
ഇറാന്റെ മിസൈൽ ആക്രമണം: സൈനിക ഇടപെടലുകൾ പങ്കുവെച്ച് പ്രതിരോധ മന്ത്രാലയം
ദോഹ: അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത മിസൈലുകൾ ഖത്തറിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഹ്രസ്വ ഡോക്യുമെന്ററി പങ്കുവെച്ച് പ്രതിരോധ മന്ത്രാലയം. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഖത്തർ പ്രതിരോധ മന്ത്രാലയം വിഡിയോ പങ്കുവെച്ചത്.
മേഖലയിലെ സംഘർഷം രൂക്ഷമായതു മുതൽ ഖത്തർ അധികൃതർ സ്വീകരിച്ച ഇടപെടലുകൾ ഡോക്യുമെന്ററിയിൽ വിവരിക്കുന്നു. ആശങ്കയുടെ മണിക്കൂറുകളിൽ ഇറാൻ തൊടുത്ത മിസൈലുകൾ ഖത്തറിന്റെ പ്രതിരോധസേന മിസൈൽവേധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർക്കുന്നതും തുടർന്ന് സ്വീകരിച്ച പ്രവർത്തനങ്ങളും വിഡിയോയിൽ പറയുന്നു.
മേഖലയിലെ സംഘർഷം രൂക്ഷമായത് മുതൽ രാജ്യം അതിജാഗ്രതയിലായിരുന്നു. റാപിഡ് റെസ്പോൺസ് എയർക്രാഫ്റ്റുകളുടെയും നാവിക കപ്പലുകളുടെയും വിന്യാസം വർധിപ്പിച്ച് ഖത്തർ സായുധ സേന സജ്ജീകരണം നടത്തിയിരുന്നതായി പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ആഴ്ചകൾക്ക് മുമ്പുതന്നെ വ്യോമസേനയുടെ വിമാനങ്ങൾ തുടർച്ചയായി നിരീക്ഷണം നടത്തിയിരുന്നു.
സ്ഥിതിഗതികൾ രൂക്ഷമായതോടെ രാജ്യത്തിന്റെ വ്യോമാതിർത്തി വഴിയുള്ള വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു.ജൂൺ 23ന് ഖത്തർ പ്രാദേശിക സമയം 7.29ന് അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമാക്കിവന്ന ആദ്യഘട്ടത്തിലെ എല്ലാ മിസൈലുകളെയും ഖത്തറിന്റെ റഡാർ സംവിധാനങ്ങൾ കണ്ടെത്തി നശിപ്പിച്ചു. എല്ലാ മിസൈലുകളും പ്രതിരോധസേന വിജയകരമായി തകർത്തു. അൽ ഉദൈദ് വ്യോമതാവളത്തിൽ പതിച്ച ഒരു മിസൈൽ ഒഴികെ എല്ലാ മിസൈലുകളും രണ്ടാം ഘട്ടത്തിലും തടഞ്ഞു- ഉദ്യോഗസ്ഥർ വിഡിയോയിൽ പങ്കുവെക്കുന്നു. രാത്രി 7.49ഓടെ എല്ലാ ആക്രമണങ്ങളും അവസാനിച്ചു.
അൽ ഉദൈദ് വ്യോമതാവളത്തിനുള്ളിൽ പതിച്ച മിസൈൽ ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്ന് ഖത്തർ സായുധ സേന സ്ഥിരീകരിച്ചു. തുടർന്ന് ഖത്തർ അമീരി സായുധസേന, മിലിറ്ററി പൊലീസ് സേന, സെൻട്രൽ ഫയർ ഡിപ്പാർട്ട്മെന്റ്, ആന്റി-വെപ്പൺ മാസ് ഡിസ്ട്രക്ഷൻ ഡിഫൻസ് യൂനിറ്റ് എന്നീ സേനകൾക്ക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ച സ്ഥലങ്ങളിലേക്ക് പോകാൻ നിർദേശവും നൽകി. ഈ സമയം തീപിടിത്തത്തെക്കുറിച്ച് ഒരു റിപ്പോർട്ട് ലഭിച്ചിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)