
ഗസ്സ നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രായേൽ: ശക്തമായി അപലപിച്ച് ഖത്തർ
ദോഹ: ഗസ്സ മുനമ്പിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായേൽ തീരുമാനത്തെ ശക്തമായി അപലപിച്ച് ഖത്തർ. ഈ നടപടി പ്രതിസന്ധി സങ്കീർണമാക്കുകയും വെടിനിർത്തലിനുള്ള ശ്രമങ്ങളെ തകർക്കുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പുനൽകി. യുദ്ധം മൂലം ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ് മേഖലയിലുള്ളത്. ഇസ്രായേലിന്റെ ഈ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണം.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും യു.എൻ പ്രമേയങ്ങളും ഇസ്രായേൽ തുടർച്ചയായി ലംഘിക്കുകയാണ്. പട്ടിണിയെ യുദ്ധതന്ത്രമായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ഗസ്സ മുനമ്പിലേക്ക് തടസ്സമില്ലാതെയും സുരക്ഷിതമായും സഹായം എത്തിക്കാൻ അന്താരാഷ്ട്ര സമൂഹം സമ്മർദം ചെലുത്തണം.
ഫലസ്തീൻ ജനതയുടെ അവകാശങ്ങളെയും പ്രതിരോധത്തെയും പിന്തുണച്ച ഖത്തർ 1967 ലെ അതിർത്തികളെ അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഗസ്സ നഗരത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ തീരുമാനത്തെ കഴിഞ്ഞദിവസം ഇസ്രായേൽ സുരക്ഷ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)