
കുഞ്ഞുങ്ങൾക്ക് സ്വാഗതം! ഖത്തറിൽ ആദ്യ സർക്കാർ കിന്റർഗാർട്ടൻ ഈ വർഷം തുറക്കും
govt-run kindergarten പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഖത്തറിലെ ആദ്യ സർക്കാർ കിന്റർഗാർട്ടൻ ഈ അധ്യയന വർഷം (2025-26) പ്രവർത്തനമാരംഭിക്കും. വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിലുള്ള ഈ കിന്റർഗാർട്ടൻ അൽ-ജിവൻ കിന്റർഗാർട്ടൻ ഫോർ ഏർലി ഇന്റർവെൻഷൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.
സമഗ്ര വിദ്യാഭ്യാസവും നേരത്തെയുള്ള പിന്തുണയും ഉറപ്പാക്കുകയെന്ന മന്ത്രാലയത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത് സ്ഥാപിക്കുന്നത്. ഇവിടെ കുട്ടികളുടെ പഠന, വികസന വെല്ലുവിളികൾ മറികടക്കാൻ സഹായിക്കുന്ന പ്രത്യേക പരിപാടികളും വിഭവങ്ങളും ലഭ്യമാക്കും.
ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി ഇക്കാര്യം വ്യക്തമാക്കി. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധതയാണ് ഈ സ്ഥാപനം അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ കിന്റർഗാർട്ടനുകൾക്ക് പുറമെ, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) വികസിപ്പിച്ച എട്ട് പുതിയ സ്കൂളുകളും ഈ വർഷം തുറക്കും. പ്രാഥമികം, പ്രിപ്പറേറ്ററി, സെക്കൻഡറി തലങ്ങളിലുള്ള ഈ സ്കൂളുകൾക്ക് അത്യാധുനിക സൗകര്യങ്ങളുണ്ടായിരിക്കും.
വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൽ അധ്യാപകർക്ക് പ്രധാന പങ്കുണ്ടെന്നും അവരുടെ പ്രൊഫഷണൽ വളർച്ചയ്ക്കും പരിശീലനത്തിനും മന്ത്രാലയം മുൻഗണന നൽകുമെന്നും ഡോ. അൽ നുഐമി കൂട്ടിച്ചേർത്തു. കൂടാതെ, വടക്കൻ ഖത്തറിൽ പെൺകുട്ടികൾക്കായി ഒരു പുതിയ ടെക്നിക്കൽ സ്കൂൾ സ്ഥാപിക്കുന്നതുൾപ്പെടെ കൂടുതൽ പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. നിലവിലുള്ള നിരവധി സ്കൂളുകളുടെ നവീകരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഖത്തറിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യക്കും വിദ്യാർത്ഥികളുടെ എണ്ണത്തിനും അനുസരിച്ച് കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പാഠ്യപദ്ധതി പരിഷ്കരിക്കുക, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഡിജിറ്റൽ പഠനരീതിയിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കും മന്ത്രാലയം മുൻഗണന നൽകുന്നുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)