
സ്വർണാഭരണങ്ങളടങ്ങിയ പൊതി ബന്ധുവിനെ ഏൽപ്പിക്കാൻ ക്രമീകരണം; ആത്മഹത്യയ്ക്ക് മുൻകൂട്ടി പദ്ധതിയിട്ടു, ഫോൺ ഭർത്താവ് കൈക്കലാക്കി
ഷാർജ∙ ഷാർജ അൽ നഹ്ദയിൽ ഒന്നര വയസുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയൻ(33) സംഭവത്തിന് കുറച്ചുനാൾ മുൻപ് തന്നെ തീരുമാനിച്ചിരുന്നതായി തെളിഞ്ഞു. യുവതി ബന്ധുവായ ഗുരുവായൂർ സ്വദേശിനിക്ക് തന്റെ സ്വർണാഭരണങ്ങളടങ്ങിയ പൊതി ഏൽപ്പിക്കാൻ സുഹൃത്തിനെ ഏൽപ്പിച്ച ശേഷമായിരുന്നു മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. താൻ നാട്ടിലേക്ക് പോവുകയാണെന്നും പൊതി ബന്ധുവിനെ രണ്ട് ദിവസം കഴിഞ്ഞ് ഏൽപ്പിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. സ്വർണാഭരണങ്ങൾ കൂടാതെ, ബാങ്ക് എടിഎം കാർഡുകൾ, നാട്ടിലെ ബാങ്ക് ലോക്കറിന്റെ താക്കോൽ, ആയിരം ദിർഹം എന്നിവയും പൊതിയിലുണ്ടായിരുന്നു. വിപഞ്ചികയുടെ സഹോദര ഭാര്യയുടെ അടുത്ത ബന്ധുവാണ് ഗുരുവായൂർ സ്വദേശിനി. താനും മകളും നാട്ടിലേക്ക് പോവുകയാണെന്നും തിരിച്ചു വരുന്നതുവരെയ്ക്കും സൂക്ഷിക്കാനാണ് കൈമാറുന്നതെന്നായിരുന്നു സുഹൃത്തിനോട് വിപഞ്ചിക പറഞ്ഞിരുന്നത്. നേരിട്ട് ബന്ധുവിന് കൈമാറിയാൽ നാട്ടിലേക്ക് പോകുന്നു എന്ന് കള്ളം പറയാനാകില്ല എന്നതായിരുന്നു ഇടയ്ക്ക് സുഹൃത്തിനെ കൂടി ഇതിലുൾപ്പെടുത്തിയതെന്നാണ് ബന്ധു സ്ത്രീ കരുതുന്നത്. വിപഞ്ചികയെ ഏറെ കാലമായി അറിയാം. അവൾക്ക് ഭർത്താവുമായുള്ള പ്രശ്നവും നന്നായി അറിയാമായിരുന്നു. ഞങ്ങൾ ഇടയ്ക്ക് ഫോണിൽ കുറേ നേരം സംസാരിക്കും. പലപ്പോഴും നേരിട്ടും. നിതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു, മകളെ ഒട്ടും പരിഗണിക്കുന്നില്ല എന്നൊക്കെ വിഷമിച്ചുകൊണ്ട് വിവരിക്കുമ്പോൾ, ഇതൊക്കെ അനുഭവിച്ച് ജീവിക്കുന്നതിലും നല്ലത് വിവാഹ മോചനം നേടുന്നതല്ലേ എന്ന് ഉപദേശിക്കുമായിരുന്നു. മകൾക്ക് രണ്ടര വയസെങ്കിലും ആയിക്കഴിഞ്ഞാൽ അതിന് തയ്യാറാണെന്നായിരുന്നു മറുപടി.
Comments (0)