
രണ്ടുമാസത്തെ വേനലവധി കഴിഞ്ഞു; ഖത്തറിൽ സ്കൂളുകൾ ഇന്ന് മുതൽ സജീവം
ദോഹ: രണ്ടുമാസത്തെ വേനലവധി കഴിഞ്ഞ് ഖത്തറിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ സ്കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ വീണ്ടും സജീവം. രാജ്യത്തെ സർക്കാർ സ്കൂളുകൾക്ക് പുതിയ അധ്യയന വർഷമാണ് ആരംഭിക്കുന്നതെങ്കിൽ, ഇന്ത്യൻ സ്കൂളുടെ രണ്ടാം പാദത്തിനാണ് തുടക്കമായത്. മൂന്നര ലക്ഷത്തിലേറെ വിദ്യാർഥികളാണ് രണ്ടുമാസം നീണ്ട വേനലവധിക്കാലത്തിന് ശേഷം ക്ലാസ് മുറികളിലെത്തുന്നത്. അവധിയാഘോഷിക്കാനായി നാട്ടിലേക്ക് പോയ മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി തിരിച്ചെത്തിയിരുന്നു.
കിൻഡർ ഗാർഡനുകൾ ഉൾപ്പെടെ രാജ്യത്ത് 629 വിദ്യാലയങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 278 ഗവൺമെന്റ് സ്കൂളുകളും 351 സ്വകാര്യ സ്കൂളുകളുമുണ്ട്. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 1.37 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നത്. സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 2.28 ലക്ഷവുമാണ്. ഈ വർഷം പൊതുമേഖലയിൽ പത്ത് പുതിയ സ്കൂളുകൾക്ക് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ലുല്വാ ബിൻത്ത് റാഷിദ് അൽ ഖാത്തർ ഒപ്പുവെച്ച മന്ത്രാലയ ഉത്തരവ് പ്രകാരം, പുതിയ 12 പ്രിൻസിപ്പൽ നിയമനങ്ങളും പ്രഖ്യാപിച്ചു. സ്കൂളുകളിൽ സുരക്ഷാ സംവിധാനങ്ങളും വികസന പ്രവർത്തനങ്ങളും മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ക്ഷേമവും, വിദ്യാഭ്യാസ നിലവാരവും ഉയർത്തുക എന്നതാണ് പുതിയ അധ്യയന വർഷത്തെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)