Posted By user Posted On

യുഎഇയിലെ ഈ എമിറേറ്റ്സിലെ 12 സ്വകാര്യ സ്കൂളുകളിൽ 11, 12 ക്ലാസുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്ക്

അക്കാദമിക് നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ 12 സ്വകാര്യ സ്കൂളുകളിൽ 11, 12 ക്ലാസുകളിലേക്ക് പുതിയ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് താൽക്കാലികമായി നിരോധിച്ച് അബുദാബി വിദ്യാഭ്യാസ വകുപ്പ് (ആഡെക്) ഉത്തരവിട്ടു. ഗ്രേഡ് ഇൻഫ്ലേഷനും (മാർക്ക് പെരുപ്പിക്കൽ) അക്കാദമിക് രേഖകളിലെ പൊരുത്തക്കേടുകളും കണ്ടെത്താനായി ആരംഭിച്ച സമഗ്ര പരിശോധനയുടെ ഭാഗമാണിത്. ഹൈസ്കൂൾ ഗ്രേഡുകൾ വിദ്യാർഥികളുടെ യഥാർത്ഥ പ്രകടനത്തിന്റെയും പഠന നിലവാരത്തിന്റെയും പ്രതിഫലനമാണെന്ന് ഉറപ്പാക്കുകയാണ് പുതിയ ക്ലംപ്ലയൻസ് ഇനിഷ്യേറ്റീവിന്റെ ആദ്യ ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. ആന്തരിക ഗുണനിലവാര പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളാണ് ഈ തീരുമാനത്തിന് പിന്നിൽ. വിദ്യാർഥികളുടെ സ്കൂളിലെ ആന്തരിക ഗ്രേഡുകളും ബാഹ്യ ബെഞ്ച്മാർക്ക് പരീക്ഷകളിലെ പ്രകടനവും തമ്മിൽ വ്യത്യാസങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ആഡെക് ഈ നടപടി സ്വീകരിച്ചത്. വിദ്യാർഥികളുടെ യോഗ്യതകളുടെ വിശ്വാസ്യത സംരക്ഷിക്കാൻ ഈ നടപടികൾ അത്യാവശ്യമാണെന്ന് ആഡെക് വ്യക്തമാക്കി.

ഗ്രേഡ് ഇൻഫ്ലേഷൻ വിദ്യാർഥികളുടെ പഠനനിലവാരത്തെ തെറ്റായി ചിത്രീകരിക്കുന്നതിനൊപ്പം വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള വിശ്വാസം ഇല്ലാതാക്കുകയും നീതിയുക്തമായ അക്കാദമിക് മത്സരത്തെ പരിമിതപ്പെടുത്തുകയും ചെയ്യും. തുടക്കമെന്ന നിലയിൽ,ഈ 12 സ്കൂളുകൾ ഗ്രേഡ് 12 വിദ്യാർഥികളുടെ വിശദമായ അക്കാദമിക് രേഖകൾ സമർപ്പിക്കണം. ട്രാൻസ്ക്രിപ്റ്റുകൾ, ഗ്രേഡിങ് രീതികൾ, മൂല്യനിർണയ മാതൃകകൾ, ബിരുദാനന്തര ആവശ്യകതകളുടെ രേഖകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഗ്രേഡ് ഇൻഫ്ലേഷന്റെ രീതികൾ, ക്രെഡിറ്റ് അനുവദിക്കുന്നതിലെ പൊരുത്തക്കേടുകൾ, രേഖപ്പെടുത്തിയ ഗ്രേഡുകളും വിദ്യാർഥിയുടെ യഥാർത്ഥ പ്രകടനവും തമ്മിലുള്ള വ്യത്യാസങ്ങൾ എന്നിവ കണ്ടെത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യഥാർത്ഥ അക്കാദമിക് നേട്ടങ്ങളിലൂടെയാണ് ഓരോ വിദ്യാർഥിയും ബിരുദം നേടേണ്ടതെന്നും അമിതമായി നൽകിയ മാർക്കുകളിലൂടെയോ വിശ്വാസയോഗ്യമല്ലാത്ത ആന്തരിക മൂല്യനിർണയങ്ങളിലൂടെയോ ആകരുതെന്നും മുന്നറിയിപ്പ് നൽകി. ഈ പരിശോധന ഉടൻ തന്നെ 9 മുതൽ 11 വരെയുള്ള ക്ലാസുകളിലേക്കും വ്യാപിപ്പിക്കും.

ഭാവിയിലെ ഘട്ടങ്ങളിൽ ആന്തരിക ഗ്രേഡുകളെ ബാഹ്യ പരീക്ഷാ ഫലങ്ങളുമായി താരതമ്യം ചെയ്യുകയും സ്കൂളുകളിലുടനീളമുള്ള വ്യവസ്ഥാപരമായ പ്രശ്നങ്ങൾ കണ്ടെത്താൻ ദീർഘകാല പ്രവണതകൾ വിലയിരുത്തുകയും ചെയ്യും. നിയമലംഘനം കണ്ടെത്തുന്ന സ്കൂളുകൾക്ക് നിർബന്ധിത തിരുത്തൽ നടപടികൾ ഉൾപ്പെടെയുള്ള കൂടുതൽ ഭരണപരമായ നടപടികൾ നേരിടേണ്ടി വരുമെന്നും അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *