
രൂപക്ക് ഇടിവ്; കത്തിക്കയറി ഖത്തർ റിയാൽ
ദോഹ: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവുവന്നതോടെ രൂപയുമായുള്ള വിനിമയ നിരക്കിൽ ഖത്തർ റിയാലിനു മുന്നേറ്റം. ബുധനാഴ്ച രാവിലെ എക്സി റിപ്പോർട്ടു പ്രകാരം 24ന് മുകളിൽ ഇന്ത്യൻ രൂപയാണ് ഒരു ഖത്തർ റിയാലിന് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച 23.7 ഇന്ത്യൻ രൂപയാണ് ഒരു ഖത്തർ റിയാലിന് രേഖപ്പെടുത്തിയതെങ്കിൽ ബുധനാഴ്ചയോടെ അത് 24.11 വരെ എത്തി.
ഇന്ത്യൻ കയറ്റുമതിയിൽ യു.എസ് ഉയർന്ന താരിഫ് നിരക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇന്ത്യൻ രൂപയുടെ ദുർബലാവസ്ഥക്ക് കാരണമായത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയും രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും രൂപക്ക് ആഘാതമായി. ഇതോടെ ബുധനാഴ്ച യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ മാർച്ച് പകുതിക്ക് ശേഷമുള്ള ഏറ്റവും ദുർബലമായ നിലയിലേക്ക് താഴ്ന്നു. ബുധനാഴ്ച യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ മാർച്ചിനുശേഷം ആദ്യമായി റെക്കോഡ് താഴ്ചയിലേക്ക് ഇടിഞ്ഞ് 87.15ലെത്തി.
ഇതിന് പിറകെ രൂപയുമായുള്ള വിനിമയ നിരക്കിൽ ജി.സി.സി രാജ്യങ്ങളിലെ കറൻസികൾ ഉയർച്ച കൈവരിച്ചു. ഖത്തർ, കുവൈത്ത്, യു.എ.ഇ, സൗദി, ഒമാൻ, ബഹ്റൈൻ കറൻസികൾ ഉയർന്ന വിനിമയ നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. അയക്കുന്ന പണത്തിന് കൂടുതൽ നിരക്ക് ലഭിക്കുമെന്നതിനാൽ വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്.
നാട്ടിലേക്ക് പണം അയക്കാന് നിരവധി പേർ ഈ സമയം പ്രയോജനപ്പെടുത്താറുണ്ട്. എക്സി റിപ്പോർട്ടിനേക്കാൾ അൽപം താഴ്ചന്ന നിരക്കാണ് ലഭിക്കുക എങ്കിലും മികച്ച വിനിമയ മൂല്യം ലഭിച്ചതോടെ പണം അയക്കാൻ എക്സേഞ്ചുകളിൽ എത്തുന്നവരുടെയും എണ്ണം കൂടി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)