Posted By user Posted On

അമീബിക് മസ്തിഷ്‌കജ്വരം; 24 മണിക്കൂറിനിടെ 2 മരണം, കൈക്കുഞ്ഞും സ്ത്രീയും മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്നു രണ്ടുപേർ മരിച്ചു. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂർ കാപ്പിൽ കണ്ണേത്ത് റംല(52)യുമാണ് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.

കഴിഞ്ഞ 28 ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. കുഞ്ഞിന് രോ​ഗം ബാധിച്ചത് കിണറ്റിൽനിന്നുള്ള വെള്ളത്തിൽ നിന്നാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. സാമ്പിൾ പരിശോധിച്ചപ്പോൾ അമീബയുടെ സാന്നിധ്യം കിണറ്റിലെ വെള്ളത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

അതേസമയം, കഴിഞ്ഞ ഒന്നരമാസമായി ചികിത്സയിലായിരുന്നു റംല. രോഗലക്ഷണത്തെ തുടർന്ന് ജൂലായ് ഏഴിനാണ് ചികിത്സ തുടങ്ങിയത്. ഭേദമാകാതായതോടെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.

സ്ഥിതി വഷളായതോടെ ഓഗസ്റ്റ് നാലിന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെത്തുടർന്ന് വാർഡിലേക്കു മാറ്റിയിരുന്നു. എന്നാൽ, വീണ്ടും ജ്വരവും ഛർദിയും തുടങ്ങിയതോടെ ആരോഗ്യനില വഷളായി. ഞായറാഴ്‌ച പുലർച്ചെ മരിച്ചു.

ഭർത്താവ്: മുഹമ്മദ് ബഷീർ. മക്കൾ: മുഹമ്മദ് റാഷിദ്, മുഹമ്മദ് യാസർ, റഹിയാനത്ത്. മരുമക്കൾ: അനീസുന്നീസ, ജസീല, മുഹമ്മദ് അനീസ്.

എന്താണ് അമീബിക് മസ്തിഷ്‌കജ്വരം?

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *