Posted By user Posted On

‘ഒരു ലക്ഷം ദിർഹം ഫീസ് നൽകിയാൽ ആജീവനാന്ത ഗോൾഡൻ വീസ’; മാപ്പ് പറഞ്ഞ് കമ്പനി

ആജീവനാന്ത ഗോൾഡൻ വീസ നൽകുമെന്നു പ്രചരിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പ് പറഞ്ഞ് ദുബായിൽ‌ പ്രവർത്തിക്കുന്ന റയാദ് ഗ്രൂപ്പ്. ഗോൾഡൻ വീസ എടുക്കുന്നതിന് ആവശ്യമായ മാർഗനിർദേശം നൽകുകയായിരുന്നു കമ്പനിയുടെ ലക്ഷ്യമെന്നും ഇതു സംബന്ധിച്ചുണ്ടായ ആശയകുഴപ്പങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും ഒരു മാധ്യമത്തിന് നൽകിയ കുറിപ്പിൽ റയാദ് ഗ്രൂപ്പ് വ്യക്തമാക്കി. ഒരു ലക്ഷം ദിർഹം ഫീസ് നൽകിയാൽ ആജീവനാന്ത ഗോൾഡൻ വീസ ലഭിക്കുമെന്നും യുഎഇയിൽ വരാതെ ഇന്ത്യക്കാർക്കും ബംഗ്ലദേശികൾക്കും സ്വന്തം നാട്ടിൽ നിന്ന് അപേക്ഷിക്കാമെന്നും റയാദ് ഗ്രൂപ്പ് അറിയിച്ചിരുന്നു. ഇതിനെതിരെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) രംഗത്തു വന്നതോടെയാണ് മാപ്പ് പറഞ്ഞു കമ്പനി രംഗത്തു വന്നത്.

വീസ നടപടികൾ സർക്കാരിൽ നിക്ഷിപ്തമാണെന്നും യോഗ്യരായ വ്യക്തികൾക്ക് ഗോൾഡൻ വീസ ലഭിക്കുന്നതിന് മാർഗനിർദേശം നൽകാൻ കഴിയുമോ എന്നതിന്റെ സാധ്യതയാണ് കമ്പനി തേടിയതെന്നും കുറിപ്പിൽ പറയുന്നു. വീസ നൽകാനുള്ള എല്ലാ അധികാരവും യുഎഇ സർക്കാരിനാണ്. അതിനെ മറികടക്കാൻ ഉദ്ദേശിച്ചിരുന്നില്ല. നിയമപരമായ വഴിയിലൂടെ മാത്രം വീസയ്ക്ക് അപേക്ഷിക്കാനുള്ള മാർഗനിർദേശം മാത്രമാണ് കമ്പനി നൽകാൻ ഉദ്ദേശിച്ചത്.

ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ അറിയിപ്പു നൽകുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കുമെന്നും നിയമത്തിന് അനുസൃതമായ വിവരങ്ങൾ മാത്രമേ പങ്കുവയ്ക്കൂ എന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ആശയകുഴപ്പങ്ങളുടെ പശ്ചാത്തലത്തിൽ ഗോൾഡൻ വീസയുമായി ബന്ധപ്പെട്ട ഉപദേശ, മാർഗ നിർദേശ പദ്ധതി ഉപേക്ഷിക്കുകയാണെന്നും കമ്പനി അറിയിച്ചു. റയാദ് ഗ്രൂപ്പിന്റെ സേവനങ്ങൾ സംബന്ധിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുക മാത്രമായിരുന്നു ചുമതലയെന്നു വിവാദത്തിൽ ഉൾപ്പെട്ട വിഎഫ്എസ് ഗ്ലോബലിന്റെ ഇടിഎം സർവീസസും വിശദീകരിച്ചു.

ഗോൾഡൻ വീസ എടുക്കാൻ താൽപര്യമുള്ളവരുടെ വിവരങ്ങൾ റയാദ് ഗ്രൂപ്പിനു കൈമാറുക മാത്രമായിരുന്നു ജോലി. താൽപര്യമുള്ളവരുടെ പ്രൊഫൈൽ വീസയ്ക്കായി കൈമാറുന്നത് അടക്കം മുഴുവൻ ചുമതലകളും റയാദ് ഗ്രൂപ്പാണ് ചെയ്തിരുന്നതെന്നും വിഎഫ്എസ് അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *