Posted By user Posted On

ഖത്തറില്‍ കണ്ണിനെ ബാധിക്കുന്ന ഗ്ലോക്കോമ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

ദോഹ: ഖത്തറില്‍ കണ്ണിനെ ബാധിക്കുന്ന ഗ്ലോക്കോമ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അന്ധതയ്ക്ക് കാരണമായ ഒരു പ്രധാന നേത്രരോഗമാണ് ഗ്ലോക്കോമ. ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) കേന്ദ്രങ്ങളിലെ നേത്രചികിത്സാ ക്ലിനിക്കുകളില്‍ നിരവധിപേരാണ് ഇതിനായി ചികിത്സ തേടുന്നത്. ഇതില്‍ മുതിര്‍ന്ന രോഗികളില്‍ പകുതിയില്‍ താഴെ പേര്‍ക്ക് മാത്രമേ ഗ്ലോക്കോമയെക്കുറിച്ച് അവബോധം ഉള്ളുവെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് റിസര്‍ച്ച് ഇന്‍ മെഡിക്കല്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കാഴ്ചശക്തി നഷ്ടപ്പെടുന്നതുവരെ ലക്ഷണങ്ങളില്ലാതെ രോഗം പടരുന്നതിനാല്‍ ഗ്ലോക്കോമയെ ‘നിശബ്ദനായ കാഴ്ച മോഷ്ടാവ്’ (കാഴ്ചയുടെ നിശബ്ദ കൊലയാളി) എന്നും വിളിക്കാറുണ്ട്. അതിനാല്‍ പതിവ് നേത്ര പരിശോധനകളിലൂടെ നേരത്തെ രോഗം കണ്ടെത്തുന്നത് നിര്‍ണായകമാണ്. എന്നിരുന്നാലും, രോഗത്തെക്കുറിച്ചുള്ള പൊതുജന അവബോധം കുറവായതിനാല്‍ ഖത്തറില്‍ സമയബന്ധിതമായ രോഗനിര്‍ണയത്തിനും ചികിത്സയും തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും പഠന കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.

പ്രായമായവര്‍ക്കും ഗ്ലോക്കോമയുടെ കുടുംബാംഗങ്ങളുള്ളവര്‍ക്കും രോഗം പെട്ടന്ന് പിടിപെടാനുള്ള സാധ്യതയുണ്ട്. കണ്ണിലെ സമ്മര്‍ദ്ദം കൂടുമ്പോഴാണ് ഗ്ലോക്കോമ എന്ന അവസ്ഥയിലേക്ക് മാറുന്നത്. അത് തലച്ചോറിലേക്ക് ദൃശ്യവിവരങ്ങള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തും. അതുമൂലം കാഴ്ചനഷ്ടപ്പെടാനും സാധ്യതയുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *