
ഭക്ഷണത്തെ യുദ്ധായുധമാക്കുന്ന ഇസ്രായേൽ നയത്തിനെതിരെ നിലപാട് ആവർത്തിച്ച് ഖത്തർ
ദോഹ: ഭക്ഷണത്തെ യുദ്ധായുധമായി ഉപയോഗിക്കുന്ന ഇസ്രായേൽ നയത്തിനെതിരെ നിലപാട് ആവർത്തിച്ച് ഖത്തർ. ഫലസ്തീനിൽ സമാധാനപരമായ പ്രശ്നപരിഹാരത്തിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുമായി അന്താരാഷ്ട്ര തലത്തിൽ ഇടപെടൽ ആവശ്യമാണെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സമ്മേളനം പ്രത്യാശയുടെ ഒരു കിരണമാണ്. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുള്ള പ്രായോഗിക നടപടികൾക്ക് വഴിയൊരുക്കുകയും സംഘർഷങ്ങൾക്ക് നീതിയുക്തവും സമഗ്രവും ശാശ്വതവുമായ പരിഹാരം ഉറപ്പാക്കുകയും മുഴുവൻ മേഖലയിലും സമാധാനവും സുരക്ഷയും ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു വർഷമായി ഇസ്രായേൽ ഗസ്സ മുനമ്പിൽ നടത്തുന്ന ഭീകരമായ ആക്രമണങ്ങൾക്ക് നാം സാക്ഷ്യം വഹിക്കുകയാണ്. സ്ത്രീകളും കുട്ടികളും അടക്കം രണ്ട് ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന അതിരൂക്ഷമായ മാനുഷിക ദുരന്തത്തിന് വഴിയൊരുക്കി. നമ്മുടെ മനഃസ്സാക്ഷിയിൽ ഏറ്റവും വേദനാജനകവും ക്രൂരവുമായ ദൃശ്യങ്ങൾ നാം കണ്ടു. ഉപരോധത്തിൽ തളർന്നുപോയവർ, പട്ടിണി കിടക്കുന്ന സാധാരണക്കാർ, ഒരു കഷ്ണം റൊട്ടിയോ ഒരു ബാഗ് മാവോ അല്ലെങ്കിൽ തങ്ങളുടെ കുട്ടികൾക്ക് കൊടുക്കാൻ ഒരു ഭക്ഷണമോ ലഭിക്കുമെന്ന പ്രതീക്ഷയിൽ വരിയിൽ കാത്തുനിൽക്കുമ്പോൾ കൊല്ലപ്പെടുന്നവർ -പ്രധാനമന്ത്രി തുടർന്നു.
ഇത്രയും ക്രൂരമായ ആക്രമണങ്ങൾക്കുശേഷം എന്ത് സമാധാനമാണ് സൃഷ്ടിക്കാൻ സാധിക്കുക? ഈ ഭീകരമായ സാഹചര്യത്തെ നേരിടാൻ, നിരപരാധികളുടെ ജീവൻ രക്ഷിക്കാനും ദുരിതങ്ങൾ ലഘൂകരിക്കാനും തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാനും നയതന്ത്രപരമായ എല്ലാ ശ്രമങ്ങളും ഖത്തർ തുടരും. സിവിലിയന്മാർക്കുനേരെയുള്ള എല്ലാ ആക്രമണങ്ങളെയും അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഈ സമ്മേളനം നിലവിലുള്ള ഏറ്റവും പഴക്കമേറിയ സമാധാന-സുരക്ഷാ പ്രശ്നമാണെന്നും ഇപ്പോഴും അവശേഷിക്കുന്ന കൊളോണിയൽ അനീതിയുടെ തുടർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ചരിത്രപരമായ സമ്മേളനം സംഘടിപ്പിച്ചതിന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിനെയും സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനെയും പ്രധാനമന്ത്രി അഭിനന്ദനിച്ചു.
Comments (0)