്. അമിത ദേഷ്യം, അക്രമ സ്വഭാവം, വിഷാദം, ആത്മഹത്യാ പ്രവണത, പഠനത്തിലെ വീഴ്ച തുടങ്ങിയ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും സഹായം ലഭിക്കുക.
മനശാസ്ത്ര വിദഗ്ധരുടെ മേൽനോട്ടത്തിൽ തെറാപ്പിയും കൗൺസിലിംഗും മാർഗനിർദേശങ്ങളും നൽകുന്നുണ്ട്. ആരോഗ്യം, വനിതാ-ശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ പദ്ധതി മുന്നോട്ട് പോകുന്നു.
സഹായത്തിനായി 9497900200 എന്ന നമ്പറിലൂടെ ‘ഡി-ഡാഡ്’ സെന്ററുകളുമായി ബന്ധപ്പെടാം. ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
Comments (0)