
വാഹന രജിസ്ട്രേഷൻ ഡിസംബർ 31വരെ സമയം നീട്ടി
ദോഹ: വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള സമയപരിധി നീട്ടി ഖത്തർ. ഡിസംബർ 31 വരെയാണ് നീട്ടിയത്. കൃത്യമായി വാഹന രജിസ്ട്രേഷൻ, അഥവാ ഇസ്തിമാറ പുതുക്കാത്ത വാഹനങ്ങൾ നിയമാനുസൃതമാക്കാൻ ഒരു മാസത്തെ സമയമാണ് ജനറൽ ട്രാഫിക് ഡയറക്ടേറ്റ് നൽകിയിരുന്നത്. ജൂലൈ 27 മുതൽ ആഗസ്റ്റ് 27 വരെയായിരുന്നു അനുവദിക്കപ്പെട്ടിരുന്ന സമയം. പുതുക്കൽ കേന്ദ്രങ്ങളിലെ തിരക്കും ഉപയോക്താക്കളുടെ സൗകര്യവും കണക്കിലെടുത്താണ് സമയപരിധി ഈ വർഷം അവസാനം വരെ നീട്ടിയത്.
ഡിസംബർ 31ന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ അംഗീകൃത ഗൾഫ് നിലവാരം പാലിച്ചില്ലെങ്കിലും നിയന്ത്രണങ്ങളില്ലാതെ വിൽക്കാനും പ്രദർശിപ്പിക്കാനുമാകും. ഷോറൂമുകളിലും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലും ഇതനുവദിക്കും. അതിനു ശേഷം രജിസ്റ്റർ ചെയ്ത വാഹനങ്ങൾ നിലവാരം പാലിച്ചില്ലെങ്കിൽ വിൽപനയോ പ്രദർശനമോ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്ക് ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങൾ രജിസ്ട്രിയിൽനിന്ന് നീക്കം ചെയ്യുമെന്ന് നേരത്തെ ജനറൽ ട്രാഫിക് ഡയറക്ടേറ്റ് മുന്നറിയിപ്പു നൽകിയിരുന്നു. വാഹനങ്ങളുടെ സാങ്കേതിക പരിശോധനക്ക് പരമാവധി 15 മിനിറ്റു വരെയാണ് സമയമെടുക്കുകയെന്നും ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ മെട്രാഷ് വഴിയാണ് രജിസ്ട്രേഷൻ പുതുക്കേണ്ടത്. ഇതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)